സീരിയൽ മേഖലയിൽ സെൻസറിംഗ് കൊണ്ടു വരണമെന്ന സംസ്ഥാന വനിത കമ്മീഷൻ അധ്യക്ഷ പി സതീദേവിയുടെ പ്രസ്‌താവനയിൽ പ്രതികരിച്ച് ടെലിവിഷൻ അഭിനേതാക്കളുടെ സംഘടനയായ ആത്‌മ. തെറ്റായ സന്ദേശങ്ങൾ സമൂഹത്തിലേക്ക് എത്തുന്ന സാഹചര്യത്തിലാണ് സീരിയലിന് സെൻസറിംഗ് കൊണ്ടുവരേണ്ടത് ആവശ്യമാണെന്ന് പ്രസ്‌താവിച്ച് വനിത കമ്മീഷൻ രംഗത്തെത്തിയത്.
സീരിയലുകൾ നിരോധിക്കണം എന്നതിന്‍റെ അടിസ്ഥാനത്തിൽ 2017ൽ അന്നത്തെ വനിത കമ്മീഷൻ ചെയർമാൻ നൽകിയ റിപ്പോർട്ടിനെ കുറിച്ച് ധാരണയില്ലെന്നും സതീദേവി കഴിഞ്ഞ ദിവസം മാധ്യമങ്ങളോട് പ്രതികരിച്ചിരുന്നു. സീരിയൽ നിരോധനം, സെൻസർഷിപ്പ് തുടങ്ങിയ വിഷയങ്ങളെ കുറിച്ച് വിശദമായി പ്രതികരിക്കുകയാണ് ആത്‌മ ജനറൽ സെക്രട്ടറിയും അഭിനേതാവും നിർമ്മാതാവുമായ ദിനേശ് പണിക്കർ.
സംഘടനയ്ക്ക് പുറമെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന ഒരു വ്യക്‌തിയായാണ് ഞാൻ ഈ വിഷയത്തിൽ അഭിപ്രായം പറയുന്നതെന്ന് ദിനേശ് പണിക്കർ. വനിത കമ്മീഷൻ കൃത്യമായി കാര്യങ്ങൾ പഠിച്ചാണ് ഒരു റിപ്പോർട്ട് തയ്യാറാക്കിയിരിക്കുന്നതും അഭിപ്രായം പറഞ്ഞിരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.
"എന്‍റെ അറിവിൽ സമൂഹത്തിലെ വ്യത്യസ്‌ത സെക്‌ടറിലുള്ള 400 ഓളം വ്യക്‌തികളിൽ നിന്ന് വിവര ശേഖരണം നടത്തിയാണ് വനിത കമ്മീഷൻ ഈ വിഷയത്തിൽ പ്രതികരിച്ചിരിക്കുന്നത്. ഈ 400 പേരും സീരിയൽ മേഖലയുമായി ബന്ധപ്പെട്ടവരാണെന്നോ സീരിയലുകൾ പതിവായി കാണുന്നവരാണെന്നോ വ്യക്‌തതയില്ല.
സിനിമ കണ്ട് ഇവിടെ ഒളിച്ചോട്ടങ്ങൾ നടന്നിട്ടുണ്ട്, കൊലപാതകങ്ങൾ നടന്നിട്ടുണ്ട്, പക്ഷേ സീരിയൽ ഒരു വിധത്തിലും സമൂഹത്തിനെ ബാധിച്ചതായി നമ്മൾ കേട്ടിട്ടില്ല. ടെലിവിഷൻ ചാനലുകൾ ടിആർപി റേറ്റ് മനസ്സിലാക്കാൻ 500 വീടുകൾ തിരഞ്ഞെടുത്ത് പഠനം നടത്തുന്നത് പോലെ അടിസ്ഥാനമില്ലാത്ത ഒരു പ്രവണതയാണ് വനിത കമ്മീഷന്‍റെ ഭാഗത്ത് നിന്നും ഉണ്ടായിരിക്കുന്നത്."-ദിനേശ് പണിക്കർ പറഞ്ഞു.
സീരിയലിൽ നടക്കുന്ന ചൂഷണങ്ങളെ കുറിച്ചും മറ്റുകാര്യങ്ങളെ കുറിച്ചും പിന്നീട് വിശദമായി പ്രതിപാദിക്കാമെന്നും അദ്ദേഹം പറഞ്ഞു. സീരിയലുകൾക്ക് സെൻസർഷിപ്പ് കൊണ്ടുവരുന്നത് ഒരിക്കലും സാധ്യമായ കാര്യമല്ലെന്നും ദിനേശ് പണിക്കർ വ്യക്തമാക്കി. ഇത്തരത്തിലുള്ള പ്രതികരണം വനിത കമ്മീഷന്‍റെ ഭാഗത്ത് നിന്ന് വന്നതിൽ വിഷമമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
"ഇപ്പോൾ കേരളത്തിലെ ടെലിവിഷൻ ചാനലുകളിൽ ഏകദേശം 40 സീരിയലുകൾ സംപ്രേഷണം ചെയ്യുന്നുണ്ട്. അത്രയും എണ്ണം സീരിയലുകളുടെ ചിത്രീകരണവും നടക്കുന്നു. പലപ്പോഴും തലേ ദിവസമാകും പിറ്റേന്ന് സംപ്രേഷണം ചെയ്യേണ്ട സീരിയലിന്‍റെ എപ്പിസോഡുകൾ തയ്യാറാവുക. ഒരു ദിവസം 40 ഓളം സീരിയലുകൾ എങ്ങനെ സെൻസർ ചെയ്യുമെന്ന് മനസ്സിലാകുന്നില്ല.
ഒരു സിനിമ സെൻസർ ചെയ്യാൻ എന്തുമാത്രം ഫോർമാലിറ്റികളാണ് ഇവിടെ ഉള്ളത്. അത്തരത്തിൽ ഇത്രയധികം സീരിയലുകൾ ഒരു ദിവസം സെൻസർ ചെയ്യുക എന്നാൽ പ്രായോഗികതലത്തിൽ നടക്കുന്ന കാര്യമല്ല. ഒരു സീരിയലിന് 30 അധ്യായങ്ങൾ മാത്രമേ പാടുള്ളൂ എന്നൊക്കെ പറയുന്നത് അടിസ്ഥാനരഹിതമായ കാര്യമാണ്. സീരിയലിന്‍റെ നിർമ്മാതാക്കൾ ചാനൽ അല്ല. ചാനൽ പണം നൽകുന്നുണ്ട്. പക്ഷേ അത് സംപ്രേഷണത്തിന് ശേഷമാണ് നൽകുക. അതുകൊണ്ടുതന്നെ ഒരു സീരിയൽ നിർമ്മിക്കാൻ ഒരു നിർമ്മാതാവ് മുന്നോട്ടുവന്നേ പറ്റൂ.
ഇപ്പോഴത്തെ സാഹചര്യത്തിൽ ഒരു സീരിയൽ 100 അധ്യായങ്ങളെങ്കിലും പിന്നിട്ടാൽ മാത്രമാണ് മുടക്ക് മുതൽ തിരിച്ചുപിടിക്കാൻ സാധിക്കുക. സിനിമകൾ പരാജയപ്പെട്ടെന്ന് പറയും. രണ്ട് കോടി, മൂന്നു കോടി രൂപ നഷ്‌ടം വന്നുവെന്നും പറയും. പക്ഷേ സീരിയൽ ഇതുവരെ നഷ്‌ടം വന്ന് ടെലികാസ്‌റ്റിംഗ് അവസാനിപ്പിച്ചെന്ന് ആരും പറഞ്ഞു കേട്ടിട്ടില്ല.
ഒരു സീരിയൽ 200ലധികം എപ്പിസോഡുകൾ പിന്നിട്ടാൽ മാത്രമാണ് നിർമ്മാതാവിന് ലാഭം ലഭിക്കുക. കഴിഞ്ഞ കുറച്ചു നാളുകളിൽ സീരിയൽ മേഖലയ്ക്ക് സംഭവിച്ച നഷ്‌ട കണക്കുകൾ കേട്ടാൽ നിങ്ങൾ ഞെട്ടിപ്പോകും. ഇതൊന്നും മനസ്സിലാക്കാതെ വെറുതെ അഭിപ്രായം പറഞ്ഞതിൽ ബഹുമാനപ്പെട്ട വനിത കമ്മീഷനോട് സഹതാപം മാത്രമാണ് തോന്നുന്നത്."- ദിനേശ് പണിക്കർ പറഞ്ഞു.
സീരിയൽ സെൻസറിംഗിന് പകരം സീരിയലുകൾ സംപ്രേഷണം ചെയ്യുന്ന ചാനൽ പ്രതിനിധികളുമായി ചർച്ച നടത്തുകയാണ് വേണ്ടതെന്നും അദ്ദേഹം പറഞ്ഞു. പ്രായോഗികമായ ഒരു പരിഹാരം ഇതുവരെ വനിത കമ്മീഷന്‍റെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ലെന്നും ദിനേശ് പണിക്കര്‍ അഭിപ്രായപ്പെട്ടു.
"ശരി സീരിയലുകൾ സമൂഹത്തെ ദോഷകരമായി ബാധിക്കുന്നു.. സ്ത്രീകളെ മോശപ്പെട്ട രീതിയിൽ ചിത്രീകരിക്കുന്നു. അങ്ങനെയെങ്കിൽ ആദ്യം ചെയ്യേണ്ടത് ഇവിടെ സീരിയലുകൾ സംപ്രേഷണം ചെയ്യുന്ന ചാനൽ പ്രതിനിധികളെ വിളിച്ചുവരുത്തി ഒരു ചർച്ച നടത്തുകയാണ്. ഇതുവരെയുള്ള കാര്യങ്ങൾ പോട്ടെ. ഇനി മുതൽ ഒരു സീരിയൽ സംപ്രേഷണം ചെയ്യണമെങ്കിൽ സർക്കാർ നിർദ്ദേശിക്കുന്ന ചില മാനദണ്ഡങ്ങൾ പാലിക്കപ്പെടണം.