മലയാള സിനിമ എക്കാലവും കയറ്റങ്ങളും ഇറക്കങ്ങളും നേരിടാറുണ്ട്. ചിലപ്പോള്‍ കാമ്പുള്ള സിനിമകൾ റിലീസാകാതിരിക്കുക, മറ്റ് ചിലപ്പോള്‍ മികച്ച ചിത്രങ്ങളുടെ തുടർച്ചയായുള്ള റിലീസുകൾ, സിനിമ മേഖലയുമായി ബന്ധപ്പെട്ട വിവാദങ്ങൾ... അങ്ങനെ മലയാളികളെ സംബന്ധിച്ചിടത്തോളം സിനിമ, എക്കാലവും എന്തെങ്കിലും ഒരു കാര്യത്തിൽ ചർച്ചയാകാറുണ്ട്. ഇപ്പോഴിതാ ഇതേ കുറിച്ച് ഇടിവി ഭാരതിനോട് സംസാരിക്കുകയാണ് നടനും സംവിധായകനും സാംസ്‌കാരിക ക്ഷേമ നിധി ബോര്‍ഡ് ചെയര്‍മാനുമായ മധുപാല്‍.
മറ്റു വിഷയങ്ങളെ സ്‌പർശിക്കാതെ, സാംസ്‌കാരിക ക്ഷേമനിധി ബോർഡിന്‍റെ ചെയർമാൻ എന്ന രീതിയിൽ സംസാരിക്കട്ടെ എന്ന് പറഞ്ഞ് കൊണ്ടാണ് മധുപാല്‍ സംസാരിച്ച് തുടങ്ങിയത്. 'ഒരു കാലത്ത് സിനിമ മേഖലയിലും മറ്റു കലാ മേഖലയിലും ശോഭിച്ചിരുന്ന പല പ്രതിഭകളും ഇന്ന്, അവശ കലാകാരന്‍മാര്‍ക്കുള്ള സാംസ്‌കാരിക ക്ഷേമ നിധി ബോർഡ് നൽകുന്ന 4,000 രൂപ പെൻഷന് വേണ്ടി കാത്ത് നില്‍ക്കാറുണ്ട്. ഒരുകാലത്ത് സാമ്പത്തിക അച്ചടക്കം ഇല്ലാതെ ജീവിച്ചവർ, കലാ മേഖലയിൽ പ്രവർത്തിച്ച് അവശരായി പോയവർ, തുടങ്ങി നിരവധി വ്യക്തിത്വങ്ങളെ ഞാൻ ഈ കസേരയിൽ വന്നിരുന്ന ശേഷം കണ്ടിട്ടുണ്ട്.
സിനിമ മേഖല ഏതെങ്കിലും ഒരു പ്രതിസന്ധി ഘട്ടത്തിലൂടെ കടന്നു പോകുമ്പോൾ പൊതുവെ കേൾക്കുന്ന ഒരു പ്രയോഗമാണ് "ഇവിടെ സിനിമയില്ലെങ്കിൽ എന്താ, എല്ലാം നശിച്ചു പോട്ടെ എന്നുള്ളത്". ഓർക്കുക, ഒരു വ്യക്തി 150 രൂപ ടിക്കറ്റ് എടുത്ത് ഒരു സിനിമ കാണുമ്പോൾ ചെയ്യുന്നത്, വലിയൊരു ചാരിറ്റി പ്രവർത്തനം കൂടിയാണ്. ടിക്കറ്റിൽ നിന്നുള്ള മൂന്നു രൂപ സെസ്, അവശ കലാകാരന്‍മാര്‍ക്കുള്ള സാംസ്‌കാരിക ക്ഷേമനിധി ബോർഡിലേക്കാണ് വരുന്നത്.
ഈ തുകയാണ് നാടക മേഖലയിൽ പ്രവർത്തിച്ചവർ, അനുഷ്‌ഠാന കലാമേഖലയിൽ പ്രവർത്തിച്ചവർ, 60 വയസു കഴിഞ്ഞ അവശ കലാകാരന്‍മാര്‍ തുടങ്ങിയവര്‍ക്ക് പെൻഷൻ തുക നൽകാനായി ഉദകുന്നത്. അവരുടെ മെഡിക്കൽ ഇൻഷുറൻസ് അടക്കമുള്ള പദ്ധതികൾ വരുമാനത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നതും. പലപ്പോഴും ഞാൻ ഭയന്നും ആശങ്കയോടും കൂടിയാണ് ചില കാര്യങ്ങളെ നോക്കിക്കാണുന്നത്.