ബെന്യാമിന്‍റെ പ്രശസ്‌തമായ, മലയാളത്തിൽ ഏറ്റവും അധികം വായക്കപ്പെട്ട നോവലുകളിൽ ഒന്നായ 'ആടുജീവിത'ത്തെ ആസ്‌പദമാക്കി ബ്ലെസി ഒരുക്കിയ സിനിമ അടുത്തിടെയാണ് തിയേറ്ററുകളിൽ പ്രദർശനത്തിനെത്തിയത്. വർഷങ്ങളുടെ കാത്തിരിപ്പിനൊടുവിൽ 'ആടുജീവിതം' സിനിമ പുറത്തിറങ്ങിയതിന് പിന്നാലെ ചില വിവാദങ്ങളും തലപൊക്കി. 'ആടുജീവിതം' ജീവിത കഥയല്ലെന്നും നജീബ് നോവലിലെ കഥാപാത്രം മാത്രമാണെന്നും ബെന്യാമിൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
നോവലിലെ നായകൻ ഷൂക്കൂർ അല്ല മറിച്ച് നജീബ് ആണെന്നും അനേകം ഷുക്കൂറുമാരിൽ നിന്ന് കടംകൊണ്ട കഥാപാത്രമാണ് നജീബ് എന്നും ബെന്യാമിൻ പറഞ്ഞിരുന്നു. പിന്നാലെ ഇതിനെ അനുകൂലിച്ചും പ്രതികൂലിച്ചും ചർച്ചകൾ സജീവമായി. ഈ സാഹചര്യത്തിൽ വിശദീകരണവുമായി എത്തിയിരിക്കുകയാണ് ബെന്യാമിൻ.
'ആടുജീവിതം' നോവലിന് ആധാരമായ നജീബിന്‍റെ നാട്ടിലെ പേര് ഷുക്കൂർ എന്നാണെന്ന് ബെന്യാമിൻ വ്യക്തമാക്കി. ഷുക്കൂറിന്‍റെ ഔദ്യോഗിക രേഖകളിൽ നജീബ് മുഹമ്മദ് എന്ന് തന്നെയാണ് പേരെന്നും അതുകൊണ്ട് ഇത്രയും കാലം അദ്ദേഹത്തെ നജീബ് എന്ന് വിളിച്ചതിൽ ഒരു നീതികേടും ഇല്ലെന്നും ബെന്യാമിൻ പറഞ്ഞു. ഫേസ്‌ബുക്ക് പോസ്റ്റിലൂടെയാണ് എഴുത്തുകാരന്‍റെ പ്രതികരണം.
ബെന്യാമിന്‍റെ ഫേസ്‌ബുക്ക് കുറിപ്പ്:'ഷുക്കൂർ - നജീബ്. എന്തുകൊണ്ട് എത്രകാലം ഷുക്കൂറിനെ നിങ്ങൾ നജീബ് എന്ന് വിളിച്ചു, അങ്ങനെ അവതരിപ്പിച്ചു എന്ന ചോദ്യം സ്വഭാവികമാണ്.
ഷുക്കൂറിന്‍റെ ഔദ്യോഗിക രേഖകളിൽ എല്ലാം പേര് നജീബ് മുഹമ്മദ് എന്ന് തന്നെ ആണ്. അദ്ദേഹത്തിന്‍റെ നാട്ടിലെ പേരാണ് ഷുക്കൂർ. അതുകൊണ്ട് ഇത്രയും കാലം അദ്ദേഹത്തെ നജീബ് എന്ന് വിളിച്ചതിൽ ഒരു നീതികേടും ഇല്ല'.