രണ്ട് പതിറ്റാണ്ടുകൾക്കിപ്പുറം മലയാളി ആരാധകരുടെ പ്രിയപ്പെട്ട ജോഡികളായ മോഹൻലാലും ശോഭനയും ഒന്നിച്ചഭിനയിക്കുന്നു. മലയാളത്തിന്‍റെ ഐക്കോണിക് ഓൺസ്‌ക്രീൻ കപ്പിൾ വരാനിരിക്കുന്ന 'എൽ 360'ലാണ് ഒന്നിക്കുന്നത്. തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന, സിനിമാസ്വാദകർ പ്രതീക്ഷയോടെ ഉറ്റുനോക്കുന്ന ഈ ചിത്രത്തിന്‍റെ ഷൂട്ടിങ്ങിന് തുടക്കമായി. ലൊക്കേഷനിൽ നിന്നുമുള്ള ചിത്രങ്ങൾ മോഹൻലാൽ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കിട്ടിട്ടുണ്ട്.
'രജപുത്ര വിഷ്വൽ മീഡിയയുടെ കീഴിൽ എം രഞ്ജിത്ത് നിർമ്മിക്കുന്ന, സംവിധായകൻ തരുൺമൂർത്തിയുടെ നേതൃത്വത്തിലുള്ള പ്രൊജക്‌ടിന്‍റെ ചിത്രീകരണം ആരംഭിച്ചു. സെറ്റിൽ എല്ലാവർക്കുമൊപ്പം പ്രാർത്ഥനയിൽ പങ്കുചേരുന്നു. എന്‍റെ 360-ാമത് ചലച്ചിത്ര സംരംഭം ആരംഭിക്കുന്ന ഈ വേളയിൽ ഞാൻ അഗാധമായ നന്ദി അറിയിക്കുകയും നിങ്ങളുടെ അനുഗ്രഹങ്ങൾ തേടുകയും ചെയ്യുന്നു', മോഹൻലാൽ ചിത്രങ്ങൾ പങ്കുവച്ചുകൊണ്ട് കുറിച്ചു.
കൂടാതെ, നടൻ ബിനു പപ്പുവും തന്‍റെ ഇൻസ്‌റ്റഗ്രാം അക്കൗണ്ടിൽ ഷൂട്ടിങ് ആരംഭിച്ച വിവിരം പങ്കുവച്ചിട്ടുണ്ട്. ക്ലാപ്പ്ബോർഡിന്‍റെ സ്‌നാപ്പ്ഷോട്ട് പോസ്‌റ്റ് ചെയ്‌ത ബിനു 'റോളിംഗ്' എന്ന് അടിക്കുറിപ്പ് നൽകിയിട്ടുണ്ട്. നേരത്തെ, 'എൽ 360' ടീമിൽ ചേരുന്നതിൽ സന്തോഷം പ്രകടിപ്പിച്ച് ശോഭന ഒരു ഇൻസ്‌റ്റഗ്രാം വീഡിയോ പുറത്തുവിട്ടിരുന്നു.
മോഹൻലാലിനൊപ്പമുള്ള ശോഭനയുടെ 56-ാമത്തെ ചിത്രമാണിത്. നാല് വർഷത്തെ ഇടവേളയ്‌ക്ക് ശേഷം നടി ശോഭന മലയാള സിനിമയിലേക്കുള്ള തിരിച്ചുവരവ് നടത്തുക കൂടിയാണ് ഈ ചിത്രത്തിലൂടെ. ഏതായാലും തങ്ങളുടെ പ്രിയപ്പെട്ട ജോഡി വീണ്ടും ബിഗ്‌സ്‌ക്രീനിൽ ഒന്നിക്കുന്നതിന്‍റെ ത്രില്ലിലാണ് ആരാധകർ.
ഏറെ പ്രേക്ഷക - നിരൂപക ശ്രദ്ധ നേടിയ 'ഓപ്പറേഷൻ ജാവ, സൗദി വെള്ളക്ക' എന്നീ സിനിമകൾക്ക് ശേഷം തരുൺ മൂർത്തി ഒരുക്കുന്ന ചിത്രമാണ് എൽ 360. ഈ സിനിമയുടെ പ്രഖ്യാപനം വന്നത് മുതൽ സിനിമാസ്വാദകർ ഏറെ ആവേശത്തിലാണ്. മലയാളത്തിലെ സർപ്രൈസ് ഹിറ്റായിരുന്നു തരുണ്‍ മൂർത്തിയുടെ ആദ്യ ചിത്രമായ 'ഓപ്പറേഷൻ ജാവ'.
2021ൽ പുറത്തിറങ്ങിയ 'ഓപ്പറേഷൻ ജാവ'യിൽ ലുക്‌മാൻ, ബാലു വർഗീസ്, ബിനു പപ്പു എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചത്. തരുണിന്‍റെ സംവിധാനത്തിൽ ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ 'സൗദി വെള്ളക്ക'യും കൈയ്യടി നേടി. ദേവി വർമ, ലുക്‌മാൻ, സുജിത്ത് ശങ്കർ, ബിനു പപ്പു, ധന്യ അനന്യ എന്നിവരാണ് 2022ൽ പുറത്തിറങ്ങിയ ഈ ചിത്രത്തിൽ കേന്ദ്ര കഥാപാത്രങ്ങളെ അവതരിപ്പിച്ചത്.
Also Read:
- 'പൊടി പോലും കിട്ടില്ല, പേടിച്ചാണ് ഷൂട്ടിങ്ങ് തുടര്‍ന്നത്' ; 'പഞ്ചവത്സര പദ്ധതി' അനുഭവം പറഞ്ഞ് കുഞ്ഞികൃഷ്‌ണന്‍ മാസ്റ്റര്‍
- 'അഡ്വാന്‍സ് തന്നത് 10,000 രൂപ; ആ ചിത്രം വൈകാന്‍ കാരണം ശോഭന! വിഷമം തോന്നിയിട്ട് അഭിനയിക്കേണ്ടെന്ന് തീരുമാനിച്ചു..': സുരേഷ് ഗോപി
- അമ്പതിലും കല്ലില്‍കൊത്തിയെടുത്ത ശില്‍പം പോലെ താരസുന്ദരി