സൂരജ് സന്തോഷ്.. ഗായകന്‍, സംഗീതജ്ഞന്‍, ഗാന രചയിതാവ് എന്നീ നിലകളില്‍ പ്രശസ്‌തന്‍.. മസാല കോഫി എന്ന പ്രശസ്‌തമായ മ്യൂസിക് ബാൻഡിലൂടെ മലയാളികള്‍ക്കിടയില്‍ ശ്രദ്ധേയന്‍. മലയാളം, തമിഴ്, തെലുങ്ക് ഉള്‍പ്പെടെ എട്ട് ഭാഷകളിലായി 300ഓളം ഗാനങ്ങള്‍..
ദുൽഖർ സൽമാന്‍റെ ആദ്യ ചിത്രം 'സെക്കൻഡ് ഷോ'യിൽ ഗാനമാലപിച്ച് കൊണ്ടാണ് മലയാള സിനിമ പിന്നണി ഗാന ലോകത്തേക്കുള്ള സൂരജിന്‍റെ പ്രവേശം. എന്നാല്‍ 2008ൽ മണികാന്ത് കദ്രിയുടെ സംഗീത സംവിധാനത്തിൽ 'വില്ലഗെലോ വിനായകുടു' എന്ന തെലുങ്ക് ചിത്രത്തിൽ ഗാനം ആലപിച്ചുകൊണ്ടാണ് സൂരജ് സന്തോഷ് സിനിമയിൽ അരങ്ങേറ്റം കുറിച്ചത്. പിന്നീട് പ്രഭാസ് നായകനായ 'ഡാർലിംഗ്' എന്ന ചിത്രത്തിൽ 'ഇൻക ഏതോ' എന്ന ഗാനം ആലപിക്കാനുള്ള അവസരവും ലഭിച്ചു.
ശേഷം മഹേഷ് ബാബു, നന്ദമുരി ബാലകൃഷ്‌ണ, രവി തേജ, അല്ലു അർജുൻ, വിജയ് ദേവരക്കൊണ്ട, സായ് ധരൺ തേജ് തുടങ്ങി മുൻനിര തെലുങ്ക് താരങ്ങളുടെ ചിത്രങ്ങളിൽ പിന്നണി ഗാനങ്ങൾ ആലപിക്കാൻ സൂരജ് സന്തോഷിന് അവസരങ്ങൾ ലഭിച്ചു. സൂരജ് സന്തോഷ് പാടിയ ഗാനങ്ങളെല്ലാം തെലുങ്ക് രാഷ്ട്രത്തിൽ ബെഞ്ച് മാർക്കായി മാറുകയും ചെയ്‌തു.
Sooraj Santhosh (ETV Bharat) ഇതിനിടെ നിരവധി തമിഴ് ഹിറ്റ് ഗാനങ്ങളും സൂരജിന്‍റെ സ്വരത്തിൽ പിറന്നു. അതേസമയം സൂരജ് ഭാഗമായ മസാല കോഫി കേരളത്തിൽ തരംഗം സൃഷ്‌ടിച്ചു. 'കാന്താ ഞാനും വരാം', 'ആലായാൽ തറ വേണം' തുടങ്ങിയ ഗാനങ്ങൾ ഇന്ത്യയൊട്ടാകെ ട്രെൻഡായി മാറിയിരുന്നു. 'ഗപ്പി', 'കുമ്പളങ്ങി നൈറ്റ്സ്', 'അമ്പിളി', 'ആൻഡ്രോയിഡ് കുഞ്ഞപ്പൻ', 'മാലിക്', 'ജൂൺ', 'സോളോ' തുടങ്ങി മലയാള സിനിമകളിലെ ഗാനങ്ങൾ സൂരജ് സന്തോഷിനെ വിലപിടിപ്പുള്ള ഒരു ഗായകനാക്കി മാറ്റുകയായിരുന്നു.
സുരജ് സന്തോഷ് ആലപിച്ച ഏതെങ്കിലുമൊരു ഗാനം ഒരു ദിവസമെങ്കിലും മൂളാത്ത മലയാളി ഉണ്ടാകില്ല. 'ഉയിരിൽ തൊടും', 'ആരാധികേ', 'പുലരാൻ നേരം', 'എന്താവോ', 'തനിയെ' തുടങ്ങി മലയാളം ഹിറ്റ് ചാർട്ടിലെ നമ്പർ വൺ ഗാനങ്ങൾ സൂരജ് സന്തോഷാണ് പാടിയിരിക്കുന്നതെന്ന് പലർക്കും അറിയില്ല. ഇപ്പോഴിതാ തന്‍റെ സംഗീത വിശേഷങ്ങൾ ഇടിവി ഭാരതിനോട് പങ്കുവച്ചിരിക്കുകയാണ് സൂരജ് സന്തോഷ്.
Sooraj Santhosh (ETV Bharat) കൊല്ലം ജില്ലയിലെ പരവൂർ എന്ന ഗ്രാമത്തിൽ നിന്നും ഇന്ത്യ മുഴുവൻ കേൾക്കുന്ന ഗാനങ്ങളുടെ സ്വരമായി മാറിയ വിശേഷങ്ങൾ സൂരജ് പറഞ്ഞു തുടങ്ങി. സോണി ലിവിലൂടെ ഉടൻ സ്‌ട്രീമിംഗ് ആരംഭിക്കുന്ന 'സംഭവ വിവരണം നാളാര സംഘം' എന്ന വെബ് സീരീസിന്‍റെ സംഗീത സംവിധാനം നിര്‍വ്വഹിക്കുന്നത് സൂരജ് സന്തോഷ് ആണ്. സംഗീത ലോകത്തെ തന്‍റെ ഈ പുതിയ വിശേഷം ഗായകന്‍ ഇടിവി ഭാരതിനെ അറിയിക്കുകയായിരുന്നു.
"ഞാനും വർക്കി എന്നൊരു സുഹൃത്തും കൂടി ചേർന്നാണ് സീരീസിന് സംഗീത സംവിധാനം നിർവ്വഹിക്കുന്നത്. സംസ്ഥാന പുരസ്‌കാരം നേടിയ 'ആവാസവ്യൂഹം', 'പുരുഷ പ്രേതം' തുടങ്ങി സിനിമകൾ സംവിധാനം ചെയ്‌ത കൃഷാന്താണ് സംഭവ വിവരണം നാളാര സംഘം സംവിധാനം ചെയ്യുന്നത്," സൂരജ് സന്തോഷ് പറഞ്ഞു.
ആദ്യമായി സിനിമയില്‍ പാടിയ വിശേഷങ്ങളും ഗായകന്‍ പങ്കുവച്ചു. ഡിഗ്രിക്ക് പഠിക്കുന്ന സമയത്താണ് സൂരജിന് ആദ്യമായി തെലുങ്കില്‍ ഗാനം ആലപിക്കാന്‍ അവസരം ലഭിക്കുന്നത്. പിന്നീട് 2009ൽ ജിവി പ്രകാശ് കുമാർ സംഗീത സംവിധാനം നിർവ്വഹിച്ച ചിത്രത്തിന് വേണ്ടി ഒഡീഷനില്‍ പങ്കെടുത്ത് തിരഞ്ഞെടുക്കപ്പെട്ടതോടെ ഗാനം ആലപിക്കാനുള്ള അവസരം ലഭിക്കുകയും ചെയ്‌തുവെന്നും ഗായകന്‍ പറഞ്ഞു.
Sooraj Santhosh (ETV Bharat) "ആ സമയത്ത് ഞാൻ തിരുവനന്തപുരം മാർ ഇവാനിയോസ് കോളേജിൽ ബിരുദാനന്തര ബിരുദം ചെയ്യുകയായിരുന്നു. അവസരം ലഭിച്ചപ്പോൾ ഗാനം ആലപിച്ച് തിരിച്ചുപോന്നു. പിന്നീട് ഒരു വർഷം കഴിഞ്ഞാണ് ആ ഗാനം പുറത്തിറങ്ങുന്നത്. ആ സിനിമയുടെ പേരാണ് ഡാർലിംഗ്. നായകൻ സാക്ഷാൽ പ്രഭാസ്. ഇൻക ഏതോ എന്ന് തുടങ്ങുന്ന ഒരു പ്രണയ ഗാനമാണ് ഞാൻ ആ ചിത്രത്തിൽ ആലപിച്ചത്. ഡാർലിംഗ് എന്ന സിനിമയിലെ ഗാനങ്ങൾ അക്കാലത്ത് സെൻസേഷണൽ ഹിറ്റുകളായിരുന്നു. ആ ഒരു ഗാനത്തിന്‍റെ പിൻബലത്തിലാണ് തെലുങ്ക് ഭാഷയിലെ ഒട്ടുമിക്ക സൂപ്പർ താരങ്ങളുടെയും സിനിമകളിൽ പാടാൻ അവസരം ലഭിച്ചത്," സൂരജ് സന്തോഷ് പറഞ്ഞു.
Sooraj Santhosh (ETV Bharat) നാഗ ചൈതന്യയും തമന്നയും പ്രധാന വേഷങ്ങളിലെത്തിയ 'തടക്ക' എന്ന സിനിമയില്‍ പാടാനുള്ള അവസരവും ഗായകന് ലഭിച്ചു. "കോളേജ് വിദ്യാഭ്യാസം കഴിഞ്ഞതോടെ നാട്ടിൽ നിന്നും ചെന്നൈയിലേക്ക് വണ്ടി കയറി. 2012ൽ തമന്‍റെ സംഗീത സംവിധാനത്തിൽ ' തടക്ക' എന്ന സിനിമയിലെ 'വിയ്യലാവാരു' എന്ന ഗാനമാണ് പിന്നീട് വലിയ രീതിയിൽ ശ്രദ്ധിക്കപ്പെടുന്നത്. നാഗ ചൈതന്യയും തമന്നയും ആയിരുന്നു ആ സിനിമയിലെ പ്രധാന വേഷങ്ങൾ കൈകാര്യം ചെയ്‌തത്. തമിഴിലെ പ്രശസ്‌ത സംവിധായകൻ ലിംഗു സ്വാമി സംവിധാനം ചെയ്‌ത ചിത്രമായിരുന്നു അത്.
2012ല്‍ 'ചന്ദ്രമൗലി', 'പാണ്ഡ്യനാട്', 'ഓൾ ഇൻ ഓൾ അഴകു രാജ' തുടങ്ങി നിരവധി തമിഴ് ചിത്രങ്ങളിലും സൂരജിന് അവസരങ്ങൾ ലഭിച്ചു. ശേഷം മലയാള സിനിമയില്‍ നിന്നും തന്നെ തേടിയെത്തിയ അവസരത്തെ കുറിച്ചും അദ്ദേഹം പങ്കുവച്ചു.
Sooraj Santhosh (ETV Bharat) "ആ സമയത്ത് പാടുന്ന തെലുങ്ക്, തമിഴ് പാട്ടുകൾ ശ്രദ്ധേയമായതോടെ അധികം വൈകാതെ മലയാളത്തിൽ നിന്നും ഒരു വിളിയെത്തി. മലയാളത്തിലെ ആദ്യ അവസരം വളരെയധികം സ്‌പെഷ്യല്‍ ആയിരുന്നു. കാരണം ഇപ്പോഴത്തെ പാൻ ഇന്ത്യൻ താരം ദുൽഖർ സൽമാന്‍റെ ആദ്യ ചിത്രമായ സെക്കൻഡ് ഷോയിലേക്കാണ് ക്ഷണം എത്തിയത്. നിഖിൽ രാജനും അവിയൽ ബാൻഡും ചേർന്നാണ് സെക്കന്‍ഡ് ഷോയുടെ സംഗീതം ഒരുക്കിയത്. നിഖിൽ രാജൻ സംഗീതം പകര്‍ന്ന 'ഈ രാമായണക്കൂട്ടിൽ' എന്ന ഗാനമാണ് ഈ സിനിമയ്‌ക്ക് വേണ്ടി പാടുന്നത്. സിനിമയും, സിനിമയിലെ ഗാനങ്ങളും മലയാളത്തിൽ പുതിയൊരു ട്രെൻഡിന് വരെ തുടക്കം കുറിച്ചു," സൂരജ് സന്തോഷ് പറഞ്ഞു.
Sooraj Santhosh (ETV Bharat) സെക്കൻഡ് ഷോയ്‌ക്ക് തനിക്ക് ലഭിച്ച പാട്ടു വിശേഷങ്ങളും അദ്ദേഹം പങ്കുവച്ചു. "കെക്യു എന്ന സിനിമയിൽ 'ഇനിയും നിൻ മൗനം എന്തെ' എന്ന ഗാനം സെക്കൻഡ് ഷോയ്‌ക്ക് ശേഷം മലയാളത്തിൽ വളരെയധികം ശ്രദ്ധിക്കപ്പെട്ട ഒരു ഗാനമായിരുന്നു. കെക്യു എന്ന സിനിമ അധികം ശ്രദ്ധ നേടിയില്ലെങ്കിലും ഈ ഗാനം 2025ലും ആളുകൾ കേൾക്കുന്നുണ്ട്. തുടർ വർഷങ്ങളിൽ 'കുഞ്ഞിരാമായണ'ത്തിലെ 'സൽസാ' ഗാനം വമ്പൻ ഹിറ്റായി മാറി. ബേസിൽ ജോസഫ് ആദ്യമായി സംവിധാനം ചെയ്‌ത ചിത്രമായിരുന്നു അത്. അതേ വർഷം ഇറങ്ങിയ 'മധുരനാരങ്ങ' എന്ന ചിത്രത്തിലെ ഞാൻ പാടിയ രണ്ട് ഗാനങ്ങളും മികച്ച രീതിയിൽ പ്രേക്ഷക ശ്രദ്ധയാകർഷിച്ചു," ഗായകന്‍ കൂട്ടിച്ചേര്‍ത്തു.
സൂരജിന് തന്‍റെ സംഗീത ജീവിതത്തിൽ ഏറ്റവുമധികം കടപ്പാടുകൾ ഉള്ളത് തെലുങ്ക് സിനിമ മേഖലയോടാണ്. കടപ്പാട് മാത്രമല്ല, മികച്ച സൃഷ്‌ടികൾ സമ്മാനിച്ചതും തെലുങ്ക് സിനിമ ലോകമാണെന്നാണ് സൂരജ് പറയുന്നത്. ഇതേകുറിച്ചും ഗായകന്‍ വാചാലനായി.
"2013-2014 കാലഘട്ടങ്ങളിൽ തെലുങ്ക് ഭാഷയിലെ മുൻനിര സൂപ്പർ താരങ്ങളുടെ നിരവധി സിനിമകളിൽ പാടിയിട്ടുണ്ട്. മഹേഷ് ബാബുവിനെ നായകനാക്കി സുകുമാർ സംവിധാനം ചെയ്‌ത 'നിനക്കഡൈന്‍', മഹേഷ് ബാബുവിന്‍റെ 'ആഗഡു' തുടങ്ങീ സിനിമയിലെ ഗാനങ്ങൾ കെരിയറിൽ എടുത്തു പറയേണ്ടതാണ്. 'നിനക്കഡൈന്‍' എന്ന ചിത്രം ബോളിവുഡ് താരം കൃതി സനോണിന്‍റെ ആദ്യ ചിത്രം കൂടിയാണ്. ഈ സിനിമയിലെ 'ഓ സയൊനാറാ' എന്ന ഗാനവും 'ആഗഡു' എന്ന സിനിമയിലെ 'ഭേൽ പൂരി' എന്ന ഗാനവും തെലുങ്ക് സിനിമ ലോകത്ത് സൂരജ് സന്തോഷ് എന്ന ഗായകനെ സ്ഥിരതയുള്ള ഒരു കലാകാരനാക്കി മാറ്റി. തമൻ, ദേവി ശ്രീ പ്രസാദ് തുടങ്ങി മുൻനിര സംഗീത സംവിധായകരോടൊപ്പം വലിയ ചിത്രങ്ങളിൽ അവസരങ്ങൾ തുടർച്ചയായി എത്തിച്ചേർന്നു. അല്ലു അർജുൻ, രവി തേജ, ബാലയ്യ തുടങ്ങി സൂപ്പർ താരങ്ങളുടെ സിനിമകളിൽ പാടി," സൂരജ് സന്തോഷ് വിശദീകരിച്ചു.
സൂരജിന് തന്‍റെ സംഗീത ജീവിതത്തിൽ പ്രിയപ്പെട്ടൊരു വ്യക്‌തിയുണ്ട്. പ്രിയപ്പെട്ടവരിൽ ഒരാളായ ആ സംഗീത സംവിധായകനെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി. "തെലുങ്ക് സംഗീത സംവിധായകനായ വിവേക് സാഗർ എനിക്ക് ഏറെ പ്രിയപ്പെട്ട കലാകാരന്‍മാരിൽ ഒരാളാണ്. അദ്ദേഹത്തോടൊപ്പം തുടർച്ചയായി നാലഞ്ച് ചിത്രങ്ങളിൽ തെലുങ്ക് ഭാഷയിൽ പാടാൻ സാധിച്ചിരുന്നു. 2016ൽ വിജയ് ദേവരക്കൊണ്ട നായകനായ 'പെല്ലി ചൂപ്പുലു' എന്ന ചിത്രത്തിലാണ് വിവേക് സാഗറുമായി ആദ്യം സഹകരിക്കുന്നത്. ഈ സിനിമയാണ് പിന്നീട് ആസിഫ് അലിയെ നായകനാക്കി വിജയ് സൂപ്പറും പൗർണമിയും എന്ന പേരിൽ മലയാളത്തിൽ റീമേക്ക് ചെയ്യപ്പെട്ടത്," അദ്ദേഹം പറഞ്ഞു.
തന്‍റെ തമിഴ്-തെലുങ്ക് ഭാഷയിലെ ഗാനങ്ങൾ കേട്ടിട്ടല്ല തനിക്ക് 'പെല്ലി ചൂപ്പുലു' എന്ന സിനിമയിലേക്ക് പാടാൻ വിവേക് സാഗർ ക്ഷണിച്ചതെന്നും സൂരജ് തുറന്നു പറഞ്ഞു. "ആ സമയത്ത് ഞാൻ കൂടി ഭാഗമായ മസാല കോഫി എന്ന ബാൻഡ് തരംഗം സൃഷ്‌ടിച്ച് കൊണ്ടിരിക്കുകയായിരുന്നു. എന്‍റെ സ്വതന്ത്ര സൃഷ്‌ടികളായ ഗാനങ്ങളാണ് വിവേകിനെ ആകർഷിച്ചത്. തെലുങ്ക് ഭാഷയിലെ മുൻനിര സംഗീത സംവിധായകർക്കൊപ്പം പ്രവൃത്തിച്ചിട്ടുണ്ടെങ്കിലും വിവേക് സാഗറിനെ അക്ഷരാർത്ഥത്തിൽ പരിചയമില്ലായിരുന്നു," ഗായകന്‍ പറഞ്ഞു.
'പെല്ലി ചൂപ്പുലു' എന്ന സിനിമയിൽ പാടിയ ശേഷം വിവേക് സാഗറിനൊപ്പം തുടർച്ചയായി സിനിമകളിൽ പ്രവൃത്തിച്ചെന്നും അദ്ദേഹം വ്യക്‌തമാക്കി. ഈ ചിത്രം സത്യത്തിൽ തെലുങ്ക് സിനിമയിലെ സംഗീതത്തിന് വലിയ മാറ്റങ്ങൾ കൊണ്ടുവരാൻ പ്രചോദനമായ ഒരു സിനിമയാണെന്നും സൂരജ് പറഞ്ഞു. തനിക്കേറെ പ്രിയപ്പെട്ട ഫിലിം ഇൻഡസ്ട്രിയെ കുറിച്ചും അദ്ദേഹം വെളിപ്പെടുത്തി.
"വിവേകിന്‍റെ സംഗീതം അതുവരെ തെലുങ്ക് സിനിമ ലോകം കേട്ടിട്ടില്ലാത്ത തരത്തിൽ ഫ്രഷ് ആയിരുന്നു. സിനിമയിലെ പാട്ടുകൾ ഇങ്ങനെയായിരിക്കണം അല്ലെങ്കിൽ അങ്ങനെ ആയിരിക്കണം എന്ന പൊതുധാരണയെ വിവേക് സാഗറിന്‍റെ സംഗീതം തെലുങ്ക് സംഗീത സംവിധായകരെ കൊണ്ട് മാറി ചിന്തിപ്പിക്കാൻ കാരണമായിട്ടുണ്ട്. എനിക്ക് ഏറെ പ്രിയപ്പെട്ട ഫിലിം ഇൻഡസ്ട്രിയാണ് തെലുങ്ക്. ഒരു കാലഘട്ടത്തിൽ എനിക്ക് അന്നം നൽകിയത് തെലുങ്ക് സിനിമ സംഗീത ലോകമാണ്. ആ കടപ്പാട് എക്കാലവും എനിക്കുണ്ടായിരിക്കും. തെലുങ്ക് സിനിമ ലോകത്ത് നിന്നും ലഭിച്ച അടിസ്ഥാനമാണ് തമിഴിലും മലയാളത്തിലും ലഭിച്ച മികച്ച ഗാനങ്ങൾക്ക് അടിത്തറയായത്," അദ്ദേഹം കൂട്ടിച്ചേർത്തു.
ഒരു സംഗീത പാരമ്പര്യമുള്ള കുടുംബം ആയിരുന്നില്ല സന്തോഷിന്‍റേത്. ഉള്ളിൽ തോന്നിയ പാഷന്‍റെ പിൻബലത്തിൽ ഒരു ഗായകനാകാൻ ഇറങ്ങിത്തിരിച്ച ആളാണ് സൂരജ് സന്തോഷ്. ആദ്യ കാലങ്ങളില്‍ അവസരങ്ങള്‍ ലഭിക്കുമ്പോള്‍ നല്ലതെന്നോ ചീത്തയെന്നോ നോക്കിയിരുന്നില്ല ഈ ചെറുപ്പക്കാരന്‍. ലഭിക്കുന്ന അവസരങ്ങളെല്ലാം കെരിയറിന് വേണ്ടി പ്രയോജനപ്പെടുത്തുക എന്നത് മാത്രമായിരുന്നു ലക്ഷ്യം. ഇതേ കുറിച്ചും ഗായകന്‍ സംസാരിച്ചു.
"സംഗീതത്തെ കുറിച്ചുള്ള എന്‍റെ ഇഷ്‌ടങ്ങളും അനിഷ്‌ടങ്ങളും ലഭിക്കുന്ന അവസരങ്ങളെ മാനദണ്ഡമാക്കി ചിന്തിച്ചിരുന്നില്ല. കിട്ടുന്ന ഏത് ഗാനവും ആലപിക്കുക.. അത് ഏത് ഭാഷ ആണെങ്കിലും പരമാവധി ഉൾക്കൊണ്ട് പാടാൻ ശ്രമിക്കും. കേരളത്തിലെ ഒരു ഗ്രാമത്തിൽ നിന്നും തെലുഗു സിനിമ ലോകത്തേക്ക് ചേക്കേറുമ്പോൾ വഴങ്ങാത്ത ഭാഷയെ പറ്റി ചിന്തിച്ചിരുന്നില്ല എന്നതാണ് വാസ്‌തവം. ഭാഷ അറിയാത്തതിനാല്‍ ഈ ഗാനം എന്നെക്കൊണ്ട് പാടാൻ സാധിക്കില്ലെന്ന് ഒരിക്കലും ചിന്തിച്ചിരുന്നില്ല. വരികൾ അറിയുന്ന ഭാഷയിൽ എഴുതിയെടുത്ത് വാക്കുകളുടെ അർത്ഥം മനസ്സിലാക്കി മൈക്കിന് മുന്നിൽ തന്നെക്കൊണ്ട് ആവുന്ന രീതിയിൽ അവതരിപ്പിക്കും. ജയിക്കണം എന്ന വാശി ഉള്ളിലുള്ളത് കൊണ്ട് എത്ര ബുദ്ധിമുട്ടുള്ള ഗാനങ്ങൾക്ക് മുന്നിലും പരാജയപ്പെട്ടിട്ടില്ല," അദ്ദേഹം വ്യക്‌തമാക്കി.
തനിക്ക് റിലേറ്റ് ചെയ്യാൻ പറ്റുന്ന ഗാനങ്ങളെയും സംഗീത സംവിധായകരെയും തിരഞ്ഞെടുക്കാനുള്ള സ്വാതന്ത്ര്യം ഇപ്പോള്‍ തനിക്ക് ഉണ്ടെന്നാണ് സൂരജ് പറയുന്നത്. "എനിക്ക് കംഫർട്ടബിൾ എന്ന് തോന്നുന്ന മേഖലയിൽ മാത്രം ഒതുങ്ങിക്കൂടാൻ ഇപ്പോൾ ശ്രമിക്കും. അതുകൊണ്ടുതന്നെ ഒരു കലാസൃഷ്‌ടിയുടെ പിന്നിൽ വളരെയധികം സ്വാതന്ത്ര്യത്തോടെ പ്രവൃത്തിക്കാനും എത്രത്തോളം മെച്ചപ്പെടുത്താൻ പറ്റുമോ അത്രത്തോളം മെച്ചപ്പെടുത്താനും സാധിക്കുന്നു." സൂരജ് സന്തോഷ് വ്യക്‌തമാക്കി.
പാടാൻ പോകുന്ന പാട്ടുകൾ പഠിക്കുന്ന രീതി സൂരജ് സന്തോഷിനെ സംബന്ധിച്ചിടത്തോളം വ്യത്യസ്‌തമാണ്. ഇതേകുറിച്ചും അദ്ദേഹം വിശദീകരിച്ചു. "ട്രാക്ക് പാടി തന്നിലേക്ക് എത്തുന്ന ഗാനങ്ങൾ നിരവധി തവണ കേൾക്കും. റെക്കോർഡിംഗിന് പോകുന്ന വഴിയിൽ ഈ പാട്ട് തന്നെ കേട്ടുകൊണ്ടിരിക്കും. കേട്ട് കേട്ട് ഗാനങ്ങളെ ഉൾക്കൊണ്ടാണ് സ്‌റ്റുഡിയോയിൽ എത്തി മൈക്കിന് മുന്നിൽ ആലപിക്കുക,"സൂരജ് വ്യക്‌തമാക്കി.
സംവിധായകൻ വിജയകുമാര്‍ നല്‍കിയ അവസരത്തെ കുറിച്ചും ഗായകന്‍ വാചാലനായി. "2016 ൽ ഉറിയടി എന്ന തമിഴ് ചിത്രത്തിന് സംഗീത സംവിധാനം നിർവ്വഹിച്ചു. ആ സമയത്ത് ഞാൻ ഭാഗമായിരുന്ന മസാല കോഫി ബാന്‍ഡിന്‍റെ ബ്രാൻഡ് ലേബലിലാണ് ആ സിനിമയ്ക്ക് സംഗീത സംവിധാനം ഒരുക്കിയത്. മസാല കോഫിയുടെ കാന്താ ഞാനും വരാം എന്ന ഗാനം കേട്ട് ഇഷ്‌ടപ്പെട്ടാണ് സംവിധായകന്‍ വിജയകുമാർ ഞങ്ങളെ ക്ഷണിക്കുന്നത്. ആ സിനിമയ്ക്ക് സംഗീത സംവിധാനം ഒരുക്കാനിരുന്നത് മറ്റൊരു വ്യക്‌തിയായിരുന്നു. പക്ഷേ സാങ്കേതികരമായി ചില തടസ്സങ്ങൾ നേരിട്ടതോടെ അവസരം ഞങ്ങളിലേക്കെത്തി. ഭാരതിയാരുടെ കവിതയെ അടിസ്ഥാനമാക്കി ഒരു ഗാനം ഒരുക്കണമെന്ന് വിജയകുമാറിന് നിർബന്ധം ഉണ്ടായിരുന്നു. ആ വരികൾ സിനിമയുടെ ചില രംഗങ്ങളുമായി ഇഴചേർന്ന് കിടക്കുന്നുണ്ട്. അങ്ങനെ സൃഷ്‌ടിച്ച ഗാനമാണ് 'അഗ്‌നികുഞ്ചൊന്‍ട്രു കണ്ടേന്‍'. മസാല കോഫിയുടെ സംഗീതത്തിന്‍റെ സ്വഭാവം വിജയകുമാർ എന്ന സംവിധായകന് വളരെയധികം ഇഷ്‌ടമായിരുന്നു. പക്ഷേ സിനിമയുടെ രണ്ടാം ഭാഗം ഒരുങ്ങിയപ്പോൾ ഭാഗമാകാൻ സാധിച്ചില്ല," അദ്ദേഹം വ്യക്‌തമാക്കി.
മസാല കോഫി എന്ന ബാന്‍ഡില്‍ നിന്നും ഒഴിവായതിനെ കുറിച്ചും സൂരജ് വെളിപ്പെടുത്തി. "ആശയപരവും സാങ്കേതികപരവുമായ ചില കാരണങ്ങളാൽ പ്രവർത്തിച്ചിരുന്ന മസാല കോഫി എന്ന ബാന്‍ഡിൽ നിന്നും ഞാൻ ഒഴിവായി. ആറ് വർഷത്തോളം എന്‍റെ സംഗീതത്തിന്‍റെ ജീവ വായു ആയിരുന്നു മസാല കോഫി. എന്തുകൊണ്ട് ബാന്‍ഡിൽ നിന്നും പുറത്തുപോയെന്ന് കൃത്യമായി വ്യക്‌തമാക്കാൻ ആഗ്രഹിക്കുന്നില്ല. മസാല കോഫിയിലെ പാട്ടുകാരൻ മാത്രമായിരുന്നില്ല ഞാൻ. കമ്പോസറും കൂടിയായിരുന്നു. മസാല കോഫി എന്ന ബാൻഡ് സഞ്ചരിക്കുന്ന സംഗീത വഴിയല്ല തന്‍റേതെന്ന് ഒരു തിരിച്ചറിവ് ഉണ്ടായി. സ്വന്തമായി ഗാനങ്ങൾ ചെയ്യാനുള്ള അവസരം ഉണ്ടായിരുന്നു. അങ്ങനെയാണ് ബാൻഡ് വിടുന്നത്. ലേബലുകളിൽ അല്ല സംഗീതത്തിലാണ് ഞാൻ വിശ്വസിക്കുന്നത്," സൂരജ് പറഞ്ഞു.
സ്വതന്ത്ര ഗാനങ്ങൾ ഒരുക്കുന്നതിനെ കുറിച്ചും ഗായകന്‍ വിശദീകരിച്ചു. സ്വതന്ത്ര സൃഷ്‌ടികളിൽ സ്വന്തം രാഷ്ട്രീയം പറയുന്നതിൽ തെറ്റില്ല എന്നാണ് സൂരജ് സന്തോഷ് പറയുന്നത്. എന്നാല്‍ സിനിമകളിൽ സംഗീത സംവിധാനം നിർവ്വഹിക്കുമ്പോൾ സ്വന്തം കാഴ്‌ച്ചപ്പാടുകൾ ഒരിക്കലും സംഗീതത്തിൽ ഉൾപ്പെടുത്താൻ സാധിക്കില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി.
"സിനിമയുടെ കഥയും സാഹചര്യങ്ങളും അനുസരിച്ചാകണം സംഗീതം ഒരുക്കേണ്ടത്. പക്ഷേ സ്വതന്ത്ര ഗാനങ്ങൾ ഒരുക്കുമ്പോൾ ഞാൻ എന്‍റെ കാഴ്‌ച്ചപ്പാടുകൾ പാട്ടിന്‍റെ വരികളിൽ കൃത്യമായി ആലേഖനം ചെയ്യാറുണ്ട്. അത്തരത്തിൽ അഞ്ച് പാട്ടുകളുൾ ഉൾപ്പെടുന്ന സീസൺസ് എന്നൊരു ആൽബം റിലീസ് ചെയ്‌തു. അതൊരു ബഹുഭാഷാ മ്യൂസിക് ആൽബമാണ്. നിരവധി ആൽബങ്ങളുടെയും സംഗീത പരീക്ഷണങ്ങളുടെയും പണിപ്പുരയിലാണ്. ഉടൻ തന്നെ അതൊക്കെ സൗത്ത് ഇന്ത്യ ഒട്ടാകെയുള്ള പ്രേക്ഷകരിലേക്ക് എത്തിച്ചേരും," സൂരജ് സന്തോഷ് അറിയിച്ചു.
'ആലായാൽ തറ വേണം' എന്ന ഗാനത്തിലൂടെയാണ് തന്നെ ആളുകള്‍ തിരിച്ചറിഞ്ഞിരുന്നത് എന്നാണ് സൂരജ് പറയുന്നത്. "ഒരുപാട് ഹിറ്റ് ഗാനങ്ങൾ മലയാളിക്ക് എന്‍റെ സ്വരത്തിലൂടെ സമ്മാനിച്ചിട്ടുണ്ടെങ്കിലും ആലായാൽ തറ വേണോ എന്ന ഗാനത്തിലൂടെയാണ് പലർക്കും എന്നെ തിരിച്ചറിയാൻ സാധിക്കുക. മസാല കോഫിയിൽ ഉണ്ടായിരുന്നപ്പോഴും അല്ലാതെയും ഞാൻ ഒരുപാട് നാൾ പാടി നടന്ന ഒരു ഗാനമായിരുന്നു അത്. ആലായാൽ തറ വേണം അടുത്തോരമ്പലം വേണം എന്നതാണ് ഗാനത്തിന്‍റെ യഥാർത്ഥ വരി. പക്ഷേ ഞാൻ ആലായാൽ തറ വേണോ? എന്നാണ് മനപ്പൂർവ്വം പാടാറുള്ളത്," സൂരജ് കൂട്ടിച്ചേര്‍ത്തു.
'ആലായാൽ തറ വേണം' എന്ന ഗാനം സവർണ്ണ മേധാവിത്വത്തിന്‍റെ പ്രതിഫലനമാണെന്ന് ഗായകന്‍ പറയുന്നത്. ഈ ഗാനത്തിൽ ഒളിച്ചിരിക്കുന്ന വസ്‌തുതകളെ വരികൾ മാറ്റിക്കൊണ്ട് താൻ ചോദ്യം ചെയ്‌തുവെന്നും അദ്ദേഹം പറഞ്ഞു.
"പ്രായവും, അനുഭവ സമ്പത്തും കൂടുന്നതിനനുസരിച്ച് നമ്മുടെ കാഴ്‌ച്ചപ്പാടുകൾ മാറും. അറിവ് വർദ്ധിക്കും. അപ്പോൾ സമൂഹത്തിന്‍റെ ചില കൊള്ളരുതായ്‌മകളെ ചോദ്യം ചെയ്യാനുള്ള ധൈര്യം ലഭിക്കും. കാലഘട്ടത്തിന് വേണ്ടാത്ത ഒരുപാട് ആശയങ്ങൾ എഴുതി വച്ചിരുന്ന ഗാനങ്ങളിൽ ഒന്നാണ് ആലായാൽ തറ വേണം. വർഷങ്ങൾക്ക് മുമ്പ് ഒരു നമ്പൂതിരി തന്‍റെ തറവാടിന്‍റെ ഉമ്മറത്തിരുന്ന് തന്‍റെ കാഴ്‌ച്ചപ്പാടിലുള്ള കുറേ ഓർമ്മകളെ വരികളാക്കി. അയാളുടെ ജീവിത സാഹചര്യവും അയാളുടെ സ്വപ്‌നങ്ങളും അല്ല താഴേക്കിടയിൽ ഉള്ളവരുടേത്. കാവാലം സാറിലൂടെ ഈ ഗാനം പ്രേക്ഷക ശ്രദ്ധയാകർഷിച്ചു. ഭാഷയുടെ അതിർവരമ്പുകൾ കടന്ന് ഞങ്ങൾ ഈ ഗാനം പാടിയപ്പോൾ സ്വീകാര്യത ലഭിച്ചു. പാട്ടിന്‍റെ താളത്തിന് സൗന്ദര്യമുണ്ട്. ആശയത്തിൽ അഭിപ്രായവ്യത്യാസം ഉള്ളതുകൊണ്ട് വരികൾ ഞങ്ങൾ മാറ്റി. ആലായാൽ തറ വേണം? അടുത്ത് ഒരു അമ്പലം വേണം? അങ്ങനെയൊക്കെ വേണോ.. പരമ്പരാഗതമായി പിന്തുടർന്ന് വന്നതിനെ ചോദ്യം ചെയ്യുന്നത് നവീകരണത്തിന്‍റെ ഭാഗമാണെന്ന് ഞാൻ വിശ്വസിക്കുന്നു," സൂരജ് വ്യക്‌തമാക്കി.
സ്വന്തം സൃഷ്‌ടികളിലൂടെ സ്വന്തം രാഷ്ട്രീയം പ്രകടിപ്പിക്കുന്നതിന് കൂടുതൽ ആളുകളും അനുകൂലിക്കുകയാണ് ചെയ്‌തിട്ടുള്ളതെന്നും സൂരജ് വ്യക്‌തമാക്കി. എന്നാൽ വിമർശനങ്ങളും ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"ഒരുപക്ഷേ വിമർശനങ്ങൾ എന്ന് വിശേഷിപ്പിക്കുന്നതിനേക്കാൾ വിമർശനം എന്ന വാക്കിന്‍റെ മറപിടിച്ചുകൊണ്ട് വാക്കുകൾ കൊണ്ടുള്ള അബ്യൂസ് ആയിരുന്നു ചിലർ ചെയ്‌തത്. ഞാനൊരു കലാകാരനാണ്. എനിക്ക് വ്യക്‌തമായ രാഷ്ട്രീയ ബോധമുണ്ട്. അതൊരുപക്ഷേ എന്‍റെ സൃഷ്‌ടികളിലൂടെ പ്രതിഫലിക്കുകയും ചെയ്യും. വെറുതെ മനസ്സിൽ തോന്നിയ അഭിപ്രായങ്ങളെ കലാസൃഷ്‌ടിയിൽ ഒരിക്കലും കുത്തിത്തിരികാറില്ല. ശരി തെറ്റുകൾ മനസ്സിലാക്കിയാണ് അത് ഗാനങ്ങളിലൂടെ പ്രേക്ഷകരിലേക്ക് സംവദിക്കുക. അതുകൊണ്ടാണ് എന്‍റെ കലാസൃഷ്‌ടിയിലൂടെ ഞാൻ പറയുന്ന കാര്യങ്ങളെ ഭൂരിഭാഗം ആളുകളും പിന്തുണയ്ക്കുന്നത്," സൂരജ് വ്യക്‌തമാക്കി.
'ആലായാൽ തറ വേണോ' എന്ന് ഞാൻ പാടിയപ്പോൾ കേട്ടവർക്ക് തിരിച്ചറിവുണ്ടായി എന്നാണ് അദ്ദേഹം പറയുന്നത്. "സംഗീതത്തിന മാസ്‌മരികതയിൽ പലരും വരികൾ ശ്രദ്ധിച്ചിരുന്നില്ല എന്നുള്ളതാണ് വാസ്‌തവമ. പക്ഷേ ഞാൻ അത് വിളിച്ചു പറഞ്ഞപ്പോൾ എല്ലാവരും പറഞ്ഞു ശരിയാണെന്ന്. വിമർശിക്കുന്നവർ വലതുപക്ഷ രാഷ്ട്രീയം ഉള്ളവരാണ്. വിമർശനങ്ങൾ വേണ്ടന്നല്ല പറയുന്നത്. വിമർശിക്കണം. വിമർശനങ്ങളെ സ്വാഗതം ചെയ്യുന്നു. പക്ഷേ വിമർശിക്കുന്നു എന്ന പേരിൽ അബ്യൂസ് ചെയ്യരുത്," സൂരജ് കൂട്ടിച്ചേര്‍ത്തു.
കേരളത്തിലെ സാമൂഹിക രാഷ്ട്രീയ സംഭവ വികാസങ്ങളിൽ സൂരജ് തന്‍റേതായ അഭിപ്രായ പ്രകടനങ്ങൾ നടത്താറുണ്ട്. ഇതേ കുറിച്ചും സൂരജ് വ്യക്‌തമാക്കി. "ഒരു കലാകാരൻ എന്തിന് ആവശ്യമില്ലാത്ത കാര്യങ്ങളിൽ ഇടപെടുന്നു? അയാൾക്ക് പാട്ടും സംഗീതവുമായി ജീവിച്ചാൽ പോരേ എന്നൊരു ചോദ്യം പലപ്പോഴും സാധാരണമാണ്. ഒരു കലാകാരൻ എന്നതിലുപരി ഞാനും ഈ രാജ്യത്തെ പൗരനാണ്. ഒരു ഭരണഘടന അനുവദിച്ച് നൽകുന്ന എല്ലാ സ്വാതന്ത്ര്യവും എനിക്കുണ്ട്," ഗായകന്‍ പറഞ്ഞു.
സംഗീതം എന്ന പ്രവിലേജിനെ കുറിച്ചും അദ്ദേഹം വാചാലനായി. "കലാകാരൻ ആയത് കൊണ്ട് അഭിപ്രായ പ്രകടനങ്ങൾ നടത്താൻ പാടില്ല എന്നൊന്നുമില്ല. അങ്ങനെ ചിന്തിക്കുന്നവർ കൃത്യമായും അരാഷ്ട്രീയ വാദികളാണ്. സമൂഹത്തോട് യാതൊരു പ്രതിബദ്ധതയും ഇല്ലാത്തവരാണ്. അവരുടെ വാക്കുകൾക്ക് ചെവി കൊടുക്കാറില്ല. അത്തരക്കാരുടെ അഭിപ്രായങ്ങൾ വിമർശനത്തിന്‍റെ മേമ്പോടി ചേർത്ത് പോലും സമീപിക്കാൻ ഞാൻ ആഗ്രഹിക്കുന്നില്ല. സംഗീതം എന്നൊരു പ്രവിലേജ് തനിക്കുണ്ട്. ആ പ്രിവിലേജിലൂടെയും ഞാൻ എന്‍റെ അഭിപ്രായപ്രകടനങ്ങൾ നടത്തും. നടത്തണം. ഇതൊന്നും സമൂഹത്തിൽ എന്തെങ്കിലും ഇംപാക്‌ട് ഉണ്ടാക്കണം എന്ന് കരുതി കരുതിക്കൂട്ടി ചെയ്യുന്നതല്ല." സൂരജ് വ്യക്‌തമാക്കി.
കലാകാരനെക്കാൾ കലാസൃഷ്‌ടിയാണ് ചർച്ച ചെയ്യപ്പെടേണ്ടതെന്നും അങ്ങനെ വിശ്വസിക്കുന്ന ഒരാളാണ് താനെന്നും അദ്ദേഹം പറഞ്ഞു. അതുകൊണ്ടുതന്നെ താൻ പാടിയ ഗാനങ്ങൾ ജനപ്രിയമായതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"ഗപ്പി എന്ന സിനിമയിലെ തനിയെ, അമ്പിളി എന്ന സിനിമയിലെ ആരാധികേ, കുമ്പളങ്ങി നൈറ്റ്സിലെ ഉയിരിൽ തൊടും തുടങ്ങി ഹിറ്റ് ഗാനങ്ങൾ ഞാനാണ് പാടിയത് എന്ന് ഇവിടെ പലർക്കും അറിയില്ല. മലയാളത്തിൽ മാത്രമല്ല മറ്റ് ഭാഷകളിലും ഹിറ്റായ ഗാനങ്ങളാണിത്. സൂരജ് സന്തോഷിന്‍റെ പേര് പലപ്പോഴും മസാല കോഫി എന്നൊരു ബ്രാൻഡിനെ കൂട്ടിച്ചേർത്ത് മാത്രമാണ് അറിയപ്പെടാറുള്ളത്. അതിൽ ഒരിക്കലും എനിക്ക് വിഷമം തോന്നിയിട്ടില്ല. പാട്ടുകളിലൂടെ എന്‍റെ പേര് വളരെയധികം ചർച്ച ചെയ്യപ്പെട്ടിട്ടില്ലെങ്കിലും അതിന്‍റെ പേരിൽ പരാതിയുമില്ല, സങ്കടവുമില്ല," സൂരജ് വ്യക്‌തമാക്കി.
താന്‍ പ്രശസ്‌തിക്ക് പ്രാധാന്യം കൊടുക്കുന്നില്ലെന്നും സ്വന്തം പേര് മാർക്കറ്റ് ചെയ്യപ്പെടാനുള്ള പ്രവൃത്തികളൊന്നും താൻ ചെയ്യുന്നില്ലെന്നും അദ്ദേഹം വ്യക്‌തമാക്കി. "പാട്ടുകാരനായോ സംഗീത സംവിധായകനായോ സ്വന്തം കർത്തവ്യത്തിൽ പരമാവധി ആത്മാർത്ഥതയോടെ പ്രവർത്തിക്കുക. പ്രശസ്‌തിക്ക് ഇപ്പോൾ അധികം പ്രാധാന്യം കൊടുക്കുന്നില്ല. നേരത്തെ പറഞ്ഞല്ലോ തെലുങ്ക് ഭാഷയിൽ മുൻനിര താരങ്ങളുടെ ചിത്രത്തിൽ വലിയ ഗാനങ്ങൾ അലപിച്ചിട്ടുണ്ടെന്ന്. ആ പാട്ടുകളൊക്കെ അവിടെ തരംഗമായിട്ടുണ്ട്. പക്ഷേ ഞാൻ എന്ന ഗായകനെ പലർക്കും അറിയില്ല. ജനങ്ങൾക്ക് മാത്രമെ ഒരുപക്ഷേ അങ്ങനെ ഒരു ധാരണ ഉണ്ടാകാതെയുള്ളൂ. ഞാനെന്ന കലാകാരനെ ഇൻഡസ്ട്രിയ്ക്കുള്ളിൽ വളരെ നന്നായി അറിയാം. സ്വന്തം പേര് മാർക്കറ്റ് ചെയ്യപ്പെടാനുള്ള പ്രവൃത്തികൾ ഒന്നും തന്നെ ഞാൻ ചെയ്യുന്നില്ല എന്നതാണ് വാസ്‌ത," ഗായകന്‍ പറഞ്ഞു.
തന്‍റെ പേഴ്‌സണല്‍ ഫേവറൈറ്റ് ഗാനത്തെ കുറിച്ചും സൂരജ് വെളിപ്പെടുത്തി. "കുമ്പളങ്ങി നൈറ്റ്സി'ലെ 'ഉയിരില്‍ തൊടും' എന്ന ഗാനം വളരെയധികം പേഴ്‌സണൽ ഫേവറൈറ്റാണ്. സിനിമയുടെ തിരക്കഥാകൃത്തായ ശ്യാം പുഷ്‌കരനാണ് ഈ ചിത്രത്തിലെ ഗാനമാലപിക്കാൻ എന്നെ ക്ഷണിക്കുന്നത്. സുഷിൻ ശ്യാം വളരെ മികച്ച ഒരു സംഗീത സംവിധായകനാണ്. ഒരു പാട്ട് റെക്കോർഡ് ചെയ്യുന്നു എന്നൊരു കാര്യത്തെ ഇത്രയും ലഘൂകരിച്ച് പ്രവർത്തിക്കുന്ന മറ്റൊരു സംഗീത സംവിധായകനെ കാണാൻ സാധിച്ചിട്ടില്ല. റെക്കോർഡിംഗ് സെക്ഷൻസ് വളരെ ഫൺ ആയിരുന്നു. പിന്നെ പ്രത്യേകിച്ച് അൻവർ അലിയുടെ വരികൾ. മലയാള സിനിമയിൽ അൻവർ അലി എഴുതുന്ന പാട്ടുകൾക്ക് വല്ലാത്തൊരു വശ്യ സൗന്ദര്യമുണ്ട്. ഉയിരിൽ തൊടും എന്ന് അൻവർ അലി എഴുതുമ്പോൾ കേൾക്കുന്ന പ്രേക്ഷകന്‍റെയും ഉള്ളിൽ പാട്ട് തൊടും," സൂരജ് പറഞ്ഞു.
സംഗീതമാണ് സൂരജിന്‍റെ ലഹരി. വേദിയിലെ പ്രകടനത്തെ കുറിച്ചും അദ്ദേഹം പ്രതികരിച്ചു. "വേദികളിലെ പ്രകടനത്തിന് ബ്രേക്ക് പറഞ്ഞിട്ടില്ല. സൂരജ് സന്തോഷ് ലൈവ് എന്ന ലേബലിൽ ഇപ്പോൾ കൺസെർട്ടുകൾ സംഘടിപ്പിക്കുന്നുണ്ട്. സംഗീതമാണ് ലഹരി. സംഗീതം ഉള്ളിൽ ഉണ്ടെങ്കിൽ മറ്റൊരു ലഹരിയുടെയും ആവശ്യമില്ല. സ്‌റ്റുഡിയോയിൽ ആയാലും വേദിയിലായാലും സംഗീതവുമായി ജനങ്ങൾക്ക് മുന്നിലെത്തുക," സുരജ് സന്തോഷ് പറഞ്ഞു.
അഞ്ച് പേരാണ് സൂരജ് സന്തോഷ് ലൈവിൽ പെർഫോം ചെയ്യുന്നത്. പ്രധാന വോക്കലിസ്‌റ്റ് സൂരജ് സന്തോഷ് ആണ്. കീ ബോർഡ് കൈകാര്യം ചെയ്യുന്നത് ജോ ജോൺസൺ ആണ്. അരവിന്ദ് ഡിസൂസ ആണ് ഗിത്താറിസ്‌റ്റ്. ബേസ് ഗിത്താറിസ്‌റ്റ് ആയി ജോസി ജോണും പെർഫോം ചെയ്യുന്നു. അഖിൽ ബാബു ഡ്രംസ്, വരുൺ ഫ്‌ളൂട്ട് എന്നിവ കൈകാര്യം ചെയ്യുന്നു.
Also Read: ഇന്ത്യയിലെ നമ്പർ 1 റോക്ക് ബാൻഡ് 13 എഡിക്ക് എന്താണ് സംഭവിച്ചത്? - ELOY ISAACS INTERVIEW