ഹൈദരാബാദ്:ഇരുപത് വർഷം മുമ്പ്, 2004 ജനുവരി 30നാണ് വിശാൽ ഭരദ്വാജിന്‍റെ 'മഖ്ബൂൽ' ബിഗ് സ്‌ക്രീനിൽ എത്തിയത്. ഷേക്‌സ്‌പിയറിന്‍റെ 'മാക്‌ബത്തി'നെ ആധാരമാക്കി വിശാൽ ഭരദ്വാജ് ഒരുക്കിയ ഈ ചിത്രത്തിൽ ഇർഫാൻ ഖാനാണ് പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ചത്. ഇർഫാൻ ഖാൻ്റെ കരിയറിലെ ഒരു രത്നമായി 'മഖ്ബൂൽ' മാറി (Twenty years of Vishal Bhardwajs Maqbool).
'മിയാൻ മഖ്ബൂൽ' എന്ന കഥാപാത്രത്തെയാണ് ഇർഫാൻ ഈ ചിത്രത്തിൽ അവതരിപ്പിച്ചത്. സിനിമയുടെ ആഖ്യാനത്തെ നയിക്കുന്ന കേന്ദ്ര കഥാപാത്രമായിരുന്നു ഇത്. എന്നാൽ എല്ലായ്‌പ്പോഴും സ്‌ക്രീനിൽ വന്നുപോകുന്ന മുഖമായിരുന്നില്ല മിയാൻ മഖ്ബൂലിന്‍റേത്. പക്ഷേ എപ്പോഴൊക്കെ മിയാൻ മഖ്ബൂൽ സ്‌ക്രീനിൽ എത്തിയോ അപ്പോഴൊക്കെ അയാളുടെ ആധിപത്യമായിരുന്നു കാണികൾക്ക് മേൽ.
ധ്യാനാത്മകമായ പെരുമാറ്റത്തിലൂടെയോ അല്ലെങ്കിൽ തന്ത്രപരമായി നീങ്ങുന്ന ഡോൺ ആയോ കാമുകനായോ അയാൾ കാണികൾക്ക് മുന്നിൽ ഭാവാഭിനയത്തിന്‍റെ പുത്തൻ ഏടുകൾ കുറിച്ചിട്ടു. സിനിമയിലെ അനിഷേധ്യ സാന്നിധ്യമായി ഇർഫാൻ മാറി. പങ്കജ് കപൂർ, തബു, ഓം പുരി, നസീറുദ്ദീൻ ഷാ തുടങ്ങിയ പ്രമുഖ താരങ്ങളും ഈ ചിത്രത്തിൽ നിർണായക വേഷങ്ങളിൽ അണിനിരന്നു.
ആദ്യം മിയാൻ മഖ്ബൂൽ ആയി കെ കെ മേനോൻ, കമൽഹാസൻ തുടങ്ങിയ അഭിനേതാക്കളെയാണ് വിശാൽ ഭരദ്വാജ് ഷോർട്ട ലിസ്റ്റ് ചെയ്‌തത്. എന്നാൽ ആ സമയം അദ്ദേഹം തിഗ്മാൻഷു ധൂലിയയുടെ ക്രൈം ഡ്രാമയായ 'ഹാസിൽ' കാണാനിടയായി. 'ഹാസിലി'ലെ ഇർഫാൻ ഖാന്‍റെ പ്രകടനം കണ്ടതോടെ വിശാൽ ഭരദ്വാജ് ഒരുകാര്യം മനസിൽ കുറിച്ചിട്ടു- 'മഖ്ബൂലി'ലെ തന്‍റെ നായകൻ ഇർഫാൻ തന്നെ.
അടുത്തിടെ നടന്ന ഒരു പരിപാടിയിൽ, 'മഖ്ബൂലി'നായി ഇർഫാനെ ഓഡിഷൻ ചെയ്‌തിരുന്നോ എന്ന് ഒരാൾ വിശാലിനോട് ചോദിക്കുകയുണ്ടായി. നിറഞ്ഞ പുഞ്ചിരിയോടെയാണ് സംവിധായകൻ ആ ചോദ്യത്തിന് മറുപടി നൽകിയത്. ആർക്കാണ് ഇർഫാനെ ഓഡിഷൻ ചെയ്യാൻ ധൈര്യപ്പെടുക എന്നും ഏറ്റവും വലിയ വിഡ്ഢിയാകും അദ്ദേഹത്തെ ഓഡിഷൻ ചെയ്യുക എന്നുമായിരുന്നു വിശാൽ ഭരദ്വാജിന്‍റെ മറുപടി. ഇർഫാൻ്റെ മാസ്‌മരികമായ കണ്ണുകൾക്കും അവയ്‌ക്കുണ്ടായിരുന്ന പ്രത്യേക ആകർഷണത്തിനും വേദിയിൽ സംവിധായകൻ നന്ദിയും പറഞ്ഞു.
മനോജ് ബാജ്‌പേയിയും 'മഖ്‌ബൂലി'ലെ പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കാൻ ഏറെ താത്പര്യപ്പെട്ടിരുന്നുവത്രേ! ഇതിനായി നിരവധി തവണ നടൻ വിശാലിനെ ബന്ധപ്പെടുകയും ചെയ്‌തിരുന്നു. പക്ഷേ നിർഭാഗ്യവശാൽ, ആയിടയ്‌ക്കാണ് രാം ഗോപാൽ വർമ്മയുടെ 'സത്യ' സിനിമയിൽ ഗ്യാങ്സ്റ്ററായി മനോജ് ബാജ്‌പേയി പ്രത്യക്ഷപ്പെട്ടത്. അതിനാൽ 'മഖ്ബൂലി'ലും സമാന കഥാപാത്രത്തെ നടൻ അവതരിപ്പിക്കുന്നത് ശരിയല്ലെന്ന് സംവിധായകന് തോന്നി.
'മഖ്ബൂലി'ന്‍റെ നിർമാണം വിശാൽ ഭരദ്വാജിന് ഒട്ടും എളുപ്പമായിരുന്നില്ല. തന്‍റെ കാഴ്‌ചപ്പാടിന് ദൃശ്യഭാഷ്യമൊരുക്കാൻ അദ്ദേഹം ഏറെ പണിപ്പെട്ടു എന്നുവേണം പറയാൻ. പ്രധാന താരത്തെ കണ്ടെത്തുന്നത് മുതൽ പ്രതിഫലത്തുക വരെ ഒരു ഘട്ടത്തിൽ അദ്ദേഹത്തിന് വെല്ലുവിളി ഉയർത്തിയിരുന്നു.
'മഖ്ബൂൽ' സിനിമയുമായി ബന്ധപ്പെട്ട ചില കൗതുകകരമായ വസ്‌തുതകൾ ഇതാ:
- 'മഖ്ബൂലി'ൻ്റെ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ്, നസിറുദ്ദീൻ ഷായുടെ നേതൃത്വത്തിൽ എല്ലാ അഭിനേതാക്കൾക്കുമായി വർക്ക് ഷോപ്പ് നടത്തിയിരുന്നു. അക്കാലത്ത് വർക്ക്‌ഷോപ്പുകൾ ഒരു പതിവ് കാര്യമായിരുന്നില്ല. എന്നാൽ മൺസൂൺ വെഡ്ഡിംഗിനായി മീരാ നായർ പ്രീ-ഷൂട്ട് പരിശീലനം നടത്തിയതിൽ നിന്ന് 'മഖ്ബൂൽ' ടീം പ്രചോദനം ഉൾക്കൊള്ളുകയായിരുന്നു. വിശാൽ ഭരദ്വാജിൻ്റെ ആവശ്യപ്രകാരം അഭിനേതാക്കളെ അവരവരുടെ കഥാപാത്രങ്ങളിലേക്ക് ലയിപ്പിക്കുന്നതിൽ ഷാ വലിയ പങ്കാണ് വഹിച്ചത്.
- തുടക്കത്തിൽ പങ്കജ് കപൂറിനെ ചിത്രത്തിലെ 'കാക്ക' എന്ന കഥാപാത്രമായാണ് സംവിധായകൻ വിശാൽ ഭരദ്വാജ് മനസിൽ കണ്ടത്. എന്നാൽ പിന്നീട് അദ്ദേഹത്തെ 'മഖ്ബൂലി'ലെ 'അബ്ബാജി'യായി തെരഞ്ഞെടുത്തു. പീയൂഷ് മിശ്രയാണ് ഒടുക്കം 'കാക്ക'യെ അവതരിപ്പിച്ചത്.
- 'മാക്ബ'ത്തിലെ പങ്കജ് കപൂർ അവതരിപ്പിച്ച വേഷം നസീറുദ്ദീൻ ഷാ നിരസിച്ചിരുന്നു. ചിത്രത്തിലെ കോൺസ്റ്റബിളിൻ്റെ വേഷത്തിനാണ് അദ്ദേഹം മുൻഗണന നൽകിയത്. ഷാ തന്നെയാണ് ഈ കഥാപാത്രത്തിനായി പങ്കജ് കപൂറിനെ നിർദേശിച്ചതും.
- 'മഖ്ബൂലി'ലെ കേന്ദ്ര കഥാപാത്രത്തിനായി തീരുമാനിച്ചിരുന്നത് കെ കെ മേനോനെയാണ്. പക്ഷേ പിന്നീടദ്ദേഹത്തിന് പിന്നോട്ട് പോകേണ്ടിവന്നു. ചിത്രം വൈകി, അദ്ദേഹത്തിൻ്റെ അസാന്നിധ്യം കാസ്റ്റിംഗ് മാറ്റത്തിനും കാരണമായി.
- കമൽഹാസനായിരുന്നു സംവിധായകന്‍റെ അടുത്ത ഓപ്‌ഷൻ. എന്നാൽ നസീറുദ്ദീൻ ഷാ ഇതിനെ എതിർത്തു. "നിങ്ങൾ അവനോട് സംസാരിക്കുകയാണെങ്കിൽ, ഞാൻ പുറത്തുപോകും"- എന്നാണ് നസീറുദ്ദീൻ ഷാ വിശാൽ ഭരദ്വാജിനോട് പറഞ്ഞത്. ഒടുക്കം ഇർഫാൻ ടീമിന്‍റെ ഭാഗമായി.
- 'മഖ്ബൂലി'ൽ നായകനാക്കാൻ മനോജ് ബാജ്‌പേയി വിശാൽ ഭരദ്വാജിനെ വിളിച്ചത് 21 തവണയാണ്.
- ഷൂട്ടിംഗ് തുടങ്ങുന്നതിന് രണ്ടാഴ്‌ച മുമ്പ്, മധ്യപ്രദേശിലെ ഭോപ്പാലിലേക്ക് മുഴുവൻ അണിയറ പ്രവർത്തകരെയും കൊണ്ടുപോകാനുള്ള ചെലവ് വഹിക്കാൻ നിർമ്മാതാവ് വിസമ്മതിച്ചതോടെ വിശാൽ ഭരദ്വാജ് സിനിമ ഉപേക്ഷിക്കാൻ ഏറെക്കുറെ ഒരുങ്ങി.
- ഭോപ്പാലിലെ ഒരു പ്രത്യേക ഹവേലിയിൽ വച്ച് സിനിമയുടെ ചിത്രീകരണം നടത്താനാണ് ഭരദ്വാജ് ആലോചിച്ചത്. എന്നാൽ ബജറ്റ് പ്രശ്‌നങ്ങൾ അദ്ദേഹത്തിൻ്റെ കാഴ്‌ചപ്പാടിനെ പരിമിതപ്പെടുത്തി. ഇതിനിടെ നിർമ്മാതാവ് ഒരു സിനിമാറ്റിക് ട്വിസ്റ്റിലേക്ക് നീങ്ങുകയും ഭരദ്വാജിനോട് അദ്ദേഹത്തിന്‍റെ പ്രതിഫലമായ 30 ലക്ഷം രൂപ നൽകാൻ ആവശ്യപ്പെടുകയും ചെയ്‌തു. രണ്ടാമതൊന്ന് ആലോചിക്കാതെ തന്‍റെ സിനിമയ്‌ക്കായി അദ്ദേഹം ഇതിന് സമ്മതിച്ചു.
-
ഭരദ്വാജിൻ്റെ 30 ലക്ഷം എന്ന പ്രതിഫലത്തിൽ ഈ സിനിമയുടെ സംഗീതം, സംവിധാനം, എഴുത്ത് എന്നിവയെല്ലാം ഉൾപ്പെട്ടിരുന്നു. എന്നാൽ സിനിമ തൻ്റെ കാഴ്‌ചപ്പാടിന് അനുസൃതമാണെന്ന് ഉറപ്പാക്കാൻ അദ്ദേഹം ഇത് ഉപേക്ഷിക്കുകയായിരുന്നു.
അതേസമയം ഇർഫാൻ ഖാനെ സംബന്ധിച്ചിടത്തോളം, അദ്ദേഹത്തിന്‍റെ സിനിമ കരിയറിലെ ഒരു സുപ്രധാന നാഴികക്കല്ലായി 'മഖ്ബൂൽ' മാറി. അദ്ദേഹത്തിൻ്റെ ആദ്യ കൂറ്റൻ വിജയവും ഈ ചിത്രം അടയാളപ്പെടുത്തി. ഇന്ത്യൻ സിനിമാലോകം കണ്ട എക്കാലത്തെയും മികച്ച അഭിനേതാക്കളിൽ ഒരാളായി ഇർഫാൻ ഖാൻ മാറുന്നതിന് കാലം സാക്ഷിയായി.