കേരളം

kerala

ETV Bharat / entertainment

"നിനക്കെന്‍റെ മുന്നിൽ വരാൻ ധൈര്യമുണ്ടോ?" ഇത് ജോജുവിന്‍റെ ഭീഷണിയോ? - JOJU GEORGE THREATENS RESEARCHER

പണി സിനിമയെ വിമര്‍ശിച്ച ഗവേഷണ വിദ്യാര്‍ത്ഥിയെ ജോജു ജോര്‍ജ് ഭീഷണിപ്പെടുത്തിയെന്ന് ആരോപണം. സിനിമയിലെ റേപ്പ് സീനുകളെ വിമര്‍ശിച്ച് കൊണ്ട് ആദര്‍ശ് ഫേസ്‌ബുക്കില്‍ പോസ്‌റ്റ് പങ്കുവച്ചതിന് പിന്നാലെയായിരുന്നു സംഭവം.

PANI MOVIE NEGATIVE REVIEW  PANI  ജോജു ജോര്‍ജ് ഭീഷണി  പണി
Joju George (ETV Bharat)

By ETV Bharat Entertainment Team

Published : Nov 2, 2024, 10:32 AM IST

ജോജു ജോര്‍ജിന്‍റെ പണി സിനിമയെ വിമര്‍ശിച്ച ഗവേഷണ വിദ്യാര്‍ത്ഥിയെ നടനും സംവിധായകനുമായ ജോജു ജോര്‍ജ് ഭീഷണിപ്പെടുത്തിയെന്ന് ആരോപണം. ഗവേഷക വിദ്യാര്‍ത്ഥിയായ ആദര്‍ശ് എച്ച്.എസിനെയാണ് ജോജു ജോര്‍ജ് ഫോണില്‍ വിളിച്ച് ഭീഷണിപ്പെടുത്തിയത് ആരോപണം. പണി റിലീസിന് പിന്നാലെ സിനിമയിലെ റേപ്പ് സീനുകളെ വിമര്‍ശിച്ച് കൊണ്ട് ആദര്‍ശ് ഫേസ്‌ബുക്കില്‍ ഒരു കുറിപ്പ് പങ്കുവച്ചിരുന്നു.

ഇതില്‍ പ്രകോപിതനായ ജോജു ജോര്‍ജ് തന്നെ വിളിച്ച് ഭീഷണിപ്പെടുത്തുകയായിരുന്നു എന്നാണ് ഗവേഷക വിദ്യാര്‍ത്ഥി പറയുന്നത്. ജോജുവിന്‍റെ ഓഡിയോ സഹിതം ആദര്‍ശ് ഫേസ്‌ബുക്കില്‍ പങ്കുവച്ചതോടെ സംഭവം ചര്‍ച്ചയായി. ഇതോടെ ജോജു ജോര്‍ജിനെതിരെ വ്യാപക വിമര്‍ശനമാണ് സോഷ്യല്‍ മീഡിയയില്‍ ഉയരുന്നത്.

സിനിമയിലെ ഒരു റേപ്പ് സീൻ രംഗം അപക്വമായി ചിത്രീകരിച്ചിരിക്കുന്നുവെന്നും പഴയകാല ബി ഗ്രേഡ് സിനിമകളിലെ റേപ്പ് സീനുമായി രംഗത്തിന് സാമ്യതയുണ്ടെന്നും 'പണി' കണ്ട ശേഷം ആദർശ് സോഷ്യൽ മീഡിയയിൽ കുറിച്ചിരുന്നു. കൂടാതെ കഥാപാത്രങ്ങളുടെ പ്രകടനത്തിലും ചിത്രത്തിന്‍റെ ആവിഷ്‌കാരത്തിലും പോരായ്‌മകൾ ഉണ്ടെന്നും ആദർശ് കുറിച്ചിരുന്നു.

താൻ സോഷ്യൽ മീഡിയയിൽ പോസ്‌റ്റ് ചെയ്‌ത 'പണി' സിനിമയുടെ റിവ്യൂ ജോജു ജോർജിന്‍റെ സൈബർ സംഘം മുക്കിയെന്നും ആദർശ് ആരോപിക്കുന്നു. തന്‍റെ ആദ്യ പോസ്‌റ്റിന്‍റെ സ്ക്രീൻഷോട്ടും ജോജു ജോർജുമായുള്ള ഫോൺ സംഭാഷണത്തിന്‍റെ റെക്കോർഡിംഗും സമന്വയിപ്പിച്ചാണ് ആദർശ് തനിക്ക് നേരിടേണ്ടിവന്ന ഭീഷണി എന്ന ടാഗ് ലൈനുള്ള ഓഡിയോ പുറത്തുവിട്ടത്.

ജോജുവിന്‍റെ ഓഡിയോ സഹിതം ആദര്‍ശ് പങ്കുവച്ച ഫേസ്‌ബുക്ക് പോസ്‌റ്റ്-

"ജോജു ജോർജ് സംവിധാനം ചെയ്‌ത 'പണി' എന്ന ചിത്രത്തെ വിമർശനാത്‌മകമായി സമീപിച്ചു കൊണ്ട് ഇന്നലെ ഫേസ്ബുക്കിൽ ഒരു പോസ്‌റ്റ് ഇട്ടിരുന്നു. ഇന്ന് അത് വായിച്ച് അസഹിഷ്‌ണുത കയറിയ ജോജു ഭീഷണിപ്പെടുത്താനായി കുറച്ച് മുൻപ് വിളിച്ചു.

നേരിൽ കാണാൻ ധൈര്യമുണ്ടോയെന്നും, കാണിച്ചു തരാം എന്നുമൊക്കെയുള്ള ഭീഷണികൾ കേട്ട് ഭയപ്പെടുന്നവരെ ജോജു കണ്ടിട്ടുണ്ടാകും. എന്തായാലും അത്തരം ഭീഷണികൾ ഇവിടെ വിലപോവില്ല എന്ന് വിനയപൂർവം അറിയിക്കുകയാണ്. ജോജുവിനുള്ളത് ആ ഫോൺ കോളിൽ തന്നെ നൽകിയതാണ്. ഇവിടെ അത് പങ്കുവയ്ക്കുന്നത് ഇനിയൊരിക്കലും അയാൾ മറ്റൊരാളോടും ഇങ്ങനെ ചെയ്യാതിരിക്കാൻ വേണ്ടിയാണ്."

പണി കണ്ട ശേഷം സിനിമയെ വിമര്‍ശിച്ച് കൊണ്ടുള്ള ആദര്‍ശിന്‍റെ ഫേസ്‌ബുക്ക് പോസ്‌റ്റ്-

"റേപ്പ് എന്നത് ഏറെ ശ്രദ്ധയോടെ കൈകാര്യം ചെയ്യേണ്ട വിഷയമാണ്. ഒരു സിനിമയിൽ അത് ചിത്രീകരിക്കുമ്പോൾ അതിലേറെ സൂക്ഷ്‌മത ഉണ്ടാവേണ്ടതുണ്ട്. എന്നാൽ ജോജു ജോർജ് സംവിധാനം ചെയ്‌ത പണി എന്ന സിനിമയിൽ റേപ്പ് സീൻ കൈകാര്യം ചെയ്‌തിരിക്കുന്നത് അപക്വമായും സ്ത്രീ കഥാപാത്രത്തെ ഒബ്‌ജെക്‌ടിഫൈ ചെയ്യും വിധവുമാണ്. എങ്ങനെയാണ് റേപ്പ് ചിത്രീകരിക്കേണ്ടത്? അത് കാണുന്ന പ്രേക്ഷകനിൽ ആ കുറ്റകൃത്യത്തിന്‍റെ തീവ്രത ബോധ്യപ്പെടും വിധമാകണം.

കാണുന്ന വ്യക്തിക്ക് എമ്പതി തോന്നേണ്ടത് ആ റേപ്പ് ചെയ്യപ്പെട്ട വ്യക്തിയോടായിരിക്കണം. പക്ഷേ പണിയിൽ അത് പഴയകാല ബി ഗ്രേഡ് സിനിമകളെ ഓർമ്മിപ്പിക്കും വിധമാണ് ചെയ്‌ത് വച്ചിരിക്കുന്നത്. ദി റേപ്പിസ്‌റ്റ് പോലെയുള്ള ചിത്രങ്ങൾ റെഫെറന്‍സായി സ്വീകരിച്ചാൽ എങ്ങനെയാണ് റേപ്പ് പോര്‍ട്ര ചെയ്യേണ്ടത് എന്നതിൽ വ്യക്‌തത ലഭിക്കുന്നതാണ്.

ഇനി സിനിമയിലേക്ക് വന്നാൽ, പഴയ ഷാജി കൈലാസ് മാസ്‌ പടങ്ങളുടെ മാതൃകയിലെടുക്കണോ അതോ അങ്കമാലി ഡയറീസിൽ ലിജോ സ്വീകരിച്ചത് പോലെയൊരു സമീപനം വേണമോ എന്ന ആശയകുഴപ്പം ഉടനീളം പ്രകടമാണ്. ഒടുവിൽ രണ്ടുമല്ലാത്ത ഒരു അവിഞ്ഞ പരുവത്തിലാണ് സിനിമ പുറത്തുവരുന്നത്. തുടക്കം മുതൽ ഒടുക്കം വരെ നിറഞ്ഞു നില്‍ക്കുന്ന ആർട്ടിഫിഷ്യലായ കഥ പറച്ചിൽ രീതിയാണ് മറ്റൊരു പ്രശ്‌നം. മേക്കിംഗ് ക്വാളിറ്റിയിലും ഇതേ പ്രശ്‌നം കാണാം.

കഥ നടക്കുന്നത് തൃശൂരാണെന്ന് ബോധ്യപ്പെടുത്താനുള്ള തത്രപ്പാടാണ് ആദ്യം മുതൽ. ചിലയിടങ്ങിളിലൊക്കെ മമ്മൂട്ടിയുടെ ബ്ളാക്ക് സിനിമയുടെ മാതൃകകൾ സൃഷ്‌ടിക്കാനുള്ള ശ്രമവും കാണാം. സിനിമയിലെ ആകെ എംഗാജിംഗ് കഥാപാത്രങ്ങൾ സാഗറും ജുനൈസും ചെയ്‌ത വില്ലൻ വേഷമാണ്. എന്നാൽ രണ്ടാം പകുതിയിൽ വഴിയേ പോകുന്ന സീമ വരെ പിള്ളേരുടെ കൈ ചവിട്ടിയൊടിക്കുന്നത് അതുവരെ ബിള്‍ഡ് ചെയ്‌ത വന്ന ആ കഥാപാത്രങ്ങളുടെ ആറ്റിറ്റ്യൂട് നശിപ്പിക്കുന്നുണ്ട്.

ജോജു ഉടനീളം ഒരു കാറുമെടുത്ത് അങ്ങോട്ടും ഇങ്ങോട്ടും തെക്ക് വടക്ക് പറപ്പിക്കുന്നുണ്ട്. പോക്ക് കണ്ടാൽ ഇപ്പോൾ മലമറിക്കുമെന്ന് തോന്നുമെങ്കിലും വില്ലന്‍മാർ കൊന്ന് തള്ളുന്നവരെ പെറുക്കി ആശുപത്രിയിൽ കൊണ്ട് പോവുക എന്ന ആംബുലൻസ് ഡ്രൈവറുടെ പണി മാത്രമാണ് അയാൾക്കുള്ളത്. അഭിനയത്തിലും പഴയ സിനിമകളുടെ അതേ മാതൃകയാണ് ജോജു. ആകെയുള്ളൊരു ആശ്വാസം ജോജുവിന്‍റെ ഒപ്പം നടന്ന് അഭിനയിച്ച് വെറുപ്പിക്കുന്നവരെയൊക്കെ വില്ലന്‍മാർ കൃത്യമായ ഇടവേളകിൽ കൊന്ന് ശല്യം തീർത്തു തരുന്നു എന്നുള്ളത് മാത്രമാണ്.

ഈ സിനിമാ ഓള്‍ കേരള പെന്‍ഷനേഴ്‌സ്‌ ഗുണ്ടാ അസോസിയേഷന്‍ (All Kerala Pensioners Goonda Association) അംഗങ്ങൾക്ക് ഫ്രീ ടിക്കറ്റ് നൽകി കാണിക്കണം. തങ്ങൾ ചെയ്‌തിരുന്ന തൊഴിൽ എത്ര ബോറായിരുന്നു എന്ന് അവർക്ക് ശിഷ്‌ടകാലം പശ്ചാതാപം തോന്നി എരിഞ്ഞു ജീവിക്കണം" -ആദര്‍ശ് കുറിച്ചു.

Also Read: പാലും വെള്ളത്തിൽ പഞ്ചാരയിട്ട പൊളപ്പൻ 'പണി'; ജോജുവിന്‍റെ ചിത്രത്തിന് ലിജോ ജോസ് പെല്ലിശ്ശേരിയുടെ കിടിലൻ റിവ്യൂ

ABOUT THE AUTHOR

...view details