ജിമ്മി ലൂയിസ് ഇടിവി ഭാരതിനോട് ബെന്യാമിന്‍റെ 'ആടുജീവിതം' എന്ന നോവലിനെ ആസ്‌പദമാക്കി, അതേപേരിൽ ബ്ലെസി ഒരുക്കിയ സിനിമ പ്രേക്ഷകർ ഏറ്റെടുക്കുകയാണ്. വർഷങ്ങൾ നീണ്ട കാത്തിരിപ്പിനൊടുവിൽ തിയേറ്ററുകളിലേക്ക് എത്തിയ ചിത്രത്തെ ഹൃദയംകൊണ്ട് എതിരേൽക്കുകയാണ് പ്രേക്ഷകർ. 'ആടുജീവിതം' കണ്ണും മനസും നിറച്ചുവെന്നാണ് പ്രേക്ഷക പ്രതികരണങ്ങൾ.
പൃഥ്വിരാജ് നജീബ് എന്ന പ്രധാന കഥാപാത്രത്തെ അവതരിപ്പിച്ച ചിത്രത്തിൽ പ്രേക്ഷകരുടെ കണ്ണുകളുടക്കിയ ഒരാളുണ്ട്. ഹോളിവുഡ് നടൻ ജിമ്മി ജീൻ ലൂയിസ്. നജീബിന്‍റെ ജീവിതത്തിൽ രക്ഷകനായി കടന്നുവന്നയാൾ. തന്‍റെ സഹതാരമായ പൃഥ്വിരാജിനെക്കുറിച്ച് ഇടിവി ഭാരതിനോട് മനസുതുറക്കുകയാണ് ജിമ്മി ലൂയിസ്.
ഡിറ്റക്‌ടീവ് നൈറ്റ് റോഗ് എന്ന ബ്രൂസ് വില്ലിസ് പരമ്പരയിലാണ് ആടുജീവിതത്തിന് മുമ്പ് ജിമ്മി പ്രധാന വേഷത്തിൽ എത്തിയത്. പൃഥ്വിരാജിനെ ബ്രൂസ് വില്ലിസുമായി താരതമ്യം ചെയ്യുമ്പോൾ എന്തെങ്കിലും സമാനതകൾ കണ്ടെത്തിയോ എന്നതായിരുന്നു ജിമ്മിയോടുള്ള ആദ്യ ചോദ്യം. പൃഥ്വിരാജും ബ്രൂസ് വില്ലിസും താൻ കണ്ടതിൽ വച്ച് ഏറ്റവും മികച്ച നടന്മാരാണെന്ന് താരം പറഞ്ഞു.
2001ലാണ് താൻ ബ്രൂസ് വില്ലിസിനൊപ്പം ആദ്യമായി അഭിനയിക്കുന്നത്. 'ടിയേഴ്‌സ് ഓഫ് ദി സൺ' എന്നായിരുന്നു ഈ ചിത്രത്തിന്‍റെ പേര്. അന്ന് ബ്രൂസ് ലോകത്തിലെ തന്നെ ഏറ്റവും വിലപിടിപ്പുള്ള നടന്മാരിൽ ഒരാളാണ്. അക്കാലഘട്ടങ്ങളിൽ അഞ്ച് പ്രധാന നായകന്മാരാണ് ഹോളിവുഡ് ഭരിക്കുന്നത്. ബ്രൂസ് വില്ലിസ്, ടോം ഹാങ്‌സ്, ടോം ക്രൂസ്, ഡെൻസിൽ വാഷിങ്ങ്ടൺ, ലിയനാർഡോ ഡികാപ്രിയോ. ഇവരുടെ കഠിനാധ്വാനമാണ് ഒരുപക്ഷേ ഇവരെ ലോകത്തിലെ വിലപിടിപ്പുള്ള താരങ്ങൾ ആക്കിയത്.
വർഷങ്ങൾക്കുശേഷം ഡിറ്റക്‌ടീവ് നൈറ്റ് സീരീസിലൂടെ ബ്രൂസ് വില്ലീസിനോടൊപ്പം വീണ്ടും അഭിനയിക്കാനായി. വർഷങ്ങൾ എത്ര കഴിഞ്ഞാലും ഇവരുടെയൊന്നും ആത്മസമർപ്പണത്തിന് യാതൊരു കുറവും സംഭവിച്ചിട്ടില്ല. ബ്രാഡ്‌ലിലി കൂപ്പറും പൃഥ്വിരാജും അടക്കമുള്ള എല്ലാ പേരുകളും ചേർത്തു വായിക്കുന്നതിൽ ഒരു തെറ്റുമില്ല. മുൻപ് പറഞ്ഞ ഹോളിവുഡ് താരങ്ങൾ എല്ലാം തന്നെ അവരുടെ കരിയറിന്‍റെ മികച്ച സമയത്ത് നിൽക്കുമ്പോഴും തനിക്ക് നല്ല ആത്മബന്ധം ഉണ്ടായിരുന്നു. പൃഥ്വിരാജും ഇപ്പോൾ അയാളുടെ കരിയറിന്‍റെ മികച്ച സമയത്താണ്.
അദ്ദേഹവുമായി ഈ സിനിമയിലൂടെ എനിക്ക് ആത്മബന്ധം ഉണ്ടായി. ആടുജീവിതം സിനിമയ്‌ക്ക് വേണ്ടി പൃഥ്വിരാജ് എന്ന നടത്തിയ പ്രയത്നങ്ങൾ പറഞ്ഞറിയിക്കാൻ സാധിക്കാത്തതാണ്. അത്രയും പ്രഫഷണൽ ആണദ്ദേഹം. സിനിമയ്‌ക്ക് വേണ്ടി അദ്ദേഹം നടത്തിയ ബോഡി ട്രാൻസ്‌ഫർമേഷൻ അവിശ്വസനീയമാണ്.
31 കിലോ കുറച്ചതിലല്ല അതേ ഭാരം നിലനിർത്തിയതിനും അതിനുവേണ്ടി ചെയ്‌ത കഷ്‌ടപ്പാടിനെയുമാണ് താൻ മാനിക്കുന്നതെന്നും ആരെക്കൊണ്ടും ചെയ്യാൻ സാധിക്കാത്തതാണ് പൃഥ്വിരാജ് എന്ന നടൻ ചെയ്‌തതെന്നും ജിമ്മി ചൂണ്ടിക്കാട്ടി. ഒരുതരം ഭ്രാന്തമായ പ്രവർത്തി. ഹക്കീം എന്ന കഥാപാത്രം ചെയ്‌ത ഗോകുലും ഇതേ ട്രാൻസ്‌ഫർമേഷൻ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മാത്രമല്ല ആടുജീവിതം പൃഥ്വിരാജിന്‍റെ കരിയറിലെ പൊൻതൂവൽ തന്നെയായിരിക്കും എന്ന് ജിമ്മി പറഞ്ഞു. 'ഞാൻ മുകളിൽ പറഞ്ഞ ഹോളിവുഡ് താരങ്ങൾ എല്ലാം തന്നെ അവരുടെ സിനിമയ്‌ക്ക് വേണ്ടി പൃഥ്വിരാജ് എന്ത് ചെയ്‌തോ അത് തന്നെയാണ് ചെയ്‌തുകൊണ്ടിരിക്കുന്നത്. അവർക്കൊപ്പം പൃഥ്വിരാജിന്‍റെ പേരും ഒരിക്കൽ ലോകം അറിയും', ജിമ്മി ജീൻ ലൂയിസ് പറഞ്ഞുനിർത്തി.
Also Read:
- 'മരുഭൂമിയിലെ ജീവിതം എനിക്ക് പുത്തരിയല്ല, ഞാന്‍ മറ്റൊരു നജീബ്'; ജിമ്മി ജീൻ ലൂയിസ്
- 'ആ ബാഗ് തിരികെ കിട്ടുന്നതുവരെ ടെൻഷനായിരുന്നു, യഥാർഥ ഹക്കീമിനെ എന്നെങ്കിലും കണ്ടാൽ ഓടിപ്പോയി മുത്തംനൽകും...'
- കുന്നോളം സ്വപ്‌നവുമായി അറബിനാട്ടിലേക്ക്, നേരിട്ടത് കൊടുംക്രൂരതകളും ദുരിതവും; ഇത് അശോകന്‍റെ 'ആടുജീവിതം'