മുംബൈ:ചലചിത്ര താരം അനുപം ഖേറിന്റെ വീട്ടില്‍ കവര്‍ച്ച നടത്തിയ രണ്ട് പേര് അറസ്റ്റില്‍. റഫീഖ് മജീദ് ഷെയ്ഖ് (35), മുഹമ്മദ് ദില്‍ഷാദ് അബ്ദുള്‍ ഖാന് (30) എന്നിവരാണ് പിടിയിലായത്. മോഷ്ടിച്ച സിനിമയുടെ റീല്‍ അടക്കം പ്രതികളില്‍ നിന്നും പൊലീസ് കണ്ടെത്തി. ഈ മാസം 19നാണ് കേസിനാസ്പദമായ സംഭവം.
രാത്രി 9 മണിക്ക് ഓഫിസ് അടച്ചതിന് പിന്നാലെയാണ് മോഷണം നടന്നത്. ഓഫിസിന്റെ പൂട്ട് തകര്‍ത്ത് മോഷ്ടാക്കള്‍ അകത്ത് കയറുകയായിരുന്നു. അനുപം ഖേറിന്റെ കമ്പനി നിര്‍മിച്ച സിനിമയുടെ റീലും നാലര ലക്ഷം രൂപയും രണ്ടായിരം രൂപ വിലവരുന്ന ലോക്കറുമാണ് ഇരുവരും കവര്‍ന്നത്.
തൊട്ടടുത്ത ദിവസം രാവിലെ ഓഫിസ് തുറക്കാനെത്തിയ മാനേജരാണ് മോഷണം നടന്നതായി കണ്ടത്. തുടര്‍ന്ന് ഓഫിസിന് അകത്ത് കയറി പരിശോധിച്ചപ്പോഴാണ് പണവും റീലും ലോക്കറും മോഷണം പോയതായി കണ്ടെത്തിയത്. തുടര്‍ന്ന് അമ്പോളി പൊലീസില്‍ പരാതി നല്കി. പരാതിയുടെ അടിസ്ഥാനത്തില്‍ പരിശോധന നടത്തിയ പൊലീസ് സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു.