ഈ വര്‍ഷത്തെ ബോക്‌സ് ഓഫീസ് ഹിറ്റായി മാറിയ മമ്മൂട്ടിയുടെ 'ഭ്രമയുഗം' ലോക ഹൊറര്‍ ചിത്രങ്ങളുടെ പട്ടികയില്‍ ഇടം പിടിച്ചു. ലോകമെമ്പാടുമുള്ള ചലച്ചിത്ര പ്രേമികളുടെ ചര്‍ച്ചകളുടെയും വിശകലനങ്ങളുടെയും വേദിയായ ലെറ്റര്‍ ബോക്‌സിഡിന്‍റെ 2024 ലെ ഹൊറര്‍ ചിത്രങ്ങളുടെ പട്ടികയിലാണ് ഇടം നേടിയത്. 25 ചിത്രങ്ങളുടെ പട്ടികയില്‍ രണ്ടാമതാണ് ഭ്രമയുഗം. ഈ വര്‍ഷം ഇതുവരെ ഇറങ്ങിയ ചിത്രങ്ങളില്‍ ലെറ്റര്‍ ബോക്‌സ്‌ഡ് അംഗങ്ങളുടെ റേറ്റിങ്ങിന്‍റെ അടിസ്ഥാനത്തിലാണ് പട്ടിക തയാറാക്കിയത്.
2024 ൽ ഇനി റിലീസ് ചെയ്യുന്ന ചിത്രങ്ങൾ ഈ പട്ടികയില്‍ കൂട്ടിചേർക്കും. തുടര്‍ന്ന് 2025 ന്‍റെ തുടക്കത്തില്‍ അന്തിമ പട്ടിക പ്രഖ്യാപിക്കും, മാസം തോറും അംഗങ്ങലുടെ റേറ്റിങ്ങിനനുസരിച്ചാണ് പട്ടിക പുതുക്കുന്നത്.
ശരാശരി റേറ്റിംഗ് അനുസരിച്ചാണ് ചിത്രങ്ങളുടെ റാങ്ക് നിർണയിച്ചിരിക്കുന്നത്. ഫീച്ചർ ചിത്രങ്ങൾ ആയിരിക്കണം, സിനിമകൾക്ക് 2024-ൽ ഏതെങ്കിലും രാജ്യത്ത് ആദ്യമായി ദേശീയ റിലീസ് ഉണ്ടായിരിക്കണം, മിനിമം ആയിരം റേറ്റിങ്സ് ചിത്രത്തിന് ലഭിക്കണം എന്നിങ്ങനെയാണ് പട്ടികയില്‍ ഇടം പിടിക്കുന്നതിനുള്ള യോഗ്യത നിർദ്ദേശങ്ങൾ.
'ഭൂതകാലം' എന്ന ചിത്രത്തിന് ശേഷം രാഹുല്‍ സദാശിവന്‍ സംവിധാനം ചെയ്‌ത ചിത്രമാണ് 'ഭ്രമയുഗം'. ബ്ലാക്ക് ആന്‍ഡ് വൈറ്റിലാണ് ചിത്രം പ്രേക്ഷകരുടെ മുന്നിലെത്തിയത്. അര്‍ജുന്‍ അശോകന്‍, സിദ്ധാര്‍ത്ഥ് ഭരതന്‍, അമാല്‍ഡ ലിസ്, മണികണ്‌ഠന്‍ ആചാരി, എന്നിവരാണ് മറ്റു പ്രധാന കഥാപാത്രങ്ങള്‍.