ടൊവിനോ തോമസ് ട്രിപ്പില്‍ റോളില്‍ എത്തിയ ചിത്രമാണ് 'അജയന്‍റെ രണ്ടാം മോഷണം'. പ്രേക്ഷക പ്രശംസയും നിരൂപക പ്രശംസയും ഒരുപോലെ സ്വന്തമാക്കിയ ഈ ചിത്രം അഞ്ച് ദിവസത്തിനുള്ളില്‍ ആഗോളതലത്തില്‍ 50 കോടി ക്ലബിലാണ് എത്തിനില്‍ക്കുന്നത്. വര്‍ഷങ്ങള്‍ക്ക് ശേഷമാണ് മലയാളത്തില്‍ ത്രിഡിയില്‍ ഒരു സിനിമ പുറത്തിറങ്ങുന്നത്. സിനിമ കുറഞ്ഞ ദിവസത്തിനുള്ളില്‍ ഗംഭീര കലക്ഷന്‍ നേടിയതോടെ പ്രേക്ഷകര്‍ക്ക് നന്ദിയറിയിക്കുകയാണ് ചിത്രത്തിന്‍റെ സംവിധായകന്‍ ജിതിന്‍ ലാല്‍. തന്‍റെ ഫേസ്ബുക്ക് പേജിലൂടെയാണ് ജിതിന്‍ ലാല്‍ നന്ദിയറിച്ചുകൊണ്ട് കുറിപ്പിട്ടത്.
കുറിപ്പിന്‍റെ പൂര്‍ണ രൂപം
"എന്‍റെ ആദ്യ സിനിമ ജനങ്ങള്‍ക്ക് മുന്നില്‍ അവതരിപ്പിച്ചപ്പോള്‍ പ്രായഭേദമന്യേ എല്ലാവര്‍ക്കും കാണാവുന്ന ഒരു ഉത്സവ സിനിമയായിരിക്കും എന്നൊരു ഉറപ്പ് ഞാന്‍ നല്‍കിയിരുന്നു. സിനിമ ബോക്‌സോഫിസില്‍ ചരിത്ര നേട്ടം കൈവരിക്കുന്ന ഈ വേളയില്‍ എന്നെയും എന്‍റെ ടീമിനേയും സിനിമ കണ്ട് ഹൃദയം നല്‍കി പ്രോത്സാഹിപ്പിച്ച എല്ലാ അച്ഛന്‍മാര്‍ക്കും അമ്മമാര്‍ക്കും കുട്ടികള്‍ക്കും അപ്പൂപ്പന്‍മാര്‍ക്കും അമ്മൂമ്മമാര്‍ക്കും സഹോദരി സഹോദരങ്ങള്‍ക്കും ഹൃദയം തൊട്ട എന്‍റെ നന്ദി അറിയിക്കുന്നു". സംവിധായകന്‍ ജിതിന്‍ ലാല്‍ പറയുന്നു.
തമിഴ്, തെലുഗു, മലയാളം എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയമായ കൃതി ഷെട്ടി, ഐശ്വര്യ രാജേഷ്, സുരഭി ലക്ഷ്‌മി എന്നിവരാണ് ചിത്രത്തില്‍ നായികമാരായി എത്തുന്നത്. നടനും സംവിധായകനുമായ ബേസില്‍ ജോസഫ്, ജഗദീഷ്, ഹരീഷ് പേരടി, ഹരീഷ് ഉത്തമന്‍, പ്രമോദ് ഷെട്ടി, രോഹിണി തുടങ്ങിയവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്.