ഹൈദരാബാദ് :സൽമാൻ ഖാൻ്റെ അടുത്ത ചിത്രമായ സിക്കന്ദറിൽ നായികയായി രശ്മിക മന്ദാന. നദിയാദ്വാല ഗ്രാൻഡ്സൺ എൻ്റർടെയ്ൻമെൻ്റിൻ്റെ ബാനറിൽ സാജിദ് നദിയാദ്വാലയാണ് ചിത്രം നിർമിക്കുന്നത്. 2014-ൽ 'കിക്ക്' റിലീസ് ചെയ്തതിന് ശേഷം സാജിദിനൊപ്പം സൽമാൻ ഖാൻ്റെ തിരിച്ചുവരവാണ് ഈ ചലച്ചിത്രം. ഇപ്പോൾ പ്രീ-പ്രൊഡക്ഷൻ പുരോഗമിക്കുന്ന ചിത്രം ഉടൻ ചിത്രീകരണം ആരംഭിക്കുകയും 2025 ഈദിന് റീലീസ് ചെയ്യുകയും ചെയ്യുമെന്നാണ് റിപ്പോര്‍ട്ടുകള്‍.
"നിങ്ങൾ വളരെക്കാലമായി അടുത്ത അപ്ഡേറ്റിനായി എന്നോട് ആവശ്യപ്പെടുന്നു, ഇതാ.. സിക്കന്ദറിൻ്റെ ഭാഗമാകാൻ കഴിഞ്ഞതിൽ ഞാൻ അഭിമാനിക്കുന്നു. 2025 ഈദിനാണ് റിലീസ്." -ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെയാണ് ഈ വാർത്ത രശ്മിക പങ്കുവച്ചത്.
അനിമലിൻ്റെ വൻ വിജയത്തിന് ശേഷം താരം ഇപ്പോൾ തന്റെ പുതിയ ഹിന്ദി ചിത്രത്തിനായി കൈ കൊടുത്തിരിക്കുകയാണ്. സൽമാൻ ഖാൻ, സംവിധായകൻ എആർ മുരുഗദോസ്, നിർമാതാവ് സാജിദ് നദിയാദ്വാല എന്നിവര്‍ക്കൊപ്പമുള്ള രശ്മികയുടെ ആദ്യ പ്രോജക്ടാണിത്. വ്യാഴാഴ്ചയാണ് ചിത്രത്തിൻ്റെ അണിയറപ്രവർത്തകർ രശ്മിക അഭിനയിക്കുന്ന കാര്യം അറിയിച്ചത്.