മമ്മൂട്ടി നായകനായ 'ഭ്രമയുഗം' സിനിമയ്‌ക്കെതിരായ കുഞ്ചമണ്‍ കുടുംബത്തിന്‍റെ ഹർജിയിൽ തുടർ നടപടികൾ അവസാനിപ്പിച്ച് ഹൈക്കോടതി. ചിത്രത്തിലെ കേന്ദ്ര കഥാപാത്രത്തിന്‍റെ പേരിൽ മാറ്റം വരുത്താനുള്ള അണിയറ പ്രവർത്തകരുടെ അപേക്ഷയിൽ സിബിഎഫ്‌സി (Central Board of Film Certification) തീരുമാനമെടുത്തതായി കേന്ദ്രം ഹൈക്കോടതിയെ അറിയിച്ചു. കൊടുമൺ പോറ്റിയെന്നായിരിക്കും സർട്ടിഫിക്കറ്റിൽ പേര് മാറ്റുക. നേരത്തെ കുഞ്ചമണ്‍ പോറ്റി എന്നായിരുന്നു മമ്മൂട്ടി അവതരിപ്പിക്കുന്ന കേന്ദ്ര കഥാപാത്രത്തിന് പേര് നൽകിയിരുന്നത് (Petition against 'Bramayugam' movie).
എന്നാൽ ദുർമന്ത്രവാദത്തെ പ്രോത്സാഹിപ്പിക്കുന്ന സിനിമ റിലീസ് ചെയ്‌താൽ കുടുംബത്തിന്‍റെ സൽപ്പേരിനെ ബാധിക്കുമെന്ന് ആരോപിച്ച് കുഞ്ചമണ്‍ ഇല്ലത്തെ പിഎം ഗോപിയാണ് ഹൈക്കോടതിയെ സമീപിച്ചത്. 'ഭ്രമയുഗം' സിനിമയുടെ സി.ബി.എഫ്.സി സർട്ടിഫിക്കറ്റ് റദ്ദാക്കണം എന്നാവശ്യപ്പെട്ടായിരുന്നു ഹർജി. കുടുംബത്തിന്‍റെ സമ്മതമില്ലാതെയാണ് ഇല്ലപ്പേരും കഥാപാത്രത്തിന്‍റെ പേരും അണിയറ പ്രവർത്തകർ തീരുമാനിച്ചതെന്നും കുടുംബം ഹർജിയിൽ ആരോപിച്ചിരുന്നു.
അതേസമയം സിനിമയിലെ കഥാപാത്രത്തിന്‍റെ പേര് കൊടുമൺ പോറ്റിയെന്നാക്കാൻ അപേക്ഷ നൽകിയതായി അണിയറ പ്രവർത്തകർ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. സിനിമയുടെ ടീസർ കണ്ട് മാത്രമാണ് ആരോപണമെന്നും അണിയറ പ്രവർത്തകർ കോടതിയിൽ വ്യക്തമാക്കിയിരുന്നു. രാഹുൽ സദാശിവൻ തിരക്കഥയും സംവിധാനവും നിർവഹിച്ച ഈ ചിത്രം കൊട്ടാരത്തിൽ ശങ്കുണ്ണിയുടെ ഐതിഹ്യമാലയെ ആസ്‌പദമാക്കിയുള്ളതാണ്.