കൊച്ചിയിലെ സിനിമ പ്രേമികൾക് ആവേശം പകർന്ന് തെന്നിന്ത്യന്‍ സൂപ്പര്‍താരം അല്ലു അർജുൻ. 'പുഷ്‌പ 2: ദ റൂൾ' റിലീസിനോടനുബന്ധിച്ചുള്ള പ്രൊമോഷന്‍റെ ഭാഗമായാണ് താരം കേരളത്തിലെത്തിയത്. ഡിസംബർ അഞ്ചിനാണ് ചിത്രം ലോകമൊട്ടാകെയുള്ള തിയേറ്ററുകളില്‍ എത്തുക.
കൊച്ചിയിലെത്തിയ താരത്തിന്‍ വൻ സ്വീകരണമാണ് ലഭിച്ചിരിക്കുന്നത്. കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിലും, സിനിമ പ്രമോഷൻ വേദിയൊരുക്കിയ ഗ്രാന്‍റ് ഹയാത്തിലും സിനിമ പ്രേമികളും ആരാധകരും ഉൾപ്പടെ വൻ ജനാവലിയാണ് തടിച്ച് കൂടിയത്. നിറഞ്ഞ കയ്യടിയോടെയായിരുന്നു താരത്തെ വേദിയിലേക്ക് സ്വാഗതം ചെയ്‌തത്.
Pushpa promotions (ETV Bharat) മലയാളത്തില്‍ സംസാരിച്ച് കൊണ്ടാണ് അല്ലു അര്‍ജുന്‍ കൊച്ചിയെ അഭിസംബോധന ചെയ്‌തത്. "നമസ്‌കാരം" എന്ന് പറഞ്ഞു കൊണ്ടാണ് അല്ലു അര്‍ജുന്‍ തന്‍റെ സംസാരം ആരംഭിച്ചത്. "എല്ലാ മലയാളികള്‍ക്കും നമസ്‌കാരം" എന്ന് പറഞ്ഞ താരത്തിന് വേദിയില്‍ നിന്നും നിലയ്‌ക്കാത്ത കയ്യടികളും ആരവങ്ങളുമാണ് ലഭിച്ചത്.
സദസ്സില്‍ നിന്നുയർന്ന അല്ലു വിളികൾക്കിടെ താരം തന്‍റെ പ്രസംഗം നിർത്തി ആരാധകര്‍ക്ക് നേരെ കൈ വീശി കാണിച്ചു. മലയാളികൾ തനിക്ക് നൽകുന്ന സ്‌നേഹത്തിനും പിന്തുണയ്ക്കും സ്നേഹത്തിനും നന്ദി അറിയിക്കാനും മറന്നില്ല. ഇതിനിടെ പുഷ്‌പ 2 മലയാളികൾ സ്നേഹത്തോടെ സ്വീകരിക്കുമെന്ന പ്രതീക്ഷയും താരം പ്രകടിപ്പിച്ചു.
'പുഷ്‌പ 2: ദ റൂളി'ന് മലായാളവുമായുളള ബന്ധത്തെ കുറിച്ചും താരം വാചാലനായി. ആരാധകരുടെ ആർപ്പു വിളികൾക്കിടയിൽ 'പുഷ്‌പ 2' ലെ തന്‍റെ ചില ആക്ഷനുകളും ഡയലോഗുകളും താരം ആരാധകർക്കായി പങ്കുവച്ചതും കാണികളുടെ ആവേശം വാനോളമുയർത്തി.
സിനിമയില്‍ അല്ലു അര്‍ജുന്‍റെ നായികയായി എത്തുന്ന രശ്‌മിക മന്ദാനയും ചടങ്ങില്‍ പങ്കെടുത്തിരുന്നു. മലയാളത്തില്‍ സംസാരിച്ച് തുടങ്ങിയ രശ്‌മിക പ്രസംഗം ആരംഭിച്ചതോടെ താരത്തിനും നിറഞ്ഞ കയ്യടി ലഭിച്ചു. ചോറ് കഴിച്ചോ എന്നാണ് താരം മലയാളത്തിൽ ചോദിച്ചത്. അടുത്ത തണവ വരുമ്പോൾ കൂടുതൽ മലയാളം സംസാരിക്കുമെന്നും താരം പറഞ്ഞു.
കേരളവുമായി അടുത്ത ബന്ധം പുലർത്തുന്ന തനിക്ക് മലയാളികളെയും, കേരത്തിലെ പായസവും വളരെ ഇഷ്‌ടമാണെന്നും താരം പറഞ്ഞു. ആരാധകരുടെ നിർബന്ധത്തിന് വഴങ്ങി സിനിമയിലെ തന്‍റെ നൃത്ത ചുവടുകളും അവതരിപ്പിച്ചാണ് താരം മടങ്ങിയത്.
ബ്ലോക്ക്‌ബസ്‌റ്റര്‍ ഹിറ്റായ 'പുഷ്‌പ: ദ റൈസി'ന്‍റെ രണ്ടാം ഭാഗമായെത്തുന്ന 'പുഷ്‌പ 2: ദ റൂൾ' ഇന്ത്യർ സിനിമ ലോകത്തിനൊപ്പം ഏറെ പ്രതീക്ഷയോടെയാണ് മലയാളികളും കാത്തിരിക്കുന്നത്. ഇന്ത്യൻ സിനിമ ചരിത്രത്തിലെ ഏറ്റവും ദൈർഘ്യമേറിയ ചിത്രം കൂടിയാകും 'പുഷ്‌പ 2: ദ റൂൾ' എന്നാണ് സൂചന.
സുകുമാർ സംവിധാനം ചെയ്‌ത 'പുഷ്‌പ: ദ റൈസ്' ആദ്യ ഭാഗം രണ്ട് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളും ഏഴ് സംസ്ഥാന ചലച്ചിത്ര പുരസ്‌കാരങ്ങളും നേടിയിരുന്നു. 'പുഷ്‌പ 2: ദ റൂൾ' ഇതിന്‍റെ തുടർച്ചയായി എത്തുമ്പോൾ പുതിയ ചരിത്രം സൃഷ്‌ടിക്കുമെന്നാണ് താരങ്ങളും അണിയറ പ്രവർത്തകരും പ്രതീക്ഷിക്കുന്നത്.
അല്ലു അർജുന്‍ രശ്‌മിക മന്ദാന എന്നിവര്‍ക്ക് ശേഷം ഫഹദ് ഫാസിൽ, സുനിൽ, ജഗപതി ബാബു, പ്രകാശ് രാജ് തുടങ്ങിയവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ഈ ഫോർ എന്‍റര്‍ടെയിന്‍മെന്‍റ്‌സാണ് ചിത്രം കേരളത്തില്‍ വിതരണത്തിനെത്തിക്കുന്നത്.
Also Read: കൊച്ചിക്ക് ആവേശം പകർന്ന് അല്ലു അർജുൻ; ഒഴുകിയെത്തിയത് ജനസാഗരം, ആരാധകര്‍ക്ക് നന്ദി അറിയിച്ച് താരം