എറണാകുളം: സംവിധായകനും ചലച്ചിത്ര അക്കാദമി മുൻ ചെയർമാനുമായ രഞ്‌ജിത്തിനെ പ്രത്യേക അന്വേഷണ സംഘം ചോദ്യം ചെയ്‌തു. രാവിലെ 11:30 ഓടെ കൊച്ചിയിലെ എഐജി ഓഫീസിലേയ്‌ക്ക് വിളിച്ച് വരുത്തിയായിരുന്നു ചോദ്യം ചെയ്യല്‍. ലൈംഗികാതിക്രമ കേസുകളിലായിരുന്നു ചോദ്യം ചെയ്യല്‍.
ഐജി പൂങ്കുഴലിയുടെ നേതൃത്വത്തിലുള്ള സംഘമാണ് രഞ്ജിത്തിനെ ചോദ്യം ചെയ്‌തത്. രഞ്ജിത്തിനെതിരെയുള്ള ബംഗാളി നടിയുടെ ലൈംഗികാതിക്രമ പരാതിയിൽ, ആദ്യം എറണാകുളം നോർത്ത് പൊലീസാണ് കേസെടുത്തത്. തുടർന്ന് പ്രത്യേക അന്വേഷണ സംഘത്തിന് കേസ് കൈമാറുകയായിരുന്നു.
രഞ്ജിത്ത് സംവിധാനം ചെയ്‌ത 'പാലേരി മാണിക്യം' സിനിയുമായി ബന്ധപ്പെട്ട ചർച്ചകൾക്കായി നടിയെ ഫ്ലാറ്റിലേക്ക് ക്ഷണിച്ച് പീഡിപ്പിക്കാൻ ശ്രമിച്ചെന്ന ആരോപണത്തെ തുടര്‍ന്നാണ് രഞ്ജിത്തിനെതിരെ കേസെടുത്തത്.
ആദ്യം തൻ്റെ കയ്യിൽ സ്‌പർശിക്കുകയും, പിന്നീട് ലൈംഗിക ഉദ്ദേശത്തോടെ ശരീരത്തിൻ്റെ മറ്റ് ഭാഗങ്ങളിലേയ്‌ക്ക് കൈ നീട്ടുകയും ചെയ്‌തുവെന്നാണ് നടിയുടെ പരാതി. അദ്ദേഹത്തിൻ്റെ ഉദ്ദേശം സിനിമയെ സംബന്ധിക്കുന്ന ചർച്ചയല്ലെന്നും ലൈംഗിക ഉദ്ദേശത്തോടെയാണെന്നും മനസ്സിലാക്കിയ താൻ ഫ്ലാറ്റിൽ നിന്ന് രക്ഷപ്പെട്ട് താമസിക്കുന്ന ഹോട്ടലിലേക്ക് മടങ്ങി. കൊച്ചി കടവന്ത്രയിലെ ഫ്ലാറ്റിൽ വെച്ചാണ് തനിക്ക് ഈ ദുരനുഭവം ഉണ്ടായതെന്നാണ് നടിയുടെ ആരോപണം.
പശ്ചിമ ബംഗാളിലെ കൊൽക്കത്ത സ്വദേശി എന്ന നിലയിൽ, കുറ്റകൃത്യം നടന്ന സമയത്ത് ഇന്ത്യൻ ശിക്ഷാ നിയമത്തിലെ സെക്ഷൻ 354, 354 ബി പ്രകാരമുള്ള കുറ്റത്തിന് രഞ്ജിത്തിനെതിരെ നടപടിയുമായി മുന്നോട് പോകാൻ കഴിഞ്ഞില്ല. ജസ്‌റ്റിസ് ഹേമ കമ്മിറ്റി റിപ്പോർട്ടിൻ്റെ പശ്ചാത്തലത്തിൽ, മാധ്യമങ്ങളിലൂടെ തൻ്റെ അനുഭവം പങ്കിടാൻ എനിക്ക് അവസരമുണ്ടായെന്നും നടി വ്യക്തമാക്കിയിരുന്നു.
ഈ കേസിൽ രഞ്ജിത്തിൻ്റെ മുൻകൂർ ജാമ്യാപേക്ഷ കോടതി തീർപ്പാക്കിയിരുന്നു. നടിയുടെ പരാതിക്ക് പിന്നാലെ യുവാവും രഞ്ജിത്തിനെതിരെ പീഡന പരാതി നല്‍കിയിരുന്നു. ബംഗളൂരുവിലെ ഹോട്ടലില്‍ വിളിച്ചു വരുത്തി പീഡിപ്പിച്ചെന്നും നഗ്ന ചിത്രങ്ങള്‍ പകര്‍ത്തി എന്നുമായിരുന്നു പരാതി. ഈ കേസിലും രഞ്ജിത്തിന്‍റെ അറസ്‌റ്റ് ഒരു മാസത്തേക്ക് കോടതി തടഞ്ഞിരുന്നു. ലൈംഗികാതിക്രമ കേസുകളിൽ പ്രതിയായതോടെയാണ് രഞ്ജിത്ത് ചലചിത്ര അക്കാദമി ചെയർമാൻ സ്ഥാനം രാജിവെച്ചത്.
Also Read: 'ഹോട്ടല്‍ മുറിയിലേക്ക് വിളിച്ചുവരുത്തി, മദ്യം നല്‍കി വിവസ്‌ത്രനാക്കി'; രഞ്ജിത്തിനെതിരെ ലൈംഗിക പീഡന പരാതിയുമായി യുവാവ് - Man Files Case Against Ranjith