എറണാകുളം :സിജു വിൽസണ്‍, നമുത, ബാലു വർഗീസ്, ധീരജ് ഡെന്നി എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി നവാഗതനായ ഉല്ലാസ് കൃഷ്‌ണ സംവിധാനം ചെയ്യുന്ന 'പുഷ്‌പകവിമാനം' എന്ന ചിത്രത്തിൻ്റെ ടീസർ റിലീസ് ചെയ്‌തു. സംവിധായകരായ ബി ഉണ്ണികൃഷ്‌ണൻ, എം പത്മകുമാർ, അമൽ നീരദ്, ദിലീഷ് പോത്തൻ, ജൂഡ് ആന്തണി ജോസഫ്, വിപിൻ ദാസ്, അൽത്താഫ് സലിം, ഷാഹി കബീർ, താരങ്ങളായ സുരാജ് വെഞ്ഞാറമൂട്, ജോജു ജോർജ് തുടങ്ങിയവരുടെ ഒഫിഷ്യൽ സോഷ്യൽ മീഡിയ പേജിലൂടെയാണ് ടീസർ റിലീസ് ചെയ്‌തത്.
'A minute can change your life' എന്നതാണ് ചിത്രത്തിന്‍റെ ടാഗ് ലൈൻ. പ്രണയം, സൗഹൃദം, അതിജീവനം എന്നിവ വിഷയമാക്കി ആക്ഷൻ മൂഡിൽ ഒരുക്കിയ ടീസർ പ്രേക്ഷക ശ്രദ്ധ നേടുന്നു. സമയത്തിന് ജീവിതത്തിലുള്ള പ്രധാന്യം ടീസറിൽ വ്യക്തമാണ്. രാജ് കുമാർ സേതുപതി അവതരിപ്പിക്കുന്ന ഈ ചിത്രം റയോണ റോസ് പ്രൊഡക്ഷൻസിൻ്റെ ബാനറിൽ ജോൺ കുടിയാൻമല, കിവിസോ മൂവീസ്, നെരിയാ ഫിലിം ഹൗസ് എന്നിവർ ചേർന്നാണ് നിർമിക്കുന്നത്. ആരിഫാ പ്രൊഡക്ഷൻസാണ് ചിത്രം പ്രദർശനത്തിനെത്തിക്കുന്നത്.
സന്ധീപ് സദാനന്ദനും ദീപു എസ് നായരും ചേർന്നാണ് ചിത്രത്തിന്‍റെ തിരക്കഥ രചിച്ചിരിക്കുന്നത്. നഗര ജീവിതത്തിൻ്റെ പശ്ചാത്തലത്തിൽ സൗഹൃദത്തിൻ്റെയും അതിജീവനത്തിൻ്റെയും കഥ ഇടകലർത്തി പ്രേക്ഷകർക്ക് മികച്ച ആസ്വാദനമാണ് ചിത്രം വാഗ്‌ദാനം ചെയ്യുന്നതെന്ന് അണിയറ പ്രവർത്തകർ പറയുന്നു.