തിരുവനന്തപുരം: തനിക്ക് നേരെ അതിക്രമം കാട്ടിയത് ജയസൂര്യയെന്ന് നടി സോണിയ മൽഹാർ. ആരാധകരും ജനങ്ങളും കൂടി പേര് പറയിച്ചതാണെന്നും പ്രത്യേക അന്വേഷണ സംഘം കഴിഞ്ഞ ദിവസം വീട്ടിലെത്തി മൊഴി രേഖപ്പെടുത്തിയെന്നും നടി പറഞ്ഞു. തിരുവനന്തപുരത്ത് നടന്ന വാർത്ത സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു സോണിയ മല്‍ഹാര്‍.
'ദുരനുഭവം ഉണ്ടായത് 'പിഗ്‌മാന്‍' എന്ന സിനിമയുടെ സെറ്റിൽ വെച്ചാണ്. പൂങ്കുഴലി ഐപിഎസ് എന്നെ വിളിച്ചിരുന്നു. ആറംഗ ഉദ്യോഗസ്ഥർ എത്തിയാണ് എന്‍റെ മൊഴി രേഖപ്പെടുത്തിയത്. സ്ത്രീകൾക്കെതിരെയുള്ള അതിക്രമം എന്ന വകുപ്പാണ് രജിസ്‌റ്റർ ചെയ്‌തത്. തൊടുപുഴയിലെ സെറ്റില്‍ വെച്ച് ഞാന്‍ വസ്ത്രം മാറാൻ മുറിയിൽ കയറിയപ്പോൾ, പിന്നിൽ നിന്നെത്തി കെട്ടി പിടിക്കുകയായിരുന്നു. അപ്പോൾ തന്നെ പിടിച്ചു തള്ളി. അനുവാദമില്ലാതെ ശരീരത്തിൽ തൊടരുതെന്ന് ഞാന്‍ പറഞ്ഞു. അദ്ദേഹം അപ്പോൾ തന്നെ മാപ്പും പറഞ്ഞു. ഇനി ഒരിക്കലും ഇങ്ങനെ ഉണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സംവിധായകനോട് പരാതി പറയുമോ എന്ന് അദ്ദേഹം എന്നോടു ചോദിച്ചു. ഇല്ലെന്ന് ഞാന്‍ പറഞ്ഞു. പക്ഷേ വീട്ടിലെത്തി ഞാന്‍ ഭർത്താവിനോട് കാര്യം പറഞ്ഞു. പ്രശ്‌നം ഉണ്ടാക്കരുതെന്ന് ഭർത്താവും പറഞ്ഞത് അനുസരിച്ചാണ് അന്ന് പരാതി നല്‍കാത്തത്. ഇതേ വ്യക്തിയുമായി ഇപ്പോഴും സൗഹൃദമുണ്ട്. പിന്നീട് ഒരിക്കലും അദ്ദേഹം ബുദ്ധിമുട്ടിച്ചിട്ടില്ല. എന്‍റെ സാമൂഹിക പ്രവർത്തനങ്ങൾക്ക് അദ്ദേഹവും സംഭാവന നൽകിയിട്ടുണ്ട്.