സൂര്യ നായകനായ ബിഗ് ബഡ്‌ജറ്റ് ചിത്രമാണ് കങ്കുവ ആഗോളതലത്തില്‍ ഇന്നലെ (നവംബര്‍14) യാണ് പ്രദര്‍ശനത്തിന് എത്തിയത്. സമ്മിശ്ര പ്രതികരണവുമായി മുന്നേറിക്കൊണ്ടിരിക്കുന്ന ചിത്രം തിയേറ്ററില്‍ എത്തി മണിക്കൂറുകള്‍ക്കകം വ്യാജ പതിപ്പ് പുറത്തിറങ്ങിയിരിക്കുകയാണ്. തമിള്‍റോക്കോഴ്‌സ്, ടെലിഗ്രാം, ടോറന്‍റ് പോലുള്ള പ്ലാറ്റ്‌ഫോമുകളില്‍ കങ്കുവയുടെ വ്യാജ പ്രിന്‍റ് പ്രചരിക്കുന്നുവെന്ന് കണ്ടെത്തിയിട്ടുണ്ട്.
1080p മുതല്‍ 240p വരെ ക്വാളിറ്റിയിലാണ് ചിത്രത്തിന്‍റെ വ്യാജ പതിപ്പ് പ്രചരിക്കുന്നത്. ഇത്തരം പ്ലാറ്റ്‌ഫോമുകള്‍ ഉപയോഗിക്കുന്നവര്‍ക്ക് എളുപ്പം തിരഞ്ഞ് ഫയല്‍ ഡൗണ്‍ലോഡ് ചെയ്യാവുന്ന വിധത്തിലാണ് ഇതുമായി ബന്ധപ്പെട്ട സേര്‍ച്ച് വേഡുകളും തയാറാക്കിയിരിക്കുന്നത്. ഇതുകൂടാതെ ചില ഓണ്‍ലൈന്‍ പ്ലാറ്റ്‌ഫോമുകളിലും കങ്കുവയുടെ വ്യാജ പതിപ്പ് പുറത്തിറങ്ങിയിട്ടുണ്ട്.
ചിത്രം ചോര്‍ത്തിയവര്‍ക്കെതിരെ കര്‍ശന നടപടിയെടുക്കുമെന്ന് നിര്‍മാതാക്കാളായ സ്‌റ്റുഡിയോ ഗ്രീന്‍ വ്യക്തമാക്കി. ആന്‍റി പൈറസി ടീം സജ്ജരായിക്കഴിഞ്ഞു. ചിത്രത്തിന്‍റെ വ്യാജപതിപ്പ് പ്രചരിപ്പിക്കരുതെന്നും അത്തരക്കാര്‍ നിയമനടപടിക്ക് വിധേയരാകുമെന്നും അവര്‍ മുന്നറിയിപ്പ് നല്‍കി. ആഗോളവ്യാപകമായി 38 ഭാഷകളിലാണ് കങ്കുവ റിലീസായത്. സിരുത്തൈ ശിവയാണ് ചിത്രം സംവിധാനം ചെയ്‌തത്.
സ്‌റ്റുഡിയോ ഗ്രീനിന്‍റെ ബാനറിൽ കെ ഇ ജ്ഞാനവേല്‍ രാജ, യു വി ക്രിയേഷൻസിന്‍റെ ബാനറിൽ വംശി പ്രമോദ് എന്നിവർ ചേർന്നാണ് ചിത്രം നിര്‍മിച്ചത്. 350 കോടി ബജറ്റിലാണ് ചിത്രം ഒരുങ്ങിയത്. പിരീഡ് ആക്ഷന്‍ ഡ്രാമ വിഭാഗത്തിലായാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. വമ്പന്‍ റിലീസായി ശ്രീ ഗോകുലം മൂവീസിന്‍റെ ബാനറിൽ ഗോകുലം ഗോപാലൻ ആണ് 'കങ്കുവ'യെ കേരളത്തിലെ തിയേറ്ററുകളിലെത്തിച്ചത്.