മാർച്ച് 13 ന് ആണ് സംഗീത സംവിധായകനും നടനുമായ ജിവി പ്രകാശ് കുമാർ തന്‍റെ ഭാര്യയും ഗായികയുമായ സൈന്ധവിമായുള്ള 11 വർഷത്തെ ദാമ്പത്യ ബന്ധം അവസാനിപ്പിക്കുന്നതായി പ്രഖ്യാപിച്ചത്. വേര്‍പിരിയാനുളള തീരുമാനം ഒരുമിച്ച് എടുത്തതാണെന്ന് പറഞ്ഞിട്ടു പിന്നീട് ജിവി പ്രകാശിന്‍റെ വ്യക്തിജീവിതത്തെ ചുറ്റിപ്പറ്റി സമൂഹമാധ്യമങ്ങളില്‍ അനാവശ്യ സംഭാഷണങ്ങൾ ഉയര്‍ന്നു. ഇപ്പോഴിതാ, അത്തരം സംസാരങ്ങള്‍ അവസാനിപ്പിക്കണമെന്നും സ്വകാര്യതയെ ബഹുമാനിക്കണമെന്നും ആവശ്യപ്പെട്ട് പ്രസ്‌താവന ഇറക്കിയിരിക്കുകയാണ് ജിവി പ്രകാശ്.
തമിഴിൽ പുറത്തിറക്കിയ പ്രസ്‌താവനയില്‍ 'ശരിയായ ധാരണയില്ലാതെ ആളുകൾ ഞങ്ങളുടെ ഒന്നിക്കലിനെക്കുറിച്ചും വേർപിരിയലിനെക്കുറിച്ചും തർക്കിക്കുന്നത് കാണുന്നത് നിരാശാജനകമാണ്. ഒരാളുടെ സ്വകാര്യ ജീവിതത്തെക്കുറിച്ച് അയാള്‍ ഒരു സെലിബ്രിറ്റി ആയതുകൊണ്ട് മാത്രം അഭിപ്രായ പ്രകടനം നടത്തുന്നത് അനുചിതമാണ്. തമിഴർക്ക് മാന്യത നഷ്‌ടപ്പെട്ടോ, നിങ്ങളുടെ അഭിപ്രായങ്ങൾ മറ്റുള്ളവർക്ക് ഉണ്ടാക്കിയേക്കാവുന്ന നാശത്തെക്കുറിച്ച് എന്തുകൊണ്ട് ചിന്തിക്കുന്നില്ല?' എന്നാണ് അദ്ദേഹം എഴുതിയത്.