ചിദംബരത്തിന്‍റെ സംവിധാനത്തിൽ തിയേറ്ററുകളിലെത്തി വിജയക്കുതിപ്പ് തുടരുന്ന സിനിമയാണ് 'മഞ്ഞുമ്മൽ ബോയ്‌സ്'. ഫെബ്രുവരി 22ന് തിയേറ്ററുകളിലെത്തിയ ഈ ചിത്രം ആദ്യദിനം മുതൽ തന്നെ ഗംഭീര അഭിപ്രായമാണ് നേടുന്നത്. കേരളത്തിൽ മാത്രമല്ല റിലീസ് ചെയ്‌ത മറ്റ് സംസ്ഥാനങ്ങളിൽ നിന്നും 'മഞ്ഞുമ്മൽ ബോയ്‌സ്' മികച്ച പ്രതികരണം നേടുകയാണ്. ഇപ്പോഴിതാ 'മഞ്ഞുമ്മൽ ബോയ്‌സി'ന് കൈയ്യടിച്ച് രംഗത്തെത്തിയിരിക്കുകയാണ് നടനും നിർമ്മാതാവും തമിഴ്‌നാട് യുവജനക്ഷേമ - സ്‌പോർട്‌സ് മന്ത്രിയുമായ ഉദയനിധി സ്റ്റാലിന്‍.
'ജസ്റ്റ് വൗ' എന്നാണ് ഉദയനിധി ചിത്രത്തെ വിശേഷിപ്പിച്ചത്. എക്‌സിലൂടെ ആയിരുന്നു അദ്ദേഹത്തിന്‍റെ പ്രതികരണം. 'മഞ്ഞുമ്മല്‍ ബോയ്‌സ് കണ്ടു. ജസ്റ്റ് വൗ! മിസ്സാക്കാതെ തീർച്ചയായും കാണണം. അണിയറക്കാര്‍ക്ക് എല്ലാ അഭിനന്ദനങ്ങളും' ഉദയനിധിയുടെ പോസ്റ്റ് ഇങ്ങനെ. ഗോകുലം മുവീസിനെയും അദ്ദേഹം ടാഗ് ചെയ്‌തിട്ടുണ്ട്.
മലയാളത്തിലെ യുവതാരനിര അണിനിരന്ന സിനിമയാണ് 'മഞ്ഞുമ്മൽ ബോയ്‌സ്'. 'ജാൻ-എ-മൻ' സിനിമയ്‌ക്ക് ശേഷം ചിദംബരം സംവിധാനം ചെയ്‌ത ഈ ചിത്രത്തിൽ സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ബാലു വർഗീസ്, ഗണപതി, ലാൽ ജൂനിയർ, നടൻ സലിം കുമാറിന്‍റെ മകൻ കൂടിയായ ചന്തു സലിം കുമാർ, അഭിറാം രാധാകൃഷ്‌ണൻ, ദീപക് പറമ്പോൽ, ഖാലിദ് റഹ്‌മാൻ, അരുൺ കുര്യൻ, വിഷ്‌ണു രഘു തുടങ്ങിയവരാണ് കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്.