കേരളം

kerala

By ETV Bharat Kerala Team

Published : Jan 27, 2024, 3:30 PM IST

ETV Bharat / entertainment

'എന്‍റെ അച്ഛൻ സംഘിയല്ല'; വിമർശനങ്ങൾക്കിടെ രജനികാന്തിന് പ്രതിരോധം തീർത്ത് മകൾ ഐശ്വര്യ

'ലാൽ സലാം' സിനിമയുടെ ഓഡിയോ ലോഞ്ചിനിടെയാണ് ഈ ചിത്രത്തിന്‍റെ സംവിധായിക കൂടിയായ ഐശ്വര്യ രജനികാന്ത് പിതാവിനെതിരായ വിമർശനങ്ങളിൽ പ്രതികരിച്ചത്

രജനികാന്ത് ലാൽസലാം  ഐശ്വര്യ രജനികാന്ത്  Lal Salaam Audio Launch  Aishwarya Rajinikanth
Lal Salaam Audio Launch

ചെന്നൈ:ഐശ്വര്യ രജനികാന്തിന്‍റ സംവിധാനത്തിൽ വിക്രാന്ത്, വിഷ്‌ണു വിശാൽ എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രമാണ് 'ലാൽ സലാം'. വെള്ളിയാഴ്‌ചയാണ് (ജനുവരി 26) ചിത്രത്തിന്‍റെ ഓഡിയോ ലോഞ്ച് നടന്നത്. ഓഡിയോ ലോഞ്ചിനിടെയുള്ള ഐശ്വര്യ രജനികാന്തിന്‍റ വാക്കുകളാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്. തന്‍റെ അച്ഛനായ രജനികാന്ത് ഒരു സംഘിയല്ലെന്ന് പറയുകയാണ് ഐശ്വര്യ (Aishwarya Rajinikanth at Lal Salaam Audio Launch).

സോഷ്യൽ മീഡിയകളിൽ രജനികാന്തിനെ 'സംഘി'യായി മുദ്ര കുത്തുന്നതിനും അധിക്ഷേപിക്കുന്നതിനും എതിരെ പ്രതികരിക്കുകയായിരുന്നു അവർ (Allegations of Being a 'Sanghi'). തൻ്റെ പിതാവിനെതിരായ വ്യക്തിപരമായ ആക്രമണങ്ങളെ അഭിസംബോധന ചെയ്‌ത ഐശ്വര്യ ഇത്തരം പ്രവർത്തികൾ വേദന ഉളവാക്കുന്നതാണെന്നും ചൂണ്ടിക്കാട്ടി.

'ഞാൻ പൊതുവെ സോഷ്യൽ മീഡിയയിൽ നിന്ന് വിട്ടുനിൽക്കുന്ന ആളാണ്. പക്ഷേ എന്താണ് ചുറ്റും സംഭവിക്കുന്നതെന്ന് എൻ്റെ ടീം എന്നെ അറിയിക്കാറുണ്ട്. ചില പോസ്റ്റുകൾ അവരെന്നെ കാണിക്കാറുമുണ്ട്. അവ കാണുമ്പോൾ ദേഷ്യമാണ് വരാറ്.

ഞങ്ങളും മനുഷ്യരാണ്. അടുത്ത കാലത്തായി പലരും എൻ്റെ അച്ഛനെ സംഘി എന്നാണ് വിളിക്കുന്നത്. ഒരു കാര്യം ഞാൻ ഇവിടെ വ്യക്തമാക്കാൻ ആഗ്രഹിക്കുന്നു, രജനികാന്ത് ഒരു സംഘിയല്ല. അങ്ങനെ ആയിരുന്നെങ്കിൽ ലാൽ സലാം പോലൊരു സിനിമ അദ്ദേഹം ചെയ്യില്ലായിരുന്നു'-ഐശ്വര്യ രജനികാന്ത് വ്യക്തമാക്കി.

'ലാൽ സലാം' ഒരു സെൻസിറ്റീവായ വിഷയമാണ് കൈകാര്യം ചെയ്യുന്നതെന്നും സംവിധായിക പറഞ്ഞു. രജനികാന്തിൻ്റെ പ്രതിബദ്ധതയെ പ്രശംസിച്ച ഐശ്വര്യ മനുഷ്യത്വമുള്ളവർ മാത്രമേ ഇത്തരമൊരു വേഷം ചെയ്യാൻ സമ്മതിക്കൂ എന്നും ഊന്നിപ്പറഞ്ഞു. അതേസമയം സിനിമയുടെ ചിത്രീകരണ വേളയിൽ രജനികാന്തിനെ പിന്തുണച്ചതിനും കരുതൽ കാട്ടിയതിനും ജിംഗി, തിരുവണ്ണാമലൈ, പുതുച്ചേരി പ്രദേശങ്ങളിലെ ജനങ്ങൾക്ക് ഐശ്വര്യ നന്ദിയും അറിയിച്ചു.

അതേസമയം അയോധ്യയിലെ 'പ്രാൺ പ്രതിഷ്‌ഠ' ചടങ്ങിൽ പങ്കെടുത്തതിന് പിന്നാലെ ഡിഎംകെയിൽ നിന്നുൾപ്പടെ കടുത്ത വിമർശനം രജനികാന്ത് നേരിട്ടിരുന്നു. എന്നാൽ തൻ്റെ പിതാവിനെ ശക്തമായി പ്രതിരോധിച്ച ഐശ്വര്യ 'ലാൽ സലാമിലെ' അദ്ദേഹത്തിൻ്റെ സാന്നിധ്യം സാമൂഹിക പ്രസക്തിയുള്ള സിനിമകളോടുള്ള അദ്ദേഹത്തിൻ്റെ പ്രതിബദ്ധതയെ സൂചിപ്പിക്കുന്നതാണെന്നും പറഞ്ഞു.

ഒരു സ്‌പോർട്‌സ് ഡ്രാമയായി അണിയിച്ചൊരുക്കിയ ചിത്രത്തിൽ രജനികാന്ത് അതിഥി വേഷത്തിലാണ് പ്രത്യക്ഷപ്പെടുന്നത്. മൊയ്‌ദീൻ ഭായി എന്ന കഥാപാത്രത്തെയാണ് താരം അവതരിപ്പിക്കുന്നത്. സിനിമയെ പിന്തുണയ്‌ക്കാൻ നിർമാതാക്കൾ ആദ്യം മടിച്ചെന്നും ഓഡിയോ ലോഞ്ചിനിടെ ഐശ്വര്യ പറഞ്ഞു. ആദ്യം വിമുഖത കാണിച്ചെങ്കിലും രജനികാന്ത് തന്നെ സിനിമയിൽ അഭിനയിക്കാൻ താൽപര്യം പ്രകടിപ്പിച്ചതായും സംവിധായിക വ്യക്തമാക്കി.

ലൈക്ക പ്രൊഡക്ഷൻസിന്‍റെ ബാനറിൽ സുബാസ്‌കരൻ നിർമിക്കുന്ന 'ലാൽ സലാം' ഫെബ്രുവരി 9ന് തിയേറ്ററുകളിൽ എത്തും. വിഷ്‌ണു രംഗസാമിയും ഐശ്വര്യ രജനികാന്തും ചേർന്നാണ് ലാൽ സലാമിനായി തിരക്കഥ എഴുതിയിരിക്കുന്നത്. ലിവിംഗ്സ്റ്റൺ, സെന്തിൽ, ജീവിത, കെ എസ് രവികുമാർ, തമ്പി രാമയ്യ, നിരോഷ തുടങ്ങി പ്രതിഭാധനരായ താരനിനിരയും അണിനിരക്കുന്ന ചിത്രത്തിൽ ക്രിക്കറ്റ് താരം കപിൽ ദേവും കാമിയോ റോളിൽ എത്തുന്നുണ്ട്.

എ ആർ റഹ്മാൻ സംഗീത സംവിധാനം നിർവഹിക്കുന്ന ഈ ചിത്രം റെഡ് ജയന്‍റ് മൂവീസാണ് വിതരണത്തിനെത്തിക്കുന്നത്. വിഷ്‌ണു രംഗസാമിയാണ് ഛായാഗ്രാഹകൻ. ചിത്രത്തിന്‍റെ എഡിറ്റിംഗ് ബി പ്രവീൺ ഭാസ്‌കറും നിർവഹിക്കുന്നു.

ABOUT THE AUTHOR

...view details