എംടി വാസുദേവന്‍ നായരെന്ന വിഖ്യാത എഴുത്തുകാരനും മമ്മൂട്ടിയെന്ന മഹാനടനും നമ്മിലുള്ള ആത്‌മബന്ധം മലയാളിയ്‌ക്ക് മനപാഠമാണ്. ഇരുവരും കണ്ടുമുട്ടിയ അവസരങ്ങളൊക്കെ അവരെപ്പോലെ തന്നെ മലയാളിയും എന്നും ഓര്‍മിച്ചിരുന്നു. പ്രിയ എഴുത്തുകാരന്‍ മണ്‍മറയുമ്പോള്‍ അദ്ദേഹത്തിന്‍റെ വിയോഗം താങ്ങാനാകാതെ വേദനിക്കുകയാണ് മമ്മൂട്ടി.
താരം തന്‍റെ ഫേസ്‌ബുക്ക് പേജില്‍ ഹൃദയഹാരിയായ കുറിപ്പ് പങ്കിട്ടിട്ടുണ്ട്. ഒരു യുഗപ്പൊലിമ മറയുകയാണെന്നാണ് മമ്മൂട്ടി കുറിച്ചത്.
കുറിപ്പിന്‍റെ പൂര്‍ണ രൂപം
ചിലരെങ്കിലും പറയാറുണ്ട് എം.ടിയാണ് മമ്മൂട്ടിയെ കണ്ടെത്തിയതെന്ന്. കാണാൻ ആഗ്രഹിച്ചതും അതിനായി പ്രാർത്ഥിച്ചതും അങ്ങനെ അദ്ദേഹത്തെ കണ്ടെത്തിയതും ഞാനായിരുന്നു. കണ്ട ദിവസം മുതൽ ആ ബന്ധം വളർന്നു.
സ്നേഹിതനെപ്പോലെ, സഹോദരനെപ്പോലെ അത് പെരുകി.
നാലഞ്ച് മാസം മുമ്പ് എറണാകുളത്ത് ഒരു പ്രോഗ്രാമിനിടയിൽ കാലിടറിയ അദ്ദേഹത്തെ പിടിക്കാനാഞ്ഞ എന്‍റെ നെഞ്ചിൽ ചാഞ്ഞു നിന്നപ്പോൾ, ആ മനുഷ്യന്‍റെ മകനാണു ഞാനെന്നു എനിക്ക് തോന്നി.
ആ ഹൃദയത്തിലൊരിടം കിട്ടിയതാണ് സിനിമാ ജീവിതം കൊണ്ട് എനിക്കു ലഭിച്ച ഏറ്റവും വലിയ ഭാഗ്യം. അദ്ദേഹത്തിന്‍റെ ആത്മാംശമുള്ള നിരവധി കഥാപാത്രങ്ങളെ ഞാനവതരിപ്പിച്ചിട്ടുണ്ട്. അതൊന്നും ഓർക്കുന്നില്ലിപ്പോൾ. ഒരു യുഗപ്പൊലിമ മങ്ങി മറയുകയാണ്. എന്‍റെ മനസ്സ് ശൂന്യമാവുന്ന പോലെ തോന്നുന്നു. ഞാനെന്‍റെ ഇരു കൈകളും മലർത്തിവെക്കുന്നു.
മമ്മൂട്ടി പങ്കിട്ട ചിത്രം (Facebook Page/Mammootty) കോഴിക്കോട്ടെ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഇന്നലെ (ഡിസംബർ 25) രാത്രി 10 മണിയോടെയാണ് എംടിയുടെ അന്ത്യം. ഈ മാസം 15 നാണ് അദ്ദേഹത്തെ ശ്വാസകോശ സംബന്ധമായ അസുഖത്തെ തുടർന്ന് ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ഇതിനിടയിൽ ഹൃദയാഘാതവും സംഭവിച്ചു.
കഴിഞ്ഞ നാല് ദിവസം ആരോഗ്യനില ഗുരുതരമായി തന്നെ തുടരുകയായിരുന്നു. ഇന്നലെ കിഡ്‌നിയുടെയും ഹൃദയത്തിൻ്റെയും പ്രവർത്തനം മന്ദഗതിയിലായതോടെ രാത്രി 10 മണിയോടെ മരണം സംഭവിച്ചു.
എംടിയുടെ വിയോഗത്തിൽ സംസ്ഥാനത്ത് രണ്ട് ദിവസം ദുഖാചരണം പ്രഖ്യാപിച്ചിട്ടുണ്ട്. ഔദ്യോഗിക പരിപാടികള്‍ മാറ്റിവച്ചു. ഭൗതിക ശരീരം നടക്കാവ് കൊട്ടാരം റോഡിലെ വീടായ സിതാരയിൽ പൊതുദര്‍ശനത്തിന് വച്ചിരിക്കുകയാണ്. വൈകിട്ട് അഞ്ച് മണിക്ക് മാവൂർ റോഡ് ശ്‌മശാനത്തിലാണ് സംസ്‌കാരം.
Also Read: നികത്താനാകാത്ത നഷ്‌ടമെന്ന് മുഖ്യമന്ത്രി, മഹാമനുഷ്യനായിരുന്നെന്ന് പ്രതിപക്ഷ നേതാവ്; എംടിയ്‌ക്ക് അന്ത്യാഞ്ജലി