പവൻ കല്യാൺ നായകനാകുന്ന പിരിയോഡിക്ക് ആക്ഷൻ ചിത്രം 'ഹരി ഹര വീരമല്ലു'വിന്‍റെ ടീസർ പുറത്ത്. പവൻ കല്യാൺ ടൈറ്റിൽ കഥാപാത്രത്തെ അവതരിപ്പിക്കുന്ന ഈ ചിത്രം കൃഷ് ജഗർലമുടിയാണ് സംവിധാനം ചെയ്യുന്നത്. ചിത്രത്തിന്‍റെ ഏറെ ത്രസിപ്പിക്കുന്ന ടീസറാണ് പുറത്തുവന്നിരിക്കുന്നത്.
"ദരിദ്രർ ചൂഷണം ചെയ്യപ്പെടുകയും സമ്പന്നർ അഭിവൃദ്ധി പ്രാപിക്കുകയും ചെയ്യുന്ന നാട്ടിൽ നീതിക്ക് വേണ്ടി യുദ്ധം നടത്തുന്ന ഏക പോരാളി" എന്നാണ് ടീസറിൽ പവൻ കല്യാണിന്‍റെ കഥാപാത്രത്തെ വിശേഷിപ്പിച്ചിരിക്കുന്നത്. ദരിദ്രരുടെയും അടിച്ചമർത്തപ്പെട്ടവരുടെയും നായകനായാണ് പവൻ കല്യാൺ ഈ ചിത്രത്തിൽ എത്തുന്നത്. ബോളിവുഡ് താരം ബോബി ഡിയോളും ഈ സിനിമയിൽ പ്രധാന വേഷത്തിലുണ്ട്.
മുഗൾ ചക്രവർത്തിയെ ആണ് താരം 'ഹരി ഹര വീരമല്ലു'വിൽ അവതരിപ്പിക്കുന്നത്. തകർപ്പൻ ആക്ഷൻ രംഗങ്ങൾ ചിത്രത്തിലുടനീളം ഉണ്ടാകുമെന്ന് അടിവരയിടുന്നതാണ് ടീസർ. മെഗ സൂര്യ പ്രൊഡക്ഷൻസിന്‍റെ ബാനറിൽ എ എം രത്‌നം നിർമിക്കുന്ന ഈ ചിത്രം രണ്ട് ഭാഗങ്ങളിലായാണ് പ്രേക്ഷകരിലേക്ക് എത്തുക. സ്‌വോഡ് വേഴ്‌സസ് സ്‌പിരിറ്റ് (Sword vs Spirit) ആണ് ആദ്യഭാഗം.
നിദ്ധി അഗർവാൾ, എം നിസാർ, സുനിൽ, രഘു ബാബു, സുബ്ബരാജു, നോറ ഫത്തേഹി തുടങ്ങിയവരാണ് 'ഹരിഹര വീരമല്ലു'വിൽ മറ്റ് സുപ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ഓസ്‌കർ അവാർഡ് ജേതാവായ സംഗീത സംവിധായകൻ എം എം കീരവാണിയാണ് ഈ സിനിമയ്‌ക്ക് ഈണം ഒരുക്കുന്നത്. ജ്ഞാനശേഖർ വി എസും മനോജ് പരമഹംസയുമാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. ഈ വർഷം അവസാനത്തോടെ ആദ്യ ഭാഗം റിലീസ് ചെയ്യുമെന്നാണ് അണിയറ പ്രവർത്തകർ അറിയിച്ചിരിക്കുന്നത്.