ഹരിശ്രീ അശോകനെ കേന്ദ്ര കഥാപാത്രമാക്കി ശിവകുമാർ കാങ്കോൽ സംവിധാനം ചെയ്യുന്ന ഏറ്റവും പുതിയ ചിത്രമാണ് അന്ത്രു ദ മാൻ. ചിത്രത്തിന്‍റെ വിശേഷങ്ങൾ പങ്കുവെച്ച് ഹരിശ്രീ അശോകനും മറ്റ് അണിയറ പ്രവർത്തകരും കഴിഞ്ഞദിവസം മാധ്യമങ്ങൾക്ക് മുന്നിലെത്തി. സിനിമയിലെ കഥാപാത്രമായ അന്ത്രുവിനെ അവതരിപ്പിക്കുമ്പോൾ ആദ്യാവസാനം ലഭിച്ച ത്രിൽ പറഞ്ഞറിയിക്കാനാകാത്തതാണ്. ഓരോ രംഗത്തിലും കഥാപാത്രത്തെ വളരെ സൂക്ഷ്‌മതയോടെ കൈകാര്യം ചെയ്യേണ്ടതുണ്ടായിരുന്നു.
അധികം ബന്ധു ബലമില്ലാത്ത നിഷ്‌കളങ്കനായ വടക്കേ മലബാറുകാരനാണ് അന്ത്രു. അന്ത്രുവും അവന്‍റെ ഉമ്മയും തമ്മിലുള്ള ആത്മബന്ധം വളരെ രസകരമായി സിനിമയിൽ ആവിഷ്‌കരിച്ചിട്ടുണ്ട്. ഉമ്മയുമായുള്ള രംഗങ്ങൾ അഭിനയിച്ചുകൊണ്ടിരിക്കുമ്പോൾ അങ്ങനെ ഒരു ഉമ്മ എനിക്കും ഉണ്ടായിരുന്നെങ്കിൽ എന്ന് ഞാന്‍ ഉള്ളിൽ ആഗ്രഹിച്ചിരുന്നു എന്നും ഹരിശ്രീ അശോകന്‍ പറഞ്ഞു.
പഞ്ചാബി ഹൗസിലെയും ഗോഡ് ഫാദറിലെയും ചെറിയ വേഷങ്ങള്‍ മലയാളികൾ എക്കാലവും ഓർത്തിരിക്കുന്നതിന് കാരണം ആ സിനിമകൾ വലിയ വിജയമായതുകൊണ്ടാണ്. മികച്ച കഥാപാത്രങ്ങളെ അവതരിപ്പിച്ചത് കൊണ്ട് മാത്രം നമ്മുടെ പ്രകടനം പ്രേക്ഷകർ വിലയിരുത്തണമെന്നില്ല. പ്രേക്ഷകരുടെ മനസ്സിൽ കഥാപാത്രങ്ങളെ കുടിയിരുത്തുന്നതിന് സിനിമയുടെ വിജയം കൂടി പ്രധാന പങ്ക് വഹിക്കുന്നു.