ഹൈദരാബാദ്:ബോക്‌സോഫീസില്‍ വമ്പന്‍ മുന്നേറ്റവുമായി മെഗാ സ്റ്റാര്‍ മമ്മൂട്ടിയുടെ പുതിയ ചിത്രം ഭ്രമയുഗം. രാഹുല്‍ സദാശിവന്‍റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രത്തില്‍ വ്യത്യസ്‌ത വേഷപ്പകര്‍ച്ചയിലാണ് മമ്മൂട്ടിയെത്തുന്നത്. ആദ്യ ദിനത്തില്‍ 3.10 കോടി കലക്‌ഷന്‍ നേടി ചിത്രം ബ്ലോക്ക്ബസ്റ്റർ ഹിറ്റിലേക്കെന്ന് സൂചന.
ആദ്യ ദിനത്തിന്‍റെ അത്രത്തോളം കലക്ഷന്‍ രണ്ടാം ദിനവുമുണ്ടായി. ബ്ലാക്ക് ആന്‍ഡ് വൈറ്റ് പശ്ചാത്തലത്തില്‍ ഒരുക്കിയ ചിത്രം ഏറെ ദുരൂഹതകളിലേക്ക് വിരല്‍ ചൂണ്ടുന്നതാണ്. കാഴ്‌ചക്കാരില്‍ നിന്നും നിരൂപകരില്‍ നിന്നും പോസിറ്റീവ് റിവ്യൂകളാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്.
മമ്മൂട്ടിയെ കൂടാതെ അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ, അമൽദ ലിസ് എന്നിവരും പ്രധാന കഥപാത്രങ്ങളായെത്തുന്ന ഹൊറര്‍ മൂവിയാണ് ഭ്രമയുഗം. കൊച്ചിയിലും ഒറ്റപ്പാലത്തുമായി ചിത്രീകരണം പൂര്‍ത്തിയാക്കിയ സിനിമ പ്രേക്ഷകരുടെ മനം കീഴടക്കി കൊണ്ടിരിക്കുകയാണെന്നും വാര്‍ത്തകളുണ്ട്.