തൻ്റെകരിയറില്‍ അവിശ്വസനീയമായ മറ്റൊരു നാഴികക്കല്ല് കൂടി കൈവരിച്ച് ബോളിവുഡ് താരം ദീപിക പദുകോൺ. ഐഎംഡിബിയുടെ, കഴിഞ്ഞ ദശകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട മികച്ച 100 ഇന്ത്യൻ താരങ്ങളുടെ പട്ടികയിൽ ഒന്നാം സ്ഥാനത്ത് എത്തിയിരിക്കുകയാണ് ദീപിക. രണ്ടാം സ്ഥാനത്തെത്തിയ ഷാരൂഖ് ഖാൻ, മൂന്നാം സ്ഥാനത്തെത്തിയ ഐശ്വര്യ റായ് ബച്ചൻ അടക്കം ബോളിവുഡിലെ വമ്പൻ താരങ്ങളെ മറികടന്നാണ് താരത്തിന്‍റെ നേട്ടം.
കഴിഞ്ഞ ദിവസമാണ് തങ്ങളുടെ ഔദ്യോഗിക ഇൻസ്റ്റഗ്രാം ഹാൻഡിലിൽ ഒരു ദശാബ്‌ദത്തിനിടെ ഏറ്റവും കൂടുതൽ ആളുകൾ കണ്ട അഭിനേതാക്കളുടെ ലിസ്റ്റ് ഐഎംഡിബി അനാച്ഛാദനം ചെയ്‌തത്- "ഐഎംഡിബിയിൽ ആഗോളതലത്തിൽ കഴിഞ്ഞ ദശകത്തിൽ ഏറ്റവും കൂടുതൽ ആളുകൾ കണ്ട 100 ഇന്ത്യൻ താരങ്ങളുടെ പട്ടിക പുറത്ത്!. ഐഎംഡിബി ലിസ്റ്റിലെ അവസാന ദശാബ്‌ദത്തിലെ പ്രതിവാര റാങ്കിംഗുകൾ 2014 ജനുവരി മുതൽ 2024 ഏപ്രിൽ വരെയുള്ള ഐഎംഡിബിയെ അടിസ്ഥാനമാക്കിയുള്ളതാണ്. ലോകമെമ്പാടുമുള്ള 250 ദശലക്ഷത്തിലധികം പ്രതിമാസ സന്ദർശകരുടെ യഥാർഥ പേജ് വ്യൂസാണ് ഈ റാങ്കിംഗുകൾ നിർണയിക്കുന്നത്"- ഐഎംഡിബി ഇൻസ്റ്റഗ്രാം പോസ്റ്റിൽ വ്യക്തമാക്കി.
ബോളിവുഡിലെ മുൻനിര അഭിനേതാക്കളിൽ ഒരാളായി ദീപിക ഇതിനോടകം തൻ്റെ സ്ഥാനം ഉറപ്പിച്ചുകഴിഞ്ഞു. സിനിമാതെരഞ്ഞെടുപ്പുകളിലെ വൈദഗ്ധ്യവും മികവുറ്റ പ്രകടനവുമാണ് ദീപികയുടെ കരിയർ ഗ്രാഫ് ഉയർത്തിയത്. ഇന്ന് ഇന്ത്യയില്‍ ഏറ്റവും കൂടുതൽ പ്രതിഫലം കൈപ്പറ്റുന്ന താരങ്ങളിൽ ഒരാളാണ് ദീപിക പദുകോൺ.
ദീപിക പദുകോണിൻ്റെ ചില പ്രമുഖ സിനിമകൾ (2014-2024):
1. പികു (2015): ഷൂജിത് സിർകാർ സംവിധാനം ചെയ്‌ത പികുവിൽ ടൈറ്റിൽ കഥാപാത്രത്തെയാണ് ദീപിക അവതരിപ്പിച്ചത്. വ്യക്തിപരവും തൊഴിൽപരവുമായ ജീവിതത്തെ സന്തുലിതമാക്കുന്ന ഒരു ആധുനിക സ്‌ത്രീയുടെ വേഷം ദീപിക പദുകോൺ അനായാസമായി പകർന്നാടി. ഏറെ പ്രേക്ഷക - നിരൂപക പ്രശംസ നേടിയ ഈ ചിത്രത്തിൽ അമിതാഭ് ബച്ചൻ, ഇർഫാൻ ഖാൻ എന്നിവരും പ്രധാന വേഷങ്ങളിലുണ്ട്. അച്ഛനും (അമിതാഭ് ബച്ചൻ) മകളും (ദീപിക പദുകോൺ) തമ്മിലുള്ള മനോഹരമായ ബന്ധത്തെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രം വികസിക്കുന്നത്.
2. ബാജിറാവു മസ്‌താനി (2015):ഈ, സഞ്ജയ് ലീല ബൻസാലി ചിത്രത്തിൽ രൺവീർ സിങ്ങിനും പ്രിയങ്ക ചോപ്രയ്‌ക്കും ഒപ്പം പ്രധാന കഥാപാത്രത്തെയാണ് ദീപിക പദുകോൺ അവതരിപ്പിച്ചത്. മസ്‌താനി എന്ന കഥാപാത്രം പിരിയഡ് ഡ്രാമകളിലെ താരത്തിന്‍റെ മികവ് പ്രകടമാക്കി. നിരവധി അവാർഡുകളും അംഗീകാരങ്ങളും ഈ സിനിമയും കഥാപാത്രവും താരത്തിന് നേടിക്കൊടുത്തു.
3. പദ്‌മാവത് (2018) :വിവാദങ്ങൾക്കിടയിലും, റാണി പദ്‌മാവതിയായുള്ള ദീപിക പദുകോണിൻ്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു. രൺവീർ സിംഗ്, ഷാഹിദ് കപൂർ എന്നിവരും ഈ പിരിയഡ് ഡ്രാമയിൽ പ്രധാന വേഷങ്ങളിലുണ്ട്.
4. ഛപക് (2020):ദീപികയുടെ നിർമാണ സംരംഭം കൂടിയാണ് ഛപക്. ആസിഡ് ആക്രമണത്തെ അതിജീവിച്ച യുവതിയുടെ കഥ പറഞ്ഞ ഈ ചിത്രത്തിൽ ദീപികയുടെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു.