രാഹുൽ സദാശിവന്‍റെ സംവിധാനത്തിൽ മമ്മൂട്ടി, അർജുൻ അശോകൻ, സിദ്ധാർഥ് ഭരതൻ എന്നിവർ പ്രധാന വേഷങ്ങളിൽ എത്തിയ ചിത്രമാണ് 'ഭ്രമയുഗം'. തിയേറ്ററുകളിൽ മികച്ച പ്രതികരണം നേടി മുന്നേറുകയാണ് ഈ ചിത്രം. റിലീസ് ദിനത്തില്‍ തന്നെ മികച്ച കലക്ഷൻ നേടാൻ 'ഭ്രമയുഗ'ത്തിനായി.
'കാതലി'ലെ മാത്യു ദേവസിക്ക് ശേഷം കൊടുമൺ പൊറ്റിയായുള്ള മമ്മൂട്ടിയുടെ വേഷപ്പകർച്ച പ്രേക്ഷകരെ അക്ഷരാർഥത്തിൽ ഞെട്ടിച്ചു. പകരം വയ്‌ക്കാനില്ലാത്ത പ്രകടനവും കഥാപാത്രവും എന്നാണ് കൊടുമൺ പോറ്റിയെ എല്ലാവരും വിശേഷിപ്പിക്കുന്നത്. കേരളത്തിനകത്തും പുറത്തുമായി പ്രേക്ഷക - നിരൂപക പ്രശംസ ഒരുപോലെ നേടി സൂപ്പർഹിറ്റിലേക്ക് കുതിക്കുകയാണ് ഭ്രമയുഗം. ബ്ലാക്ക് ആൻഡ് വൈറ്റ് ആഖ്യാന രീതിയിലുള്ള ഈ ചിത്രം പുതിയ തലമുറയ്‌ക്ക് കൗതുകവും പകരുന്നുണ്ട്.
മമ്മൂട്ടിയുടെ അടുത്ത് ഒരു കഥയുമായി ചെല്ലുമ്പോൾ അദ്ദേഹത്തിന് ആ കഥയും കഥാപാത്രത്തെ ഇഷ്‌ടപ്പെടുക എന്നുള്ളതായിരുന്നു ഏറ്റവും വലിയ കടമ്പ എന്ന് ചിത്രത്തിന്‍റെ സംവിധായകൻ രാഹുൽ സദാശിവൻ പറഞ്ഞു. ഒരു കഥാപാത്രവും കഥാസന്ദർഭവും എഴുതുമ്പോൾ സിനിമയിൽ ഉടനീളം പ്രേക്ഷകരെ ചേർത്തുനിർത്തേണ്ട ഒരു കടമ കൂടി എഴുത്തുകാരനുണ്ട്. 'റെഡ് റൈൻ' എന്ന എന്‍റെ ചിത്രം സംഭവിക്കുന്നത് 2012ൽ ആണ്.
അത് കഴിഞ്ഞ് പത്തുവർഷത്തിന് ശേഷമാണ് രണ്ടാമത്തെ സിനിമയായ 'ഭൂതകാലം' സംഭവിക്കുന്നത്. തുടക്കകാലം മുതൽ തന്നെ മമ്മൂട്ടിയോടൊപ്പം ഒരു പടം ചെയ്യണമെന്നുള്ളത് സ്വപ്‌നമായിരുന്നു എന്നും രാഹുൽ സദാശിവൻ പറഞ്ഞു. ഒടുക്കം കൊടുമൺ പോറ്റി മമ്മൂട്ടിയുമായി അടുപ്പിക്കുന്നതിന് കാരണമായി.