കേരളം

kerala

ETV Bharat / entertainment

"മലൈക്കോട്ടെ വാലിബനിലെ ആ ഗാനം പാടിയത് ഞാന്‍, പക്ഷേ റിലീസായപ്പോള്‍ മറ്റൊരാളുടെ ശബ്‌ദം"; നഷ്‌ടബോധങ്ങളെ കുറിച്ച് ശ്രീറാം

ഈ പാട്ട് പാടേണ്ട ഗതികേട് തനിക്ക് വന്നല്ലോ.. ബിജിബാൽ അങ്ങനെ പറഞ്ഞത് തന്നെ ഞെട്ടിച്ചെന്ന് ശ്രീറാം. മലൈക്കോട്ടെ വാലിബനില്‍ മാത്രമല്ല, ഷാന്‍ റഹ്‌മാന്‍, ഗോപി സുന്ദര്‍ എന്നിവരുടെ ഗാനങ്ങള്‍ക്കും ഇതേ അനുഭവം ഉണ്ടായിട്ടുണ്ടെന്ന് ശ്രീറാം.

G SREERAM  G SREERAM SONGS  ജി ശ്രീറാം  ജി ശ്രീറാം ഗാനങ്ങള്‍
G Sreeram (ETV Bharat)

By ETV Bharat Entertainment Team

Published : Nov 27, 2024, 5:36 PM IST

മലയാളത്തിലെ ഹിറ്റ് ഗാനങ്ങളിലൂടെയും വ്യത്യസ്‌ത ശബ്‌ദ സൗമാര്യത്തിലൂടെയും ശ്രദ്ധേയനായ ഗായകനാണ് ജി ശ്രീറാം. ആകാശവാണിയിലെ ഉദ്യോഗസ്ഥനായ ജി ശ്രീറാം കമൽ സംവിധാനം ചെയ്‌ത 'സെല്ലുലോയിഡ്' എന്ന ചിത്രത്തിലെ 'കാറ്റേ കാറ്റേ' എന്ന് തുടങ്ങുന്ന ഗാനം ആലപിച്ച് കൊണ്ടാണ് മലയാള സിനിമ സംഗീത ലോകത്തേക്ക് കടന്നു വരുന്നത്. അന്ന് ശ്രീറാമിന് വയസ്സ് 52.

ഫഹദ് ഫാസിൽ നായകനായ 'ഒരു ഇന്ത്യൻ പ്രണയകഥ', ദുൽഖർ സൽമാൻ നായകനായ 'കോംറെയിഡ് ഇന്‍ അമേരിക്ക', ജയറാം നായകനായ 'നടൻ', 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ' തുടങ്ങി നിരവധി ഹിറ്റ് ചിത്രങ്ങളിൽ ശ്രീറാം ശ്രദ്ധേയമായ ഗാനങ്ങൾ ആലപിച്ചു. ഇപ്പോഴിതാ ശ്രീറാം തന്‍റെ സംഗീത വിശേഷങ്ങള്‍ ഇടിവി ഭാരതിനോട് പങ്കുവച്ചിരിക്കുകയാണ്.

G Sreeram (ETV Bharat)

അംഗീകാരങ്ങളും ചില നഷ്‌ട ബോധങ്ങളും സമന്വയിക്കുന്നതാണ് തന്‍റെ സംഗീത ജീവിതമെന്ന് ജി ശ്രീറാം വെളിപ്പെടുത്തി. താന്‍ പാടിയ പാട്ടുകള്‍ പിന്നീട് സിനിമയില്‍ നിന്നും ഒഴിവാക്കിയതിനെ കുറിച്ചും അദ്ദേഹം തുറുന്നു പറഞ്ഞു.

"മലയാള സിനിമ സംഗീത ലോകത്ത് എനിക്ക് ലഭിച്ച അവസരങ്ങളെല്ലാം ദൈവഹിതം ആണെന്നും ഭാഗ്യമാണെന്നും കരുതുന്നു. അതോടൊപ്പം മലൈക്കോട്ടെ വാലിബൻ അടക്കമുള്ള ചിത്രങ്ങളിൽ ഞാൻ പാടിയ പാട്ടുകൾ ഒഴിവാക്കപ്പെട്ടതിന്‍റെ സങ്കടവും ഉണ്ട്.

മലയാളത്തിലെ പ്രശസ്‌ത സംഗീത സംവിധായകരായ ഷാൻ റഹ്‌മാൻ, ഗോപി സുന്ദർ തുടങ്ങിയവരുടെ ഗാനങ്ങൾ പാടുകയും പിന്നീടത് സിനിമയിൽ നിന്ന് ഒഴിവാക്കപ്പെടുകയും ചെയ്‌തിട്ടുണ്ട്. അംഗീകാരങ്ങളും അതോടൊപ്പം ചില നഷ്‌ട ബോധങ്ങളും സമന്വയിക്കുന്നതാണ് എന്‍റെ സംഗീത ജീവിതം."-ശ്രീറാം പറഞ്ഞു.

സിനിമയില്‍ ആദ്യ ഗാനം പാടാന്‍ അവസരം ലഭിച്ചതിനെ കുറിച്ചും ഗായകന്‍ വിശദീകരിച്ചു. ആകാശവാണിയിൽ ജോലി ചെയ്യുന്ന സമയത്താണ് ശ്രീറാമിനെ തേടി കമല്‍ സംവിധാനം ചെയ്യുന്ന പൃഥ്വിരാജ് ചിത്രത്തിലേയ്‌ക്ക് അവസരം ലഭിക്കുന്നത്. തന്‍റെ ശബ്‌ദം കാറ്റേ കാറ്റേ എന്ന ഗാനത്തിന് അനുയോജ്യമാണെന്ന് സംഗീത സംവിധായകന്‍ എം ജയചന്ദ്രനാണ് കമലിനോട് നിർദേശിക്കുന്നതെന്നും ശ്രീറാം വെളിപ്പെടുത്തി.

G Sreeram (ETV Bharat)

"സംഗീതം കുട്ടിക്കാലം മുതൽ പഠിക്കുന്നുണ്ട്. ആകാശവാണിയിൽ ഗാനങ്ങൾ അവതരിപ്പിച്ചു. നിരവധി വേദികളിൽ പാടി. പക്ഷേ 52-ാം വയസ്സിൽ ആദ്യമായി പാടിയ കാറ്റേ കാറ്റേ ഗാനം സൂപ്പർ ഹിറ്റായി മാറി. 2024ലും ഈ ഗാനം സംഗീത പ്രേമികളുടെ മ്യൂസിക് പ്ലേ ലിസ്‌റ്റിലുണ്ട്.

ആകാശവാണിയിൽ ജോലി ചെയ്യുമ്പോൾ തന്നെ ദാസേട്ടന്‍റെ തരംഗിണിയുടെ ഭാഗമായിരുന്നു. തരംഗിണിയിൽ നിന്ന് സംഗീതം പഠിച്ചു. അവിടെ തന്നെ സംഗീത അധ്യാപകനായി. തരംഗിണിയുടെ പല പാട്ടുകളും പാടാനുള്ള അവസരം ലഭിച്ചു. പക്ഷേ അപ്പോഴൊന്നും ചിന്തിച്ചിരുന്നില്ല പിൽക്കാലത്ത് ഞാൻ സംഗീത സംവിധാനം ചെയ്യുന്ന ഒരു പാട്ട് ദാസേട്ടനെ കൊണ്ട് പാടിക്കാൻ സാധിക്കുമെന്ന്.

ദാസേട്ടന് എന്‍റെ കുടുംബവുമായി അടുത്ത ബന്ധമുണ്ട്. എന്നുകരുതി ആ ബന്ധത്തെ ഒരിക്കലും ചൂഷണം ചെയ്യാൻ ശ്രമിച്ചിട്ടില്ല. ഗാനത്തിന്‍റെ ട്യൂൺ കേട്ട് ഇഷ്‌ടപ്പെട്ട ശേഷമാണ് ദാസേട്ടൻ സമ്മതം മൂളിയത്. സ്‌റ്റുഡിയോയിൽ പാട്ടുപാടാനായി എത്തിയ ദാസേട്ടൻ അദ്ദേഹത്തിന്‍റെ സ്വന്തം കൈപ്പടയിലാണ് വരികൾ എഴുതിയെടുത്തത്. ശേഷം എന്നിലൂടെ പാട്ടു പഠിച്ചു. ഇതിൽ കൂടുതൽ ഭാഗ്യം ഒന്നും ഞാൻ ആഗ്രഹിച്ചിട്ടില്ല."-ശ്രീറാം വ്യക്‌തമാക്കി.

G Sreeram (ETV Bharat)

'ഇവിടെ ഈ നഗരത്തില്‍' എന്ന സിനിമയിലെ 'കുറ്റം' എന്ന ഗാനമാണ് ശ്രീറാമിന്‍റെ സംഗീത സംവിധാനത്തിൽ യേശുദാസ് പാടിയത്. ശേഷം സത്യൻ അന്തിക്കാടാണ് ഒരു പാട്ടു പാടാനായി തന്നെ വിളിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ബിജി ബാലുമായുള്ള മറക്കാനാവാത്ത അനുഭവത്തെ കുറിച്ചും അദ്ദേഹം പങ്കുവച്ചു.

"ഒരു ഇന്ത്യൻ പ്രണയകഥ എന്ന സിനിമയിലെ "വാളെടുക്കണം" എന്ന ഗാനം വലിയ പ്രേക്ഷക പിന്തുണ ലഭിച്ച് വലിയ ഹിറ്റായി മാറിയിരുന്നു. പിന്നീട് മലയാളത്തിലെ പ്രഗൽഭരായ പല സംവിധായകരും ഗാനങ്ങള്‍ ആലപിക്കാൻ എന്നെ ക്ഷണിച്ചു. അതിൽ സംഗീത സംവിധായകൻ ബിജി ബാലുമായുള്ള ഒരു അനുഭവം എടുത്തു പറയേണ്ടതാണ്. ആൻഡ്രോയിഡ് കുഞ്ഞപ്പൻ എന്ന സിനിമയിൽ ഓർമ്മപ്പൂവേ എന്ന ഗാനമാണ് ആലപിച്ചത്.

G Sreeram (ETV Bharat)

ഒരു ദിവസം രാത്രിയിൽ ബിജിബാൽ എന്നെ വിളിക്കുന്നു. ആൻഡ്രോയിഡ് കുഞ്ഞപ്പന് വേണ്ടി ഒരു ഗാനം ആലപിക്കാമോ എന്ന് ആവശ്യപ്പെട്ടു. ബിജിബാൽ എറണാകുളത്തും ഞാൻ തിരുവനന്തപുരത്തുമാണ്. രാത്രി ഫോണിലൂടെ അദ്ദേഹം എനിക്ക് പാട്ട് പഠിപ്പിച്ചു തന്നു. രാത്രി ഞാൻ വോയിസ് റെക്കോർഡ് ചെയ്യാൻ നഗരത്തിൽ ഒരു സ്‌റ്റുഡിയോ തപ്പി നടന്നു. ഒടുവിൽ ഒരു സ്‌റ്റുഡിയോ കണ്ടെത്തി രാത്രി തന്നെ ഗാനം ആലപിച്ച് വോയിസ് ബിജിബാലിന് അയച്ചു കൊടുത്തു.

പാട്ടുകേട്ട് ഉടൻ തന്നെ ബിജിബാൽ എന്നെ വിളിച്ചു. ചേട്ടാ ഞാൻ പാട്ട് കേട്ടു. അതിഗംഭീരം ആയിട്ടുണ്ട്. പക്ഷേ ഈ രീതിയിലല്ല പാട്ട് പാടേണ്ടിയിരുന്നതെന്ന് ബിജിബാൽ അറിയിച്ചു. ഞാന്‍ ആകെ ധർമ്മ സങ്കടത്തിലായി. പിന്നീട് അദ്ദേഹം പറഞ്ഞ വാക്കുകളാണ് രസകരം. ചേട്ടാ ഒരു മോശം പാട്ട്. ഈ പാട്ട് പാടേണ്ട ഗതികേട് തനിക്ക് വന്നല്ലോ എന്നൊരു ആറ്റിറ്റ്യൂഡില്‍ ഭൂമിയിലേയ്‌ക്ക് ഇറങ്ങി നിന്ന രീതിയിൽ വേണം ഈ ഗാനം ആലപിക്കാൻ.

ഞാനിപ്പോ ശരിക്കും ഭൂമിയിൽ ഇറങ്ങി നിൽക്കുകയാണെന്ന് ബിജുബാലിനോട് മറുപടി പറഞ്ഞു. ഇത്തരത്തിലുള്ള വാക്കുകൾ ആദ്യമായാണ് ഒരു സംഗീത സംവിധായകന്‍റെ ഭാഗത്ത് നിന്നും കേൾക്കുന്നത്. അത് രസകരമായി തോന്നി. പിന്നീട് അന്ന് രാത്രി തന്നെ അദ്ദേഹത്തിന്‍റെ ആവശ്യപ്രകാരമുള്ള രീതിയിൽ ഗാനം ആലപിച്ച് അയച്ച് കൊടുത്തു."-ശ്രീറാം പറഞ്ഞു.

ആകാശവാണി ജീവനക്കാരന്‍ ആയിരുന്നതിനാല്‍ ഒരുപാട് കലാകാരന്‍മാരുടെ വളർച്ച നേരിൽ കാണാൻ സാധിച്ചിട്ടുണ്ടെന്ന് ശ്രീറാം പറഞ്ഞു. മോഹന്‍ലാലിന്‍റെ മലൈക്കോട്ടെ വാലിബനില്‍ ഒരു ഗാനം ആലപിക്കാനുള്ള ഭാഗ്യം ലഭിച്ചതിനെ കുറിച്ചും പിന്നീടുണ്ടായ നഷ്‌ടത്തെ കുറിച്ചും അദ്ദേഹം പങ്കുവച്ചു.

"ആദ്യ കാലത്ത് ആകാശവാണിയാണ് ഇവിടത്തെ പല കലാകാരന്‍മാരെയും വലിയ രീതിയിൽ പിന്തുണച്ചിട്ടുള്ളത്. മലയാളം ഗാനങ്ങളെ പ്രേക്ഷക പ്രീതിയിലേക്ക് എത്തിക്കുന്നതിൽ ഒരുകാലത്ത് ആകാശവാണി വഹിച്ച പങ്ക് ചെറുതല്ല. സംവിധായകൻ പ്രിയദർശൻ അടക്കമുള്ളവർ ആകാശവാണി പ്രക്ഷേപണം ചെയ്‌തിരുന്ന യുവവാണി പരിപാടിയുടെ ഭാഗമായിരുന്നു. വിഖ്യാത സംഗീത സംവിധായകൻ എംജി രാധാകൃഷ്‌ണൻ ആകാശവാണിയുടെ സംഭാവനയാണ്.

മലൈക്കോട്ടെ വാലിബനില്‍ ഒരു ഗാനം ആലപിക്കാനുള്ള ഭാഗ്യം ലഭിച്ചു. പക്ഷേ ജീവിതത്തിലെ വലിയൊരു നഷ്‌ടബോധങ്ങളിൽ ഒന്നായി ആ ഗാനത്തെ കണക്കാക്കേണ്ടി വന്നു. പുന്നാര തോപ്പിലെ പൂമരത്തിൽ എന്ന് തുടങ്ങുന്ന ഗാനം ആയിരുന്നു ഞാൻ ആലപിച്ചത്. അത് മലൈക്കോട്ടെ വാലിബൻ എന്ന ചിത്രത്തിന് വേണ്ടിയാണ് പാടുന്നതെന്ന് അറിയില്ലായിരുന്നു.

പക്ഷേ പിന്നീട് സിനിമ റിലീസ് ചെയ്‌തപ്പോൾ മറ്റൊരാളുടെ ശബ്‌ദത്തിലാണ് ആ ഗാനം പ്രേക്ഷകരിലേക്ക് എത്തിയത്. സംഗീത സംവിധായകൻ ഗോപി സുന്ദർ, ഷാൻ റഹ്‌മാൻ തുടങ്ങിയവരുടെ ഗാനങ്ങളും ഇതുപോലെ ആലപിച്ച് അവസാന നിമിഷം സിനിമയിൽ നിന്ന് ആ പാട്ട് നീക്കം ചെയ്യുകയോ മറ്റൊരാളുടെ ശബ്‌ദത്തിൽ പുറത്തിറങ്ങുകയോ ചെയ്‌തിട്ടുണ്ട്.

അതൊരു പരാതിയായി പറയുന്നില്ല. ചിലപ്പോൾ സിനിമയുടെ ദൈർഘ്യം കൂടി പോയതുകൊണ്ട് ഗാനങ്ങൾ ഒഴിവാക്കാം. അതല്ലെങ്കിൽ നിർമ്മാതാവ് അടക്കമുള്ള ചിലരുടെ നിർദേശപ്രകാരം മറ്റൊരാളെ കൊണ്ട് താൻ പാടിയ പാട്ടുകൾ മാറ്റി പാടിച്ചതാകാം. അതിൽ സംഗീത സംവിധായകരെ കുറ്റക്കാരായി കാണാൻ ആകില്ല."-ജി ശ്രീറാം പറഞ്ഞു.

Also Read: ഇന്ദിരാഗാന്ധിയുടെ കൊലപാതകത്തിലേക്ക് നയിച്ച ഓപ്പറേഷൻ ബ്ലൂ സ്‌റ്റാര്‍ ഒരു ക്യാമറാമാന്‍റെ കണ്ണിലൂടെ

ABOUT THE AUTHOR

...view details