ഹേമ കമ്മറ്റി പുറത്തു വന്ന സാഹചര്യത്തില്‍ തനിക്ക് വന്നത് വിഷമം കലര്‍ന്ന സന്തോഷമാണെന്ന് നടി പാര്‍വതി തിരുവോത്ത്. വയനാട് ലിറ്ററേച്ചര്‍ ഫെസ്‌റ്റില്‍ സംസാരിക്കുകയായിരുന്നു താരം. അവള്‍ ചരിത്രമെഴുതുകയാണ് എന്ന സെഷനില്‍ മാധ്യമപ്രവര്‍ത്തക അന്ന എം വെട്ടിക്കാടുമായി സംവദിക്കുകയായിരുന്നു അവര്‍.
ഒരു പത്തു വർഷം കൊണ്ട് കൂടുതല്‍ സിനിമകൾ ചെയ്‌തുകൊള്ളണമെന്നും, അതു കഴിഞ്ഞാൽ സ്ത്രീകൾക്ക് ഒരു ഷെൽഫ് ലൈഫ് ആയിരിക്കും, ആന്‍റി, അമ്മ, എന്നുളള വേഷങ്ങളിലേക്ക് ചുരുങ്ങുമെന്നും പാര്‍വതി പറഞ്ഞു. വയസ് കൂടുന്തോറും സിനിമയില്‍ അവസരം കുറയുമെന്നാണ് സിനിമ മേഖലയിലേക്ക് കടന്നുവരുമ്പോള്‍ സ്‌ത്രീകള്‍ക്ക് കിട്ടുന്ന ഉപദേശമെന്നും താരം പറഞ്ഞു.
താന്‍ ഇപ്പോള്‍ സിനിമയിൽ വന്നിട്ട് 18 വർഷത്തിൽ കൂടുതലാവുന്നു. സിനിമയിൽ വിജയിച്ചോ, ചെയ്യുന്ന സിനിമകൾ ഓടുന്നുണ്ടോ, എന്നെ എല്ലാവരും ഇഷ്ടപ്പെടുന്നുണ്ടോ എന്നതൊന്നുമല്ല. ഒരു അഭിനേത്രി എന്ന നിലയിൽ ഞാനിവിടെ നിലനിൽക്കുന്നു എന്ന ഒരേയൊരു ചെയ്തിയിലൂടെയാണ് ഞാൻ ചരിത്രം സൃഷ്ടിക്കുന്നതെന്നും നടി കൂട്ടിച്ചേര്‍ത്തു.
പാർവതിയുടെ വാക്കുകൾ
"ഞാൻ സിനിമയിൽ വന്ന ആദ്യ മൂന്ന് നാല് വർഷങ്ങളിൽ കേൾക്കുമായിരുന്നു, ഒരു പത്തു വർഷം കൊണ്ട് മാക്‌സി മം സിനിമകൾ ചെയ്‌തു കൊള്ളൂ. അതു കഴിഞ്ഞാൽ സ്ത്രീകൾക്ക് ഒരു ഷെൽഫ് ലൈഫ് ആയിരിക്കും, ആന്‍റി, അമ്മ, എന്നുളള വേഷങ്ങളിലേക്ക് ചുരുങ്ങും. അന്ന് ഞാനത് കേട്ടില്ലെന്ന് വെച്ചു. പിന്നീട് കുറേ കാലം കഴിഞ്ഞ് കേൾക്കാൻ തുടങ്ങി, സ്ത്രീകൾ ഒരുപാട് നല്ല സിനിമകൾ ചെയ്‌ത് അതിന് മാർക്കറ്റ് വാല്യൂ കൂടി അവർ നല്ല സൂപ്പർഹിറ്റായി കഴിഞ്ഞാൽ പിന്നെ അവരെ കാണില്ല. അന്വേഷിച്ചു പോയാൽ ഒന്നുകിൽ അവർ കല്യാണം കഴിഞ്ഞ് പോയിട്ടുണ്ടാവും.അല്ലെങ്കിൽ അവർ അഭിനയം തന്നെ നിർത്തിയിട്ടുണ്ടാവും. പോകെപ്പോകെ എനിക്ക് മനസിലായി അതുമൊരുതരം അടിച്ചമർത്തലാണ്. ഇവിടെ നിലനിൽക്കുമെന്ന ഒരേയൊരു തീരുമാനം മാത്രം മതി ചരിത്രം സൃഷ്‌ടിക്കാൻ.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാം
ഞാനിപ്പോൾ സിനിമയിൽ വന്നിട്ട് 18 വർഷത്തിൽ കൂടുതലാവുന്നു. സിനിമയിൽ വിജയിച്ചോ, ചെയ്യുന്ന സിനിമകൾ ഓടുന്നുണ്ടോ, എന്നെ എല്ലാവരും ഇഷ്ടപ്പെടുന്നുണ്ടോ എന്നതൊന്നുമല്ല. ഒരു അഭിനേത്രി എന്ന നിലയിൽ ഞാനിവിടെ നിലനിൽക്കുന്നു എന്ന ഒരേയൊരു ചെയ്തിയിലൂടെയാണ് ഞാൻ ചരിത്രം സൃഷ്ടിക്കുന്നത്. അങ്ങനെ ഒരു അവസരത്തിലാണ് ഡബ്ലു സി സിയും ഉണ്ടാവുന്നത്. അതൊരു തീരുമാനമായിരുന്നില്ല. ചെയ്യേണ്ടി വന്നതാണ്. അന്തസ്സില്ലാതെ തുടരാനോ നിലനിൽക്കാനോ താത്പര്യമില്ലാത്തൊരിടത്ത് ഒരു കൂട്ടം വനിതകൾ ചേർന്ന് തീരുമാനിച്ചു. നമ്മുടെ കൂടി ഇടമാണല്ലോ ഇത്, എന്തുകൊണ്ട് നമുക്ക് ഒരുമിച്ച് നിന്ന് ഈ രീതികൾ മാറ്റിക്കൂടാ, മാറ്റം സംഭവിച്ചത് ഡബ്ലൂ സിസിക്ക് മുമ്പും ശേഷവുമല്ല. യഥാർഥത്തിൽ 2017 ഫെബ്രുവരിക്ക് മുമ്പും ശേഷവുമാണ്.
അതിജീവിതയുടെ ഒരേയൊരു തീരുമാനത്തിന് ശേഷമാണ് എല്ലാവരുടെ ജീവിതവും മാറിയത്. നടിയെ ആക്രമിച്ച സംഭവം വലിയ ഞെട്ടലുണ്ടാക്കിയിരുന്നു. തൊട്ടുപിന്നാലെ 16 പേർ ചേർന്ന വാട്‌സ് ആപ്പ് ഗ്രൂപ്പ് ഉണ്ടാക്കി സങ്കടങ്ങൾ പങ്കുവെയ്ക്കുകയായിരുന്നു ആദ്യം ചെയ്‌തത്.
ഇന്‍ഡസ്‌ട്രിയില്‍ ഞങ്ങൾ ഫ്ലോട്ടിങ് ഐലന്‍റുകൾ പോലെ ആയിരുന്നു. എനിക്കോ റിമക്കോ ഷൂട്ടോ റെക്കോർഡിങ്ങോ ഉള്ള സമയം നോക്കി ചർച്ചകൾ വെക്കും. പ്രശ്‌നങ്ങള്‍ ഉന്നയിക്കാനൊരു വേദി ഞങ്ങൾക്ക് പലപ്പോഴും ലഭിച്ചിരുന്നില്ല. കടുത്ത സ്ത്രീവിരുദ്ധതയുളള ഇടത്ത് ഒരു പുരുഷനുമായുളള ഏറ്റുമുട്ടൽ ഞാൻ പ്രതീക്ഷിക്കുന്നുണ്ട്. പക്ഷേ അതൊരു സ്ത്രീ ആകുമ്പോൾ, അത്തരം സ്ത്രീകളോട് വല്ലാത്ത അനുകമ്പ തോന്നാറുണ്ട്. പുരുഷാധിപത്യത്തിന് കയറി ഇറങ്ങാൻ ദേഹത്തെ വിട്ടുകൊടുക്കുകയാണ് പല സ്ത്രീകളും ചെയ്യുന്നതെന്ന് തോന്നിയിട്ടുണ്ട്.
ഡബ്ല്യൂ സിസിയുടെ പ്രവർത്തനങ്ങളിൽ പലരും എന്നോട് ചോദിച്ചു, എന്തിനാണ് ഈ പ്രശ്‌നങ്ങള്‍ എല്ലാവരെയും അറിയിക്കുന്നത്, നമ്മുടെ കേരളത്തിനല്ലേ നാണക്കേട് എന്ന്. അതിൽ അഭിമാനം കൊള്ളുകയല്ലേ വേണ്ടത്. പ്രശ്‌നം തിരിച്ചറിഞ്ഞ് മാറ്റം കൊണ്ടുവരുന്നുണ്ടെങ്കിൽ അവിടെയല്ലേ പുരോഗമനം. ആ മാറ്റം കേരളത്തിലുണ്ടാവുന്നതിൽ ഞാൻ അഭിമാനിക്കുന്നു.
വയനാട് ലിറ്ററേച്ചര്‍ ഫെസ്‌റ്റില്‍ പാര്‍വതി തിരുവോത്ത് സംസാരിക്കുന്നു (ETV Bharat) ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നപ്പോൾ സങ്കടവും സന്തോഷവും ഉണ്ടായിരുന്നു. സിനിമയിൽ ഞാനും അതിജീവിതയാണ്. നേരിട്ടതെല്ലാം കമ്മിറ്റിക്ക് മുൻപിൽ തുറന്ന് പറഞ്ഞിരുന്നു. അമ്മയിൽ അംഗമായിരുന്നപ്പോൾ നിരവധി പ്രശ്‌നങ്ങൾ ആയിരുന്നു നേരിടേണ്ടിവന്നിരുന്നത്. ഇതേക്കുറിച്ച് ആവർത്തിച്ച് പറഞ്ഞെങ്കിലും ഫലം ഉണ്ടായില്ല. നടന്മാരിൽ ചിലർക്ക് പ്രോസ്‌ട്രേറ്റിന് പ്രശ്‌നം ഉണ്ട്. അതുകൊണ്ടാണ് സിനിമാ ലൊക്കേഷനിൽ ശുചിമുറികൾ വേണമെന്ന ആവശ്യത്തിന് പിന്തുണ ലഭിച്ചത്. ആ സംഭവത്തോടെ 'ബാത്റൂം പാർവതി' എന്ന പേര് വരെ വീണു. അമ്മയിൽ അംഗമായിരിക്കെ ചില പ്രശ്‌നങ്ങൾ ഞാൻ ഉന്നയിച്ചിരുന്നു. അപ്പോൾ ‘ അത് വിട് പാർവതി, നമ്മൾ ഒരു കുടുംബം അല്ലേ. നല്ല ഡ്രസൊക്കെ ഇട്ട് വന്ന് ആഘോഷിച്ച് സദ്യയൊക്കെ കഴിച്ച് നമുക്ക് പോകാം’ എന്നായിരുന്നു ലഭിച്ച മറുപടി. ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നിൽ ഡബ്ല്യുസിസിയുടെ പ്രയത്‌നം ആണെന്ന് പലരും പറഞ്ഞത് കണ്ടു. ഇത് കേട്ടപ്പോൾ സന്തോഷം തോന്നി.
Also Read:'ഇത്ര ഭീരുക്കള്‍ ആയിരുന്നോ അവര്‍? ഓരോ സ്‌ത്രീയും രംഗത്ത് വരണം': പാര്‍വതി തിരുവോത്ത്