കേരളം

kerala

ETV Bharat / entertainment

മലയാളിയെ വാനോളം ചിരിപ്പിച്ച നടിയും അവതാരകയുമായ സുബിയുടെ ഓര്‍മയ്ക്ക് ഒരു വയസ് - സുബി സുരേഷ്

ഹാസ്യലോകത്തെ സൂപ്പർ സ്റ്റാർ, സുബി സുരേഷിന്‍റെ ഓർമകളിൽ മലയാളക്കര

Subi Suresh death  Remembering Subi Suresh  Suresh death anniversary  സുബി സുരേഷ്  സുബി സുരേഷ് ചരമവാർഷികം
Subi Suresh

By ETV Bharat Kerala Team

Published : Feb 22, 2024, 3:48 PM IST

ന്നും ചിരിച്ചുമാത്രം കണ്ട മുഖം, ചുറ്റുമുള്ളവരിലേക്കും ആ ചിരി പകർന്നുനൽകിയ സുബി സുരേഷ്. ബിഗ് സ്‌ക്രീനിലും മിനി സ്‌ക്രീനിലും മലയാളിയ്‌ക്ക് ഏറെ പരിചിതമാണ് സുബിയെ. ചിരിക്കുടുക്ക, ഒരുപക്ഷേ സുബിയെ അങ്ങനെ വിളിക്കാനാകും മലയാളിക്കിഷ്‌ടം. തനതായ ഹാസ്യശൈലി കൊണ്ട് പ്രേക്ഷകഹൃദയങ്ങൾ കീഴടക്കിയ ചലച്ചിത്ര നടിയും ടെലിവിഷൻ അവതാരകയുമായ സുബി സുരേഷ് കണ്ണീർ ഓർമയായിട്ട് ഇന്നേക്ക് ഒരു വർഷമാവുകയാണ് (Subi Suresh first death anniversary).

മിമിക്രിയും ഹാസ്യവും മോണോ ആക്‌ടുമെല്ലാം പുരുഷ മേൽക്കോയ്‌മയിൽ പുതഞ്ഞുകിടന്ന കാലത്താണ് സുബിയുടെ വരവ്. കൊച്ചിൻ കലാഭവനിലൂടെ മുഖ്യധാരയിലേക്ക് അവൾ കടന്നുവന്നു. സ്റ്റേജ് ഹാസ്യ പരിപാടികളിൽ പിന്നീടവൾ നിറസാന്നിധ്യമായി. ഒട്ടേറെ സീരിയലുകളിലും ഇരുപതിലേറെ സിനിമകളിലും അഭിനയിച്ചിട്ടുള്ള സുബി വിവിധ ടെലിവിഷൻ പരിപാടികളുടെ അവതാരകയായും കൈയ്യടി നേടി.

എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറയിൽ ആയിരുന്നു സുബിയുടെ ജനനം. സ്‌കൂൾ പഠനകാലത്ത് തന്നെ നർത്തകിയായി പേരെടുക്കാൻ സുബിക്കായി. ഒപ്പം മിമിക്രിയിലും മോണോ ആക്‌ടിലും കുഞ്ഞു സുബി തിളങ്ങി. കൊച്ചിൻ കലാഭവനിൽ ചേർന്നതോടെ പുതിയൊരു ലോകം സുബിയ്‌ക്ക് മുന്നിൽ തുറക്കപ്പെട്ടു.

'സിനിമാല' എന്ന ഹാസ്യ പരിപാടിയാണ് ടെലിവിഷനിൽ സുബിയ്‌ക്ക് ഒരു ഇരിപ്പിടം ഉറപ്പിച്ചത്. നിരവധി വിദേശ വേദികളിലും പരിപാടികൾ അവതരിപ്പിക്കാൻ സുബിയ്‌ക്കായി. ജയറാം നായകനായ 'കനകസിംഹാസനം' എന്ന ചിത്രത്തിലൂടെ ആയിരുന്നു സുബിയുടെ സിനിമ പ്രവേശം. രാജസേനനാണ് ഈ ചിത്രം സംവിധാനം ചെയ്‌തത്.

പിന്നീട് 'പഞ്ചവർണ തത്ത', 'ഡ്രാമ', '101 വെഡിങ്', 'ഗൃഹനാഥൻ', 'കില്ലാഡി രാമൻ', 'ലക്കി ജോക്കേഴ്‌സ്', 'എൽസമ്മ എന്ന ആൺകുട്ടി', 'തസ്‌കര ലഹള', 'ഹാപ്പി ഹസ്‌ബൻഡ്‌സ്', 'ഡിറ്റക്‌റ്റീവ്', 'ഡോൾസ്', 'ജെന്‍റിൽമാൻ' തുടങ്ങിയ സിനിമകളിൽ വേഷമിട്ടു. ഇതിനിടെ ടെലിവിഷനിലും സുബി സജീവ സാന്നിധ്യമായി. സുബി അവതരിപ്പിച്ച പരിപാടികൾ ജനപ്രീതിയുടെ കാര്യത്തിൽ മുൻപന്തിയിലായിരുന്നു.

ഇതിനിടെയിലാണ് കരള്‍രോഗം സുബിയുടെ ജീവൻ കവരുന്നത്. ഞെട്ടലോടെയാണ് മലയാളികൾ ആ ദുരന്തവാർത്ത കേട്ടത്, 2023 ഫെബ്രുവരി 22ന് സുബി ലോകത്തോട് വിടപറഞ്ഞു. 'ഞാൻ ഒന്ന് വർക് ഷോപ്പിൽ കയറി'- തന്‍റെ രോഗ വിവരം ആരാധകരെ സുബി അറിയിച്ചത് ഇങ്ങനെ പറഞ്ഞുകൊണ്ടായിരുന്നു.

ദുർഘടമായ നിമിഷങ്ങളിലും നർമത്തെ കൂട്ടുപിടിച്ച സുബി. രോഗത്തെ അതിജീവിച്ച് സുബി മടങ്ങിവരുമെന്ന് തന്നെയാണ് ഓരോ മലയാളികളും കരുതിയത്. എന്നാൽ എല്ലാ കണക്കുകൂട്ടലും തെറ്റിച്ച്, ആരാധകരെയും പ്രിയപ്പെട്ടവരെയും ഞെട്ടിച്ച്, മരിക്കാത്ത ചിരി ബാക്കിയാക്കി സുബി മാഞ്ഞകന്നു. മിക്രിയിലെ, ഹാസ്യലോകത്തെ സൂപ്പർ സ്റ്റാറിന് കണ്ണീർ പ്രണാമം.

ABOUT THE AUTHOR

...view details