ദര്‍ശന രാജേന്ദ്രന്‍, റോഷന്‍ മാത്യു എന്നിവരെ പ്രധാന കഥാപാത്രങ്ങളാക്കി ശ്രീലങ്കന്‍ സംവിധായകന്‍ പ്രസന്ന വിത്തനാഗെ സംവിധാനം ചെയ്‌ത ചിത്രമാണ് 'പാരഡൈസ്'. മണിരത്‌നം നേതൃത്വം നൽകുന്ന മദ്രാസ് ടാക്കീസ് അവതരിപ്പിക്കുന്ന 'പാരഡൈസ്' ഈ മാസം തിയേറ്ററുകളിൽ പ്രദർശനത്തിനെത്താൻ ഒരുങ്ങുകയാണ്. റിലീസിന് മുന്നോടിയായി സിനിമയിലെ ഗാനം പുറത്തുവിട്ടിരിക്കുകയാണ് അണിയറ പ്രവർത്തകർ.
ചിത്രത്തിലെ 'അകലെയായി' എന്നാരംഭിക്കുന്ന ഗാനമാണ് പുറത്തുവന്നിരിക്കുന്നത്. അന്‍വര്‍ അലി വരികള്‍ എഴുതിയിരിക്കുന്ന ഗാനം ആലപിച്ചിരിക്കുന്നത് പവിത്ര ചാരിയാണ്. മലയാളിയായ ടിവി പ്രൊഡ്യൂസറായാണ് റോഷൻ ഈ ചിത്രത്തിൽ വേഷമിടുന്നത്. ഇയാളുടെ ഭാര്യയും വ്ളോഗറുമായ കഥാപാത്രത്തെയാണ് ദർശന അവതരിപ്പിക്കുന്നത്.
തങ്ങളുടെ അഞ്ചാം വിവാഹവാർഷികം ആഘോഷിക്കാൻ ശ്രീലങ്കയിലെയെത്തുന്ന ഇവരുടെ കഥയാണ് 'പാരഡൈസ്' പറയുന്നത്. ശ്രീലങ്കൻ ഭൂമികയാണ് ഈ ചിത്രത്തിന് പ്രധാനമായും പശ്ചാത്തലമാകുന്നത്. ശ്രീലങ്കയുടെ ഗാംഭീര്യം ഒട്ടും ചോരാതെ ഈ സിനിമയിൽ ആസ്വദിക്കാനാകുമെന്ന് ഈ ഗാനം ഉറപ്പ് തരുന്നുണ്ട്.
രാജീവ് രവിയാണ് ചിത്രത്തിന്‍റെ ഛായാഗ്രാഹകൻ. ശ്രീകർ പ്രസാദ് ചിത്രസംയോജനവും ലിജു പ്രഭാകർ കളറിങ്ങും നിർവഹിച്ചിരിക്കുന്നു. കേരളത്തിൽ സെഞ്ചുറി ഫിലിംസും ശ്രീലങ്കയിൽ സ്കോപ്പ് മൂവീസും മറ്റ് പ്രദേശങ്ങളിൽ എപി ഇന്‍റർനാഷണലുമാണ് 'പാരഡൈസ്' വിതരണത്തിന് എത്തിക്കുന്നത്.
നിരവധി അന്താരാഷ്‌ട്ര ചലച്ചിത്ര വേദികളില്‍ ഈ സിനിമ ഇതിനകം നേട്ടമുണ്ടാക്കിക്കഴിഞ്ഞു. 28-ാമത് ബുസാൻ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ മികച്ച ചിത്രത്തിനുള്ള കിം ജിസോക്ക് പുരസ്‌കാരം 'പാരഡൈസ്' നേടിയിരുന്നു. കൂടാതെ സ്‌പെയിനിലെ 23-ാമത് ലാസ് പൽമാസ് ദേ ഗ്രാൻ കനാറിയ രാജ്യാന്തര ചലച്ചിത്രമേളയിൽ ജനപ്രിയ ചിത്രത്തിനുള്ള അവാർഡും ഫ്രാൻസിലെ മുപ്പതാമത് വെസൂൽ അന്താരാഷ്‌ട്ര ചലച്ചിത്രമേളയിൽ പ്രീ ദു ജൂറി ലീസിയൻ പുരസ്‌കാരവും പതിനേഴാമത് ഏഷ്യൻ ഫിലിം അവാർഡിൽ മികച്ച ചിത്രം, മികച്ച സംവിധായകൻ, മികച്ച തിരക്കഥ, മികച്ച ചിത്രസംയോജനം എന്നീ വിഭാഗങ്ങളിൽ നാമനിർദേശവും 'പാരഡൈസി'ന് ലഭിച്ചിരുന്നു.