കെജിഎഫ് ഫ്രാഞ്ചൈസിക്ക് ശേഷം യഷ് നായകനാകുന്ന ഏറ്റവും പുതിയ ചിത്രമാണ് 'ടോക്‌സിക് - എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്‌സ്'. ഗീതു മോഹന്‍ദാസ് സംവിധാനം ചെയ്യുന്ന ചിത്രം പ്രഖ്യാപനം മുതല്‍ മാധ്യമ ശ്രദ്ധ നേടിയിരുന്നു. കഴിഞ്ഞ ദിവസം യഷിന്‍റെ ജന്‍മദിനത്തില്‍ സിനിമയുടെ വീഡിയോ ദൃശ്യങ്ങള്‍ അണിയറപ്രവര്‍ത്തകര്‍ പുറത്തുവിട്ടിരുന്നു.
ബര്‍ത്ത്‌ഡേ പീക്ക് എന്ന പേരിലാണ് നിര്‍മ്മാതാക്കള്‍ വീഡിയോ പുറത്തുവിട്ടത്. പുറത്തുവിട്ട് നിമിഷ നേരം കൊണ്ട് തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായി. ഒരേസമയം കൈയ്യടികളും വിമര്‍ശനങ്ങളുമാണ് ബെര്‍ത്ത്‌ഡേ പീക്കിന് ലഭിച്ചുകൊണ്ടിരിക്കുന്നത്. ഇപ്പോഴിതാ സിനിമയിലെ സ്‌ത്രീ വിരുദ്ധതയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയാവുന്നത്.
ഈ സാഹചര്യത്തില്‍ സംവിധായിക ഗീതു മോഹന്‍ദാസും സോഷ്യല്‍ മീഡിയയിലൂടെ പ്രതികരിച്ചിരിക്കുകയാണ്. യഷിനൊപ്പമുള്ള അനുഭവമാണ് ഗീതു ഇന്‍സ്‌റ്റഗ്രാമില്‍ കുറിച്ചിരിക്കുന്നത്. 'ടോക്‌സിക്' പരമ്പരാഗത മാമൂലുകളെ ധിക്കരിക്കുമെന്നാണ് സംവിധായിക പറയുന്നത്.
"ടോക്‌സിക് എ ഫെയറി ടെയില്‍ ഫോര്‍ ഗ്രോണ്‍ അപ്‌സ് പരമ്പരാഗത മാമൂലുകളെ ധിക്കരിക്കും. നമ്മുടെ ഉള്ളിലെ കലാപങ്ങളെ പ്രകോപിക്കും. തന്‍റെ ധാര്‍ഷ്‌ട്യം കൊണ്ടും കാഴ്‌ച്ചപ്പാട് കൊണ്ടും രാജ്യം ആദരിക്കുന്ന വ്യക്‌തിയാണ് യഷ്. അദ്ദേഹത്തിന്‍റെ പിറന്നാള്‍ ആഘോഷമാക്കാന്‍ ഞങ്ങള്‍ ഒരു ബെര്‍ത്ത്‌ഡേ പീക്ക് പുറത്തുവിട്ടിരുന്നു.
യഷിനെ അറിയുന്നവര്‍ക്കും പിന്തുടരുന്നവര്‍ക്കും അദ്ദേഹത്തിന്‍റെ നീക്കങ്ങള്‍ വളരെ നിഗൂഢമാണ്. മറ്റുള്ളവർ സാധാരണം എന്ന് കല്‍പ്പിക്കുന്നിടത്ത് അസാധാരണമായത് കാണുന്ന ഒരു മനസ്സിനൊപ്പം ടോക്‌സിക്കിന്‍റെ ഈ ലോകം എഴുതാൻ കഴിഞ്ഞത് ഒരു ഭാഗ്യവും ആവേശകരവുമാണ്.
നമ്മുടെ രണ്ട് ചിന്താധാരകള്‍ കൂട്ടിച്ചേരുമ്പോള്‍, അതിന്‍റെ ഫലം വിട്ടുവീഴ്‌ച്ചകളോ പ്രശ്‌നങ്ങളോ അല്ല. അത് അതിര്‍ത്തികളും ഭാഷകളും സാംസ്‌കാരിക പരിമിതികളും കടന്ന്, കൊമേഴ്‌ഷ്യല്‍ സിനിമയുടെ കൃത്യതയും കലാപരമായ വീക്ഷണവും ഒരുമിക്കുമ്പോള്‍ സംഭവിക്കുന്ന പരിവര്‍ത്തനമായികുന്നു. കണ്ടിരിക്കാന്‍ മാത്രമല്ല, അനുഭവിച്ചറിയാനും കഴിയുന്ന ഒരു സിനിമയാണിത്. ജ്വലിപ്പിക്കാന്‍ നെയ്‌തെടുത്ത ഒരു അനുഭവം ഈ ചിത്രം കൊണ്ടുവരുമെന്ന് ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.
കലയുടെ സൃഷ്‌ടി പവിത്രമാണെന്ന് യഷ് എന്നെ പഠിപ്പിച്ചു. മുന്നോട്ടുള്ള യാത്രയുടെ ആവേശം ഒഴികെ മറ്റൊന്നും അദ്ദേഹത്തിന് മുന്നിലില്ല. ഈ വാക്കുകൾ ഒരു സംവിധായിക തന്‍റെ നടനെ കുറിച്ചും അദ്ദേഹത്തിന്‍റെ കടുത്ത ആരാധകർക്ക് വേണ്ടിയും മാത്രമല്ല, സിനിമയോടുള്ള യഷിന്‍റെ അചഞ്ചലമായ അഭിനിവേശവും സർഗ്ഗാത്‌മകതയും മനസ്സിലാക്കാൻ ആഗ്രഹിക്കുന്ന ഏതൊരാൾക്കും വേണ്ടിയുള്ളതാണ്," ഗീതു മോഹന്‍ദാസ് കുറിച്ചു.
Also Read: അടുത്തിടെ ബോബി ചെമ്മണ്ണൂർ നൽകിയ അഭിമുഖങ്ങളിലും പരിഹസിച്ചു, ഉടന്‍ അറസ്‌റ്റ് നടന്നത് മാതൃകാപരം; ഹണി റോസ് പ്രതികരിക്കുന്നു. - HONEY ROSE ON BOBY CHEMMANUR ARREST