കേരളം

kerala

ETV Bharat / entertainment

പേടിപ്പിക്കാൻ ഞാൻ ആരാ? വെറുമൊരു പാട്ടുകാരൻ - JAYACHANDRAN MUSICAL JOURNEY

സംഗീത ലോകത്തെ നികത്താനാകാത്ത നഷ്‌ടം. മാസ്‌മരിക സംഗീത വിസ്‌മയത്തിന് വിട.

SINGER P JAYACHANDRAN  P JAYACHANDRAN DEATH  P JAYACHANDRAN PROFILE  P JAYACHANDRAN SONGS
P Jayachandran (ETV Bharat)

By ETV Bharat Entertainment Team

Published : 9 hours ago

ഗായകർ ഏറെയുണ്ടെങ്കിലും മലയാളിക്ക് ഒരേയൊരു ഭാവ ഗായകനെയുള്ളൂ. യേശുദാസ് എന്ന സാക്ഷാൽ ഗന്ധർവ പ്രതിഭയിൽ ഒരു കാലത്ത് മലയാള സംഗീത ശാഖ കേന്ദ്രീകരിക്കപ്പെട്ടപ്പോഴും പി ജയചന്ദ്രൻ എന്ന ഗായകന് അവസരങ്ങൾക്ക് കുറവ് സംഭവിച്ചിട്ടില്ല. ഗാനങ്ങളുടെ ഭാവത്തിനനുസരിച്ച് സ്വന്തം ശബ്‌ദത്തെ വരുതിയിലാക്കാൻ കെൽപ്പുള്ള ഒരേയൊരു ഗായകൻ.

സ്വന്തം ശൈലിയിലും ഭാവത്തിലും പാടാൻ കെൽപ്പുള്ള ആയിരക്കണക്കിന് പാട്ടുകാർ നമുക്ക് ചുറ്റുമുണ്ട്. പാട്ടിന്‍റെ താളത്തിനും ഭാവത്തിനും സ്വന്തം ശബ്‌ദത്തെ ക്രമീകരിക്കാൻ പി ജയചന്ദ്രന് മാത്രമേ സാധിച്ചിട്ടുള്ളൂ. ഭാവശബളമായി ആ കണ്‌ഠത്തിൽ നിന്നും സ്വരങ്ങൾ ഒഴുകി ഇറങ്ങുമ്പോൾ കേൾവിക്കാരൻ ആകാശത്തിൽ പറക്കുന്ന പട്ട സമാനമാകും.

സംഗീത സംവിധായകൻ എന്ന നൂലിഴ നിയന്ത്രിക്കാൻ ഉണ്ടെങ്കിലും ഭാവപൂർണതയിൽ അലയടിക്കുന്ന കടൽക്കാറ്റിൽ കേൾവിക്കാരൻ സ്വയം മറന്ന് കെട്ടുപൊട്ടും. പകരം വയ്ക്കാനില്ലാത്ത പ്രതിഭയ്ക്ക് വിടവാക്ക് നൽകുന്നു. മലയാളത്തിന്‍റെ സ്വന്തം ഭാവഗായകൻ പി ജയചന്ദ്രൻ. 70കളിലെയും എൺപതുകളിലെയും ഗാനരംഗങ്ങളിലെ ചുണ്ടനക്കത്തിന് പ്രധാന പിൻബലം പി ജയചന്ദ്രൻ ആയിരുന്നു.

90 കളിൽ മലയാള സിനിമയിൽ നായക നടന്മാരുടെ കുത്തൊഴുക്ക് സംഭവിച്ചപ്പോഴും പി ജയചന്ദ്രന് വേണ്ടി സംഗീതസംവിധായകർ ക്യൂ നിന്നു. ദാസേട്ടന് ഒപ്പമുള്ള സ്ഥാനം തന്നെയാണ് പി ജയചന്ദ്രന് മലയാളികൾ നൽകിയിട്ടുള്ളത്. ദാസേട്ടൻ നമ്പർ വൺ പി ജയചന്ദ്രൻ നമ്പർ ടു അങ്ങനെ ഒരു വേർതിരിവ് മലയാളികൾക്കിടയിൽ ഇല്ല.

പി ജയചന്ദ്രന്‍റെ ശബ്‌ദ മാധുര്യം കൊണ്ടുമാത്രം ചാർട്ടിൽ ഇടം പിടിച്ച സിനിമകൾ എത്രയെത്ര. ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളജിൽ ആയിരുന്നു പി ജയചന്ദ്രന്‍റെ ബിരുദ പഠനം. തുടർന്ന് ചെന്നൈയിൽ ഒരു കമ്പനിയിൽ കെമിസ്റ്റായി ജോലിയിൽ ചേർന്നു. മനസിൽ സംഗീതം ഉള്ളതുകൊണ്ടുതന്നെ ജോലിയിൽ അധികം ശ്രദ്ധ കേന്ദ്രീകരിച്ചില്ല.

P Jayachandran (ETV Bharat)

കുഞ്ഞാലിമരയ്ക്കാർ, കളിത്തോഴൻ എന്നീ രണ്ട് ചിത്രങ്ങളിൽ 1965ൽ പാട്ടുപാടാനുള്ള അവസരം ലഭിക്കുന്നു. ആദ്യം പാടിയത് കുഞ്ഞാലിമരക്കാർ എന്ന ചിത്രത്തിന് വേണ്ടിയായിരുന്നു എങ്കിലും റിലീസിന് എത്തിയ ആദ്യചിത്രം കളിത്തോഴൻ ആയിരുന്നു. കളിത്തോഴനിലെ മഞ്ഞലയിൽ മുങ്ങിത്തോർത്തി എന്ന ഗാനം 2025ലും പുതുമ നഷ്‌ടപ്പെടാതെ നിലനിൽക്കുന്നു.

90 കളിൽ ഈ ഗാനം പ്രക്ഷേപണം ചെയ്യാത്ത ഒരു ദിവസം പോലും ദൂരദർശന്‍റെ ചരിത്രത്തിൽ ഉണ്ടായിരുന്നില്ല എന്നുള്ളതാണ് വാസ്‌തവം. ദൂരദർശന്‍റെ പ്രതികരണം പരിപാടിയിൽ ഈ ഗാനം എല്ലാ ദിവസവും പ്രക്ഷേപണം ചെയ്യണമെന്ന് ആവശ്യപ്പെട്ടുകൊണ്ടുള്ള കത്തുകൾ എത്തുക പതിവായിരുന്നു. മഞ്ഞലയിൽ മുങ്ങിത്തോർത്തി ധനുമാസ ചന്ദ്രിക വന്നു ഒരു തുടക്കമായിരുന്നു എങ്കിലും പിന്നീടുള്ള 60 വർഷം പി ജയചന്ദ്രൻ എന്ന ഗായകനെ മറന്നു കളയാൻ മലയാളിക്ക് അവസരം ലഭിച്ചില്ല.

പ്രേം നസീർ മുതൽ നിവിൻ പോളി വരെ തലമുറ വ്യത്യാസമില്ലാതെ പി ജയചന്ദ്രന്‍റെ ശബ്‌ദം എല്ലാ നടന്മാർക്കും അനുയോജ്യമായിരുന്നു. സംഗീത സംവിധായകൻ എം ജയചന്ദ്രൻ, പാട്ടുകാരായ ജി വേണുഗോപാൽ, എം ജി ശ്രീകുമാർ തുടങ്ങിയവരോട് പി ജയചന്ദ്രന്‍റെ മരണവാർത്ത അറിഞ്ഞശേഷം ഇ ടി വി ഭാരത് സംസാരിച്ചിരുന്നു. പി ജയചന്ദ്രനെ എല്ലാവരും സഹപ്രവർത്തകൻ എന്നതിലുപരി ജേഷ്‌ഠ സഹോദരനായാണ് കണ്ടിരുന്നത്.

മരണവാർത്തയിൽ വിതുമ്പുകയായിരുന്നു എല്ലാവരും. പല സംഗീത സംവിധായകരോടും ഗായകരോടും പി ജയചന്ദ്രന്‍റെ ഓർമകൾ ഞങ്ങൾ ആരാഞ്ഞു. മറുപടി പോലും പറയാതെ മലയാളത്തിലെ പ്രഗത്‌ഭരായ സംഗീതജ്ഞർ പൊട്ടിക്കരയുകയായിരുന്നു. മലയാള സംഗീത ശാഖയ്ക്ക് തീരാനഷ്‌ടം എന്നതിലുപരി മറ്റൊരു വാക്കുകളും ആരുടെയും പക്കൽ നിന്നും ഉയർന്നില്ല.

അവരുടെയൊക്കെ കണ്ണീരിൽ നിന്നു തന്നെ പി ജയചന്ദ്രൻ ആരായിരുന്നു അവർക്ക് എന്ന് വായിച്ചെടുക്കാം. പി ജയചന്ദ്രന്‍റെ മേന്മകൾ വർണിക്കാൻ അവരുടെയൊക്കെ വാക്കുകളുടെ ആവശ്യമുണ്ടായതായി തോന്നിയില്ല. നെഞ്ചുപൊള്ളുന്നവരുടെ അനുഭവങ്ങൾ ആരായുന്നത് അനുചിതമായി തോന്നി. ഏകാന്തപഥികൻ ഞാൻ, സുപ്രഭാതം, നീലഗിരിയുടെ സഖികളെ, ഓലഞ്ഞാലി കുരുവി, നീയൊരു പുഴയായി തഴുകുമ്പോൾ, പ്രായം തമ്മിൽ മോഹം നൽകി തുടങ്ങിയ പ്രായഭേദമന്യേ ആസ്വദിക്കുന്ന എത്രയെത്ര ഗാനങ്ങൾ.

20 വയസുള്ള ചെറുപ്പക്കാരന്‍റെ ശബ്‌ദമായി മാറാനും 65 കാരന്‍റെ ശബ്‌ദമായി മാറാനും 75 കഴിഞ്ഞ പി ജയചന്ദ്രന് ഒരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല എന്നുള്ളതാണ് വാസ്‌തവം. ഒരു ഭക്തിഗാനം പാടുമ്പോൾ പി ജയചന്ദ്രൻ തികഞ്ഞ ഒരു ഭക്തനാകുന്നു, ഒരു പ്രണയഗാനം പാടുമ്പോൾ കാമുകൻ ആകുന്നു ഇങ്ങനെയുള്ള ട്രാൻസ്‌ഫർമേഷൻ നടത്തുന്ന ചുരുക്കം ചില ഗായകരിൽ ഒരാളാണ് പി ജയചന്ദ്രൻ എന്ന് പ്രശസ്‌ത എഴുത്തുകാരനും മാധ്യമപ്രവർത്തകനുമായ രവി മേനോൻ അഭിപ്രായപ്പെട്ടിരുന്നു.

P Jayachandran File Photo (ETV Bharat)

അനുരാഗഗാനം പോലെയെന്ന പാട്ട് ദാസേട്ടനെ കൊണ്ട് പാടിക്കണമെന്നായിരുന്നു ഉദ്യോഗസ്ഥ എന്ന ചിത്രത്തിന്‍റെ അണിയറ പ്രവർത്തകർക്ക് താത്പര്യം. പക്ഷേ നറുക്ക് വീണത് പി ജയചന്ദ്രന്. എന്നിട്ടെന്തായി അനുരാഗഗാനം പോലെ 2025ലും ജനങ്ങൾ കേൾക്കുന്ന പാട്ടുകളിൽ ഒന്നായി. അതായത് ഏതൊരു മികച്ച പാട്ടുകാരനും പകരക്കാരൻ ആകുവാൻ പി ജയചന്ദ്രൻ എന്ന ഗായകനെ കൊണ്ട് സാധിക്കുമായിരുന്നു. മറ്റൊരാൾക്ക് പകരക്കാരൻ ആകാൻ സാധിക്കുന്നത് തന്നെയാണ് ഒരു മനുഷ്യനെ വ്യത്യസ്‌തനാക്കുന്നതും.

ഈ ലോകത്തിലെ തന്നെ മികച്ച പാട്ട് ഏത് എന്ന് ഇളയരാജയോട് ചോദിച്ചാൽ ഒറ്റ ഉത്തരമേ ഉണ്ടാകൂ. അത് 'രാസാത്തി ഉന്ന' എന്ന പാട്ടാണ്. വൈദേഹി കാത്തിരുന്താൾ എന്ന സിനിമയിലെ ഗാനമാണിത്. പി ജയചന്ദ്രൻ എന്ന ഗായകന്‍റെ ശബ്‌ദത്തിൽ അനശ്വരമായ ഗാനം. ഈ സിനിമയിലെ മൂന്ന് പാട്ടുകൾ പി ജയചന്ദ്രൻ ആലപിച്ചിട്ടുണ്ട്.

ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക

അതിലൊന്ന് ഡ്യൂയറ്റ് ഗാനമാണ്. ഒറ്റ ദിവസം കൊണ്ടാണ് ഈ ചിത്രത്തിലെ മൂന്നു ഗാനങ്ങളും പി ജയചന്ദ്രൻ പാടി റെക്കോർഡ് ചെയ്‌തത്. അങ്ങനെ ഒരു ചരിത്രം ഒന്നും മലയാളത്തിലെ എന്നല്ല സൗത്ത് ഇന്ത്യയിലെ തന്നെ ഒരു ഗായകനും അവകാശപ്പെടാനില്ല. ആധുനിക മലയാള സംഗീത ശാഖയുടെ വക്താവായിരുന്നിട്ട് കൂടിയും പുതിയ തലമുറയ്ക്ക് ഇഷ്‌ടപ്പെടുന്ന പല ഗാനങ്ങളോടും യോജിക്കാൻ പി ജയചന്ദ്രന് ആകുമായിരുന്നില്ല.

ജനപ്രിയമായ പല പുതിയ പാട്ടുകളെയും ശക്തമായ ഭാഷയിൽ പി ജയചന്ദ്രൻ വിമർശിച്ചിരുന്നു. സംഗീതം സംസ്‌കാരവുമായി ബന്ധപ്പെട്ട് നിലകൊള്ളുന്നതാണ്. സംഗീതത്തെ രൂപമാറ്റം വരുത്തി വികൃതമാക്കാൻ താൻ കൂട്ടുനിൽക്കില്ല എന്ന് പി ജയചന്ദ്രൻ പരസ്യമായി പ്രസ്‌താവിച്ചിട്ടുണ്ട്. അനിരുധ് രവിചന്ദ്രന്‍റെ സംഗീതസംവിധാനത്തിൽ പുറത്തിറങ്ങിയ വൈ ദിസ് കൊലവെരി എന്ന ഗാനത്തെ പരസ്യമായി വിമർശിച്ചുകൊണ്ട് പി ജയചന്ദ്രൻ രംഗത്ത് വന്നിരുന്നു.

അക്കാലത്തെ ഏറ്റവും വലിയ വിവാദങ്ങളിൽ ഒന്നായിരുന്നു പി ജയചന്ദ്രന്‍റെ ആ ഗാനത്തിനെതിരെയുള്ള പ്രസ്‌താവന. പൊതുവേ മുൻകോപിയാണ് പി ജയചന്ദ്രൻ എന്ന് എല്ലാവരും അഭിപ്രായപ്പെടാറുണ്ട്. എന്നാൽ അടുത്തറിയുന്നവർക്ക് പി ജയചന്ദ്രൻ സ്നേഹനിധിയാണ്. വെട്ടി തുറന്നു സംസാരിക്കുന്നവരെ ദേഷ്യക്കാരൻ ആണെന്നും മുൻകോപിയാണെന്നും വിലയിരുത്തുന്നത് തെറ്റാണെന്ന് സംഗീത സംവിധായകൻ ശരത് തുറന്നു പറഞ്ഞിട്ടുണ്ട്.

സംഗീതത്തെ വൈകൃതം ആക്കുന്നവരോട് പി ജയചന്ദ്രന് എക്കാലവും ദേഷ്യ ഭാവമാണ് ഉണ്ടായിട്ടുള്ളത്. വൈകൃത സംഗീതത്തെ അംഗീകരിക്കാൻ പി ജയചന്ദ്രൻ എക്കാലവും തയ്യാറായിരുന്നില്ല. മധുര വാക്കുകളുമായി കടന്നുവരുന്നവരോട് സംഗീതത്തിന്‍റെ ആഴം നോക്കി മാത്രം സംസാരിക്കുന്ന സ്വഭാവവും പി ജയചന്ദ്രന് ഉണ്ടായിരുന്നു.

ഇന്നാട്ടിലെ പല പാട്ടുകാരും പാട്ടു കേൾക്കാറില്ല എന്നാണ് പി ജയചന്ദ്രൻ ഒരിക്കൽ അഭിപ്രായപ്പെട്ടത്. എന്നാൽ താൻ നല്ലൊരു കേൾവിക്കാരനാണ്. എല്ലാ പാട്ടുകാരുടെയും പാട്ടുകൾ കേൾക്കും. സംഗീതമയമായിരുന്നു പി ജയചന്ദ്രന്‍റെ ജീവിതം. പാട്ടു കേൾക്കുകയായിരുന്നു അദ്ദേഹത്തിന്‍റെ പ്രധാന ഹോബി. സംഗീതത്തിൽ ഉപരി അഭിനയിക്കാനും ഇഷ്‌ടമുള്ള ഒരാളായിരുന്നു പി ജയചന്ദ്രൻ. താൻ പാടിയ പല ഹിറ്റ് ഗാനങ്ങളിലും പാടി അഭിനയിക്കാൻ അവസരം ലഭിച്ചിരുന്നെങ്കിൽ എന്ന് ആഗ്രഹമുണ്ടായിരുന്നതായി അദ്ദേഹം മുൻപ് തുറന്നു പറഞ്ഞിട്ടുണ്ട്.

1958ലെ സംസ്ഥാന സ്‌കൂൾ കലോത്സവത്തിൽ ആയിരുന്നു യേശുദാസും ആയുള്ള പി ജയചന്ദ്രന്‍റെ ബന്ധം ദൃഢമാകുന്നത്. യേശുദാസ് മികച്ച ഗായകനായപ്പോൾ മൃദംഗത്തിൽ ഒന്നാം സമ്മാനം ലഭിച്ചത് പി ജയചന്ദ്രന് ആയിരുന്നു. ഇരുവരും പരസ്‌പരം ആദ്യമായി കണ്ടുമുട്ടുന്നതും 1958ലെ കലോത്സവ വേദിയിൽ വച്ചായിരുന്നു. പിന്നീട് രണ്ട് വർഷങ്ങൾക്കുശേഷം പി ജയചന്ദ്രൻ ഡിഗ്രിക്ക് പഠിക്കുന്ന സമയത്ത് തന്‍റെ ജേഷ്‌ഠനെ കാണാനായി മദ്രാസിലേക്ക് പോവുകയുണ്ടായി.

1958 ലെ കലോത്സവത്തിന്‍റെ സമാപന സമ്മേളനത്തിൽ യേശുദാസിന്‍റെ കച്ചേരിക്ക് മൃദംഗം വായിക്കുന്ന പി ജയചന്ദ്രന്‍ (ETV Bharat)

അവിടെ വച്ചാണ് കലോത്സവത്തിന് ശേഷം വീണ്ടും യേശുദാസിനെ കാണുന്നത്. 15 ദിവസത്തോളം ഇരുവരും ഒരുമിച്ച് ഉണ്ടായിരുന്നു. പാട്ടും തമാശകളുമായി ഇരുവരും തമ്മിലുള്ള ആത്മസൗഹൃദം വളർന്നു. ആ ബന്ധത്തിന് പിന്നെ അണ മുറിയൽ സംഭവിച്ചിട്ടില്ല. ചെന്നൈയിൽ ജോലി ചെയ്യുമ്പോഴും സമയം കിട്ടുമ്പോഴൊക്കെ യേശുദാസിനെ പി ജയചന്ദ്രൻ കാണാൻ പോകുമായിരുന്നു. ദാസേട്ടൻ റെക്കോർഡിങ്ങിന് പോകുമ്പോൾ പി ജയചന്ദ്രനെയും ഒപ്പം കൂട്ടും.

അങ്ങനെയൊരു ഒപ്പം കൂട്ടലിലാണ് മലയാളത്തിന്‍റെ വിഖ്യാത സംഗീതജ്ഞൻ ജി ദേവരാജൻ മാസ്റ്ററെ യേശുദാസ് പി ജയചന്ദ്രന് പരിചയപ്പെടുത്തി കൊടുക്കുന്നത്. ദാസേട്ടൻ പാടിയ മാണിക്യവീണയുമായി എന്ന സൂപ്പർഹിറ്റ് ഗാനത്തിന്‍റെ റെക്കോർഡിങ് വേളയിൽ ആയിരുന്നു ദേവരാജൻ മാസ്റ്ററെ പി ജയചന്ദ്രന് യേശുദാസ് പരിചയപ്പെടുത്തി കൊടുക്കുന്നത്. തുടർന്ന് പി ജയചന്ദ്രൻ എന്ന ചരിത്രം ഉടലെടുക്കുന്നു.

തുടർ ചരിത്രം മലയാളിക്ക് പറഞ്ഞു ബോധ്യപ്പെടുത്തി തരേണ്ട കാര്യമില്ല. എന്തും വെട്ടി തുറന്നു പറയാൻ പി ജയചന്ദ്രന് യാതൊരു മടിയും ഉണ്ടായിരുന്നില്ല. ദേവരാജൻ മാസ്റ്ററും ജോൺസനും മലയാളിക്ക് സമ്മാനിച്ച സംഗീതശൈലിയെ രവീന്ദ്രൻ മാഷ് വൈകൃതമായി ഉടച്ച് എറിഞ്ഞു എന്നുപോലും പി ജയചന്ദ്രൻ ഒരിക്കൽ പ്രസ്‌താവിക്കുകയുണ്ടായി. രവീന്ദ്രൻ മാഷ് പി ജയചന്ദ്രന്‍റെ ഏറ്റവുമടുത്ത സുഹൃത്തുക്കളിൽ ഒരാളാണെന്ന് ഓർക്കണം.

രവീന്ദ്രൻ മാഷ് കരിയറിൽ ഒന്നും ആകാത്ത സമയത്ത് പി ജയചന്ദ്രന്‍റെ മുറിയിൽ ആയിരുന്നു അന്തേവാസിയായി താമസിച്ചിരുന്നത്.
എന്നിട്ടും തന്‍റെ കാഴ്‌ചപ്പാടിന് യോജിക്കാത്ത സംഗീതത്തിന്‍റെ പേരിൽ രവീന്ദ്രൻ മാഷിനെ വിമർശിക്കുന്നതിൽ പി ജയചന്ദ്രന് മടിയുണ്ടായിരുന്നില്ല. മലയാളത്തിലെ ക്ലാസിക് ഗാനങ്ങളെ റീമിക്‌സ് ചെയ്യുന്ന പ്രവണതയെ പി ജയചന്ദ്രൻ എതിർത്തിരുന്നു.

സംഗീതത്തോട് ചെയ്യുന്ന ദ്രോഹം ആണെന്നാണ് അദ്ദേഹം ഇക്കാര്യത്തെ വിശേഷിപ്പിച്ചത്. ദേവരാജൻ മാഷിനെയും ബാബുക്കയെയും, ദക്ഷിണാമൂർത്തി സ്വാമികളെയും അർജുനൻ മാസ്റ്ററെയും ദൈവതുല്യമായാണ് പി ജയചന്ദ്രൻ കണ്ടിരുന്നത്. അവർക്ക് മേലെ മലയാളത്തിലെ എന്നല്ല ലോകത്തിലെ തന്നെ ഒരു സംഗീതജ്ഞരെയും പ്രതിഷ്‌ഠിക്കാൻ പി ജയചന്ദ്രൻ ഒരുക്കമായിരുന്നില്ല. സുശീലാമ്മയുടെ പാട്ടുകളോട് ഈ ജയചന്ദ്രന് എക്കാലവും ആവേശമായിരുന്നു. സുശീലാമ്മയ്ക്ക് മുകളിൽ മറ്റൊരു ഗായികയെ പി ജയചന്ദ്രൻ പ്രതിഷ്‌ഠിച്ചിട്ടില്ല.

ഭാരതപ്പുഴയുടെ തീരങ്ങളാണ് പി ജയചന്ദ്രന് ഏറ്റവും ഇഷ്‌ടപ്പെട്ട സ്ഥലം. മനസിനെ എന്തെങ്കിലും തരത്തിലുള്ള ബുദ്ധിമുട്ടുകൾ ഉണ്ടായാൽ ഭാരതപ്പുഴയുടെ തീരത്താകും പി ജയചന്ദ്രൻ എത്തിച്ചേരുക. അവിടെ ചെന്ന് കാവ്യ പുസ്‌തകം ഒക്കെ പാടുക അദ്ദേഹം പതിവാണ്. ഇടക്കാലങ്ങളിൽ പാടുന്ന പാട്ടുകൾ ജനപ്രീതി ആർജിച്ചില്ലെങ്കിലും നാദത്തിന്‍റെ ശക്തിയാൽ ഈ സംഗീതലോകം വീണ്ടെടുക്കണമെന്ന് പി ജയചന്ദ്രന് വലിയ ആഗ്രഹമൊന്നും ഉണ്ടായിരുന്നില്ല. ഒരു പരദേശിയെ പോലെ സംഗീത ലോകത്തിന്‍റെ ഭാഗമായി ഉണ്ടാകണം. അത്രമാത്രമായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം.

വളരെയധികം നിലവാരമുള്ള ടെലിവിഷൻ അഭിമുഖങ്ങളിൽ മാത്രമാണ് പി ജയചന്ദ്രൻ പങ്കെടുത്തിരുന്നത്. തനിക്ക് ഇഷ്‌ടപ്പെടാത്ത ചോദ്യങ്ങളോട് യാതൊരു ദാക്ഷിണ്യവും കൂടാതെ റിപ്പോർട്ടറോട് ദേഷ്യ ഭാവത്തിൽ പ്രതികരിക്കും. അതുകൊണ്ടുതന്നെ പി ജയചന്ദ്രനെ അഭിമുഖം ചെയ്യാൻ മലയാളത്തിലെ മുൻനിര മാധ്യമപ്രവർത്തകർക്ക് എല്ലാം ഭയമായിരുന്നു. മലയാളത്തിലെ പ്രമുഖ ഉപഗ്രഹ ചാനൽ സംപ്രേഷണം ചെയ്‌തിരുന്ന സംഗീത സമാഗമം എന്ന പരിപാടിയിലാണ് പി ജയചന്ദ്രൻ ഏറ്റവും അധികം ഉള്ളുതുറന്ന് സംസാരിച്ചിട്ടുള്ളത്. ആ പരിപാടിയുടെ അവസാനം അദ്ദേഹം അത് തുറന്നു സമ്മതിച്ചിട്ടുണ്ട്.

ശാസ്ത്രീയമായി പി ജയചന്ദ്രൻ സംഗീതം പഠിച്ചിരുന്നില്ല. ശാസ്ത്രീയ സംഗീതമേ പഠിച്ചിട്ടില്ല. സംഗീതം പഠിച്ചിരുന്നെങ്കിൽ ഇങ്ങനെയൊക്കെ ഒരിക്കലും പാടാൻ സാധിക്കില്ല എന്നായിരുന്നു ആദ്യകാലത്തെ അഭിമുഖങ്ങളിൽ പി ജയചന്ദ്രൻ വ്യക്തമാക്കിയത്. . ശാസ്ത്രീയ സംഗീതം പഠിച്ചിട്ടില്ലാത്ത പി ജയചന്ദ്രൻ ശ്രുതി ശുദ്ധമായി 11 കീർത്തനങ്ങൾ പാടിയാണ് തന്‍റെ 77 -ാമത് പിറന്നാൾ ആഘോഷിച്ചത്. അങ്ങനെ ഒരു കാര്യവും അദ്ദേഹത്തെ വ്യത്യസ്‌തനാക്കുന്നു.

ഗായകർ പൊതുവേ തണുത്ത ഭക്ഷണം കഴിക്കരുതെന്ന് ഒരു ചൊല്ലുണ്ട്. ഗായകർക്ക് തൈര് പഥ്യം തന്നെ. യേശുദാസ് ആണെങ്കിൽ ജീവിതത്തിൽ തൈരു കഴിക്കില്ല. പക്ഷേ ജയചന്ദ്രന് തൈരില്ലാതെ ഒരിറ്റു വറ്റ് വായിലേക്ക് ഇറങ്ങില്ല. പഴയ ബ്രാഹ്മണ ആഢ്യത്വത്തിന്‍റെ സ്വഭാവ ദൂഷ്യങ്ങൾ തന്നിലുണ്ടെന്ന് പി ജയചന്ദ്രൻ തുറന്നു പറഞ്ഞിട്ടുണ്ട്. ഒരു കലാകാരനായി മാറിയില്ലായിരുന്നുവെങ്കിൽ ധാർഷ്ട്യം ഉള്ള ഒരു കാരണവരായി ഞാൻ മാറിയേനെ.

മുറുക്ക് വലിയ ഇഷ്‌ടമാണ് പി ജയചന്ദ്രന്. ഒരു സമയത്ത് തളിർ വെറ്റിലയിട്ട് മുറുക്കാതെ നല്ല പാട്ട് പോലും നാവിൽ വഴങ്ങില്ലായിരുന്നു. രണ്ടെണ്ണം അടിച്ചിട്ട് പാടുന്ന സ്വഭാവവും പി ജയചന്ദ്രന് ഉണ്ട്. അടിച്ചിട്ട് പാടുകയാണെങ്കിൽ ഓഡിയൻസിന്‍റെ മുഖത്ത് നോക്കില്ല. ശീലങ്ങളും ദുശ്ശീലങ്ങളും ഒന്നും തുറന്നു പറയാൻ പി ജയചന്ദ്രന് യാതൊരു ബുദ്ധിമുട്ടും ഉണ്ടായിരുന്നില്ല. ആരാധകരോട് വലിയ താത്പ‌ര്യം ഒന്നും പി ജയചന്ദ്രന് ഉണ്ടായിരുന്നില്ല.

P Jayachandran File Photo (ETV Bharat)

ആരാധകരായ താരങ്ങളോടും ഉദ്യോഗസ്ഥരോടും പോലും നീ ആരാ എന്ന് തിരിച്ചു ചോദിച്ച ചരിത്രമാണ് പി ജയചന്ദ്രന് ഉള്ളത്. ഒരിക്കൽ ഐ എം വിജയൻ ചേട്ടന്‍റെ ആരാധകനാണെന്ന് സ്വയം അദ്ദേഹത്തോട് പരിചയപ്പെടുത്തിയപ്പോൾ ഞാനല്ലേ നിന്‍റെ ആരാധകൻ എന്ന് ചേർത്തുപിടിച്ച കഥയും ചരിത്രത്തിന്‍റെ ഭാഗം.

പി ജയചന്ദ്രൻ എന്ന പാട്ടുകാരനോട് അദ്ദേഹത്തിന് സ്വയം മതിപ്പില്ലായിരുന്നു. ഞാൻ നല്ല പാട്ടുകാരൻ അല്ല എന്നുതന്നെയായിരുന്നു തന്നെ വിമർശിക്കുന്നവരോടുള്ള അദ്ദേഹത്തിന്‍റെ മറുപടി. എന്നാൽ പാട്ടുകളെ കുറിച്ചുള്ള ജ്ഞാനത്തിൽ പി ജയചന്ദ്രനെ വെല്ലുവിളിക്കുക അസാധ്യം. ആസ്വാദകൻ എന്ന രീതിയിൽ സംഗീതത്തെക്കുറിച്ച് പി ജയചന്ദ്രനോട് തർക്കിച്ച് ജയിക്കുക അത്ര എളുപ്പമല്ല. എല്ലാ ഭാഷയിലെ ഗാനങ്ങളെക്കുറിച്ചും സംഗീതജ്ഞരെക്കുറിച്ചും അഗാധമായ അറിവുണ്ടായിരുന്നു പി ജയചന്ദ്രന്.

എം എസ് വിശ്വനാഥൻ, പി സുശീല, മുഹമ്മദ് റാഫി ഈ മൂന്ന് പേരുകൾ മതി ഏതൊരു വ്യക്തിക്കും പി ജയചന്ദ്രനെ വരുതിയിൽ കൊണ്ടുവരാം. ഈ മൂന്നു പേരോടുമുള്ള അദ്ദേഹത്തിന്‍റെ ആരാധന ഭ്രാന്തമാണ്. മേൽപ്പറഞ്ഞവരെ കുറിച്ചോ അവരുടെ പാട്ടുകളെ കുറിച്ചോ എന്തെങ്കിലും തരത്തിലുള്ള വിമർശനം ആരെങ്കിലും ഉന്നയിച്ചാൽ പി ജയചന്ദ്രൻ സട കുടഞ്ഞ് എഴുന്നേൽക്കും.

പവൻ പോലെ തിളങ്ങുന്ന വ്യക്തിത്വം എന്നാണ് മലയാള സിനിമ ഇൻഡസ്ട്രിയിൽ പി ജയചന്ദ്രനെ വിശേഷിപ്പിക്കുക. കാലത്തിനനുസരിച്ച് വസ്ത്രം ധരിക്കും. ലഭ്യമായതിൽ ഏറ്റവും മുന്തിയ വസ്ത്രങ്ങളും ബ്രാൻഡുകളും സ്വന്തമാക്കുന്നതിന് പി ജയചന്ദ്രന് യാതൊരു മടിയും ഉണ്ടായിരുന്നില്ല. മീശയാണ് ട്രേഡ് മാർക്ക്. ഓരോ വേദിയിലും ഓരോ സ്റ്റൈലിൽ ആകും പി ജയചന്ദ്രന്‍റെ മീശ.

വി കെ പ്രകാശ് എന്ന സംവിധായകൻ പി ജയചന്ദ്രന്‍റെ കടുത്ത ആരാധകൻ ആയതുകൊണ്ട് മാത്രമാണ് ട്രിവാൻഡ്രം ലോഡ്‌ജ് എന്ന സിനിമയിൽ അഭിനയിക്കാൻ അദ്ദേഹം സമ്മതം മൂളിയത്. ജീവിതത്തിൽ എന്ത് കാര്യങ്ങൾക്ക് ഇറങ്ങിപ്പുറപ്പെടുന്നതിനും പി ജയചന്ദ്രന് ഒരു കാരണം വേണമായിരുന്നു. അത് അദ്ദേഹത്തെ കൺവിൻസ് ചെയ്യുകയും വേണം.

ഗുരുവായൂരപ്പന്‍റെ കടുത്ത ഭക്തനാണ് പി ജയചന്ദ്രൻ. ആരോഗ്യസ്ഥിതി മോശമായി സംഗീത ലോകത്തുനിന്ന് അദ്ദേഹം കഴിഞ്ഞ കുറച്ചു നാളുകൾക്കു മുമ്പ് മാറിനിൽക്കുകയുണ്ടായി. മൂന്നു മാസങ്ങൾക്കു മുമ്പാണ് വീണ്ടുമൊരു മലയാള ചിത്രത്തിൽ ഗാനമാലപിക്കാൻ അദ്ദേഹം എത്തിച്ചേരുന്നത്. എല്ലാം ഗുരുവായൂരപ്പന്‍റെ കൃപ എന്നാണ് തിരിച്ചുവരവിനെ അദ്ദേഹം വിശേഷിപ്പിച്ചത്.

Also Read:'ഒന്നിനി ശ്രുതി താഴ്ത്തി പാടുക പൂങ്കുയിലേ... എന്നോമൽ ഉറക്കമായ് ഉണർത്തരുതേ...'; ഒരിക്കലും ഉണരാത്ത ലോകത്തിലേക്ക് മലയാളത്തിന്‍റെ ഭാവഗായകന്‍

ABOUT THE AUTHOR

...view details