മലയാള സിനിമയിൽ സംഭവിച്ച് കൊണ്ടിരിക്കുന്ന അരക്ഷിതാവസ്ഥ നടൻ തിലകൻ നേരത്തെ തന്നെ ചൂണ്ടിക്കാട്ടിയിരുന്നുവെന്ന് നടനും തിലകന്‍റെ മകനുമായ ഷമ്മി തിലകൻ. ലൈംഗികാരോപണ വിധേയരായ പ്രമുഖർക്ക് അറസ്‌റ്റ് അടക്കമുള്ള കാര്യങ്ങൾ നേരിടേണ്ടി വരുന്നത് തിലകൻ എന്ന നടന് ലഭിക്കുന്ന ആത്‌മശാന്തിയാണെന്നും ഷമ്മി തിലകൻ പ്രതികരിച്ചു. വിഷയവുമായി ബന്ധപ്പെട്ട് ഷമ്മി തിലകന്‍ ഇടിവി ഭാരതിനോട് സംസാരിച്ചു.
കഴിഞ്ഞ കുറച്ച് വർഷങ്ങളായി താന്‍ അച്ഛന്‍റെ മരണാനന്തര കർമ്മങ്ങൾ ചെയ്യുന്നില്ലെന്നും ഇനി ബ്രഹ്‌മാവ് നേരിട്ടിറങ്ങി വന്നാല്‍ പോലും അച്ഛന് ആത്‌മശാന്തി ലഭിക്കില്ലെന്നും ഷമ്മി തിലകന്‍ പറഞ്ഞു. ഹേമ കമ്മറ്റി റിപ്പോർട്ടിനെ തുടർന്നും, ലൈംഗിക ആരോപണങ്ങളെ തുടർന്നും മലയാള സിനിമ നേരിടുന്ന പ്രതിസന്ധികളെ കുറിച്ചും നടന്‍ പ്രതികരിച്ചു.
"പുത്രൻ എന്നാൽ പിതാവിനെ ത്രാണനം ചെയ്യുന്നവൻ എന്നാണ് അർത്ഥം. കഴിഞ്ഞ ആറ് വർഷമായി ഞാൻ അച്ഛന്‍റെ മരണാനന്തര കർമ്മങ്ങൾ ചെയ്യുന്നില്ല. ഇനി അങ്ങോട്ട് ചെയ്യാൻ ഉദ്ദേശിക്കുന്നുമില്ല. ബ്രഹ്‌മാവ് നേരിട്ട് ഇറങ്ങി വന്നാൽ പോലും തിലകന് ആത്‌മശാന്തി ലഭിക്കുകയില്ല.
തിലകനായിരുന്നു ശരിയെന്ന് കാലം തെളിയിക്കുന്നുണ്ട്. അച്ഛനെ കുറ്റപ്പെടുത്തിയവരും ഒറ്റപ്പെടുത്തിയവരും നേരിടുന്ന തിക്‌താനുഭവങ്ങൾ തന്നെയാണ് അതിന് ഉദാഹരണം."- ഷമ്മി തിലകൻ പ്രതികരിച്ചു.
അമ്മ എന്ന സംഘടനയിലെ കൊള്ളരുതായ്‌മകൾക്കെതിരെ ആദ്യം ശബ്‌ദം ഉയർത്തിയത് തിലകൻ ആയിരുന്നുവെന്നും അതുകൊണ്ട് തന്നെ തിലകനെ ഒരു മദ്യപാനിയായി മുദ്രകുത്തിയെന്നും അദ്ദേഹം പറഞ്ഞു. പിൽക്കാലത്ത് തിലകന്‍റെ എതിർപ്പുകൾ മദ്യപാനിയുടെ അധിക പ്രസംഗമായി വരുത്തി തീർത്തെന്നും ഇതിനായി പ്രമുഖ നടന്‍മാരുടെ ഫാൻസുകാര്‍ അടക്കമുള്ളവര്‍ പ്രവര്‍ത്തിച്ചെന്നും ഷമ്മി തിലകന്‍ പറഞ്ഞു.
"സംഘടന ചർച്ചയ്ക്കിടെ തിലകന് മദ്യപിക്കാൻ അനുവാദം നൽകിയത് പോലും ഈ പറയുന്ന പ്രമുഖരാണ്. മദ്യപിച്ച് കുഴപ്പങ്ങൾ കാണിക്കുന്ന ഒരാളാണെങ്കിൽ മദ്യപിക്കാനുള്ള അനുവാദം സംഘടന നൽകുമോ. ഒരാൾ സത്യം വിളിച്ചു പറയുമ്പോൾ അയാൾ മദ്യലഹരിയിൽ പുലമ്പുകയാണെന്നൊക്കെ അടിസ്‌ഥാനമില്ലാതെ കരിവാരിത്തേയ്‌ക്കാൻ ശ്രമിക്കുകയായിരുന്നു.
1995ൽ തിരുവനന്തപുരം, എറണാകുളം, കോഴിക്കോട് എന്നിവിടങ്ങളിൽ അമ്മ സംഘടന ഒരു ഷോ നടത്തുകയുണ്ടായി. ഷോയിൽ താമസിച്ചെത്തിയതിന്‍റെ പേരില്‍ ജയറാം, അശോകൻ, ശോഭന എന്നിവരെക്കൊണ്ട് മാപ്പ് പറയുന്ന പ്രവർത്തിക്കെതിരെയാണ് തിലകൻ ആദ്യം സംഘടനയിൽ ശബ്‌ദം ഉയർത്തിയത്.
'അവരൊക്കെ നമ്മുടെ കുട്ടികളാണ്. ഒരു വീട്ടിൽ കുട്ടികൾ താമസിച്ചെത്തിയാൽ ശാസിക്കാം, മാപ്പ് പറയിപ്പിക്കുന്നത് ഒരുതരം കാടത്തമാണ്' -എന്ന് തിലകൻ സംഘടനാ മീറ്റിംഗിൽ വാദിച്ചിരുന്നു. അന്നത് മാധ്യമങ്ങളൊക്കെ വലിയ വാർത്തയാക്കിയ വിഷയമായിരുന്നു." -ഷമ്മി തിലകന്‍ പറഞ്ഞു.