നടൻ ജോജു ജോർജ് ആദ്യമായി തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണ് പണി. ചിത്രത്തിന്‍റെ റിലീസ് അടക്കമുള്ള കാര്യങ്ങൾ അണിയറ പ്രവർത്തകർ ഇടിവി ഭാരതിനോട് പങ്കുവച്ചു. ചിത്രത്തിന്‍റെ പോസ്‌റ്റർ ജോലികൾ എല്ലാം തന്നെ ഇതിനോടകം ഏകദേശം പൂർത്തിയായി കഴിഞ്ഞിട്ടുണ്ട്. മിക്‌സിങ് ജോലികളും ആരംഭിച്ചിട്ടുണ്ട്. റീ റെക്കോർഡിങ്ങിന്‍റെ ചെറിയൊരു ശതമാനം ഇനി പൂർത്തിയാകാൻ ഉണ്ട്. വർക്കുകൾ ഉടൻ പൂർത്തിയാക്കി ഒക്ടോബർ അവസാനം ചിത്രം തിയേറ്ററിൽ എത്തിക്കാനാണ് ശ്രമിക്കുന്നത്.
A Still From The Movie (ETV Bharat) ജോഷി സംവിധാനം ചെയ്‌ത ആന്‍റണി എന്ന ചിത്രത്തിനുശേഷം അഭിനയിക്കാനായി ജോജു ജോർജ് മറ്റ് മലയാള സിനിമകളുടെ കരാറിൽ ഒപ്പു വച്ചിട്ടില്ല. അദ്ദേഹം തന്നെ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന പണിയുടെ ചിത്രീകരണത്തിന്‍റെ ഭാഗമായി ഒരു വർഷത്തോളം അഭിനയ ലോകത്ത് നിന്ന് വിട്ടു നിൽക്കുകയായിരുന്നു. എങ്കിലും നേരത്തെ കമ്മിറ്റ് ചെയ്‌ത കാർത്തിക് സുബ്ബരാജ് സൂര്യ ചിത്രം 'സൂര്യ 44' ലും കമൽഹാസൻ മണി രത്നം ചിത്രം തഗ് ലൈഫിലും അഭിനയിക്കാനായി ജോജു ജോർജ് പണിയുടെ ചിത്രീകരണത്തിന് ഇടയിൽ നിന്നും മാറി നിന്നിട്ടുണ്ട്.
തഗ് ലൈഫിന്‍റെ ചിത്രീകരണത്തിനിടയിൽ ജോജു ജോർജിന്‍റെ കാലിന് പരിക്കേറ്റിരുന്നു. ചികിത്സയിൽ കഴിയുന്നതിനിടയിലും പണിയുടെ പോസ്‌റ്റ് പ്രൊഡക്ഷൻ വർക്കുകളിൽ അദ്ദേഹം സജീവമായിരുന്നു. ചിത്രം നിർമ്മിച്ചിരിക്കുന്നതും ജോജു ജോർജ് തന്നെയാണ്.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക.
ജോജു തന്നെയാണ് ചിത്രത്തിൽ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്നത്. ബിഗ് ബോസ് താരം ജുനൈസും സാഗർ സൂര്യയും ആണ് മറ്റു പ്രധാന താരങ്ങൾ. ഒരു നടൻ എന്നതിൽ അപ്പുറം മികച്ച സംവിധായകനാണ് ജോജു ജോർജ് എന്നാണ് ചിത്രത്തിലെ മറ്റ് അണിയറ പ്രവർത്തകരുടെ അഭിപ്രായം.
അഭിനയയാണ് ചിത്രത്തിലെ പ്രധാന നായിക കഥാപാത്രങ്ങളിൽ ഒരാൾ. അഭിനയക്ക് കേൾക്കാനോ സംസാരിക്കാനോ സാധിക്കില്ല. കോമ്പിനേഷൻ രംഗങ്ങളിൽ അഭിനയയെ കാര്യങ്ങൾ പറഞ്ഞു മനസ്സിലാക്കുന്ന ജോജു ജോർജ് എന്ന സംവിധായകനെ അണിയറ പ്രവർത്തകർ കൗതുകത്തോടെ നോക്കി നിന്നിട്ടുണ്ട്.
'MARANNADU PULLE' VIDEO SONG OUT NOW (ETV Bharat) മംഗ്ലീഷിൽ ഡയലോഗുകൾ എഴുതി നൽകിയ ശേഷം ജോജു ജോർജ് അഭിനയയ്ക്ക് കൃത്യമായ മീറ്റർ അഭിനയിച്ച് കാണിച്ച് നൽകും. ഒറ്റയ്ക്കുള്ള രംഗമാണെങ്കിൽ വലിയ ബുദ്ധിമുട്ട് ഉണ്ടാകില്ല. പക്ഷേ ജോജു ജോർജ് അടക്കം നിരവധി കഥാപാത്രങ്ങളോടൊപ്പം കോമ്പിനേഷൻ രംഗങ്ങൾ വരുമ്പോൾ അഭിനയയെ ഡയറക്‌ട് ചെയ്യുന്നത് ഒരൽപം ചലഞ്ചിങ് ആണ്. പക്ഷേ വളരെ ഈസിയായി ജോജു ജോർജ് അതൊക്കെ കൈകാര്യം ചെയ്‌തുവെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു.
ചിത്രത്തിലെ ആദ്യ ഗാനം" മറന്നാടു പുള്ളേ " ഇപ്പോൾ സോഷ്യൽ മീഡിയയിലൂടെ പ്രേക്ഷകർക്കായി പുറത്തു വിട്ടിട്ടുണ്ട്. മുഹ്സൻ പേരാരിയുടെ വരികൾക്ക് സംഗീതം ഒരുക്കിയത് വിഷ്‌ണു വിജയ് ആണ്. വിഷ്‌ണു വിജയ് തന്നെയാണ് ഗാനം ആലപിച്ചിരിക്കുന്നതും. 'ഒരു പണി അതിനൊരു മറുപണി' എന്നതാണ് സിനിമയുടെ ആശയം. കൂടുതൽ വിശദാംശങ്ങൾ പ്രമോഷൻ വേളകളിൽ പ്രേക്ഷകരെ അറിയിക്കാമെന്ന് ജോജു ഉറപ്പു നൽകിയിട്ടുണ്ട്.
Also Read:അനശ്വര രാജന് 2 നായകന്‍മാര്‍; സസ്‌പെന്‍സ് ഒളിപ്പിച്ച് പുണ്യാളന്‍ ഫസ്‌റ്റ് ലുക്ക് പോസ്‌റ്റര്‍