സന്ധ്യ തിയേറ്ററിലെ തിക്കിലും തിരക്കിലും പെട്ട് യുവതി മരിച്ച കേസിൽ അറസ്റ്റിലായ തെലുഗു സൂപ്പർതാരം അല്ലു അർജുനെ 14 ദിവസത്തെ ജുഡീഷ്യൽ കസ്റ്റഡിയിൽ വിട്ടു. അറസ്റ്റ് രേഖപ്പെടുത്തിയ ശേഷം അല്ലു അര്‍ജുനെ നാമ്പള്ളി കോടതിയിൽ ഹാജരാക്കിയിരുന്നു.
നാമ്പള്ളി കോടതിയിൽ നിന്നും താരത്തെ ചഞ്ചൽ ഗുഡ ജയിലിലേക്ക് മാറ്റി. ഈ മാസം 27 വരെയാണ് അല്ലു അര്‍ജുനെ നാമ്പള്ളി കോടതി റിമാൻഡ് ചെയ്തത്. അതേസമയം കേസില്‍ ആശ്വാസം തേടി അല്ലു അര്‍ജുനും, താരത്തിന്റെ ലീഗല്‍ ടീമും തെലുങ്കാന ഹൈക്കോടതിയെ സമീപിച്ചു.
അതേസമയം സംരക്ഷണം നൽകണമെന്ന് ആവശ്യപ്പെട്ട് ചിക്കഡ്പ്പള്ളി പൊലീസ് അസിസ്റ്റന്റ് കമ്മീഷണര്‍ക്ക് തങ്ങള്‍ നേരത്തെ തന്നെ കത്ത് നല്‍കിയിട്ടുണ്ടെന്ന് വ്യക്തമാക്കി സന്ധ്യ തിയേറ്റർ മാനേജ്മെന്റും രംഗത്തെത്തി. 'പുഷ്പ 2 ദി റൂള്‍' പ്രീമിയര്‍ ഷോയുമായി ബന്ധപ്പെട്ട് ആരാധകരുടെ തിരക്ക് മുന്നില്‍ കണ്ടാണ് തിയേറ്റര്‍ അധികൃതര്‍ സംരക്ഷണം ആവശ്യപ്പെട്ട് കത്ത് നല്‍കിയത്.
ഹൈദരാബാദിലുള്ള ജൂബിലി ഹില്‍സിലെ വസതിയില്‍ നിന്നാണ് അല്ലു അര്‍ജുനെ പൊലീസ് കസ്റ്റഡിയിലെടുത്ത്. അറസ്റ്റ് രേഖപ്പെടുത്തി ഹൈദരാബാദിലെ ചിക്കഡ്പ്പള്ളി പൊലീസ് സ്റ്റേഷനിലേയ്ക്കാണ് താരത്തെ മാറ്റിയത്. അല്ലു അര്‍ജുന്റെ പിതാവും സംവിധായകനുമായ അല്ലു അരവിന്ദിന്റെയും കുടുംബാംഗങ്ങളുടെയും സാന്നിധ്യത്തിലാണ് താരത്തെ ചിക്കഡ്പ്പള്ളി പൊലീസ് സ്റ്റേഷനിലേയ്ക്ക് മാറ്റിയത്.
അതേസമയം അല്ലു അർജുന്റെ അറസ്റ്റിനെ തുടര്‍ന്ന്, തെലുഗു സൂപ്പര്‍താരം ചിരഞ്ജീവിയുടെ ഭാര്യ സുരേഖ കൊനിഡാല താരത്തിന്റെ കുടുംബത്തെ സന്ദർശിച്ചു. അർജുന്റെ പിതൃസഹോദരിയാണ് സുരേഖ കൊനിഡാല.
ഡിസംബർ 4ന് ഹൈദരാബാദിലെ സന്ധ്യ തിയേറ്ററില്‍ നടന്ന 'പുഷ്പ 2: ദി റൂള്‍' പ്രീമിയര്‍ ഷോയ്ക്കിടെ തിക്കിലും തിരക്കിലും പെട്ടാണ് യുവതി മരിച്ചത്. സിനിമയുടെ പ്രീമിയര്‍ ഷോ കാണാനെത്തിയ ഹൈദരാബാദ് ദില്‍ഷുക്നഗര്‍ സ്വദേശിനി രേവതി (35) യാണ് മരിച്ചത്. ഭര്‍ത്താവ് ഭാസ്കര്‍, മക്കളായ ശ്രീതേജ്, സാന്‍വിക്ക് എന്നിവര്‍ക്കൊപ്പമാണ് രേവതി 'പുഷ്പ 2'വിന്റെ പ്രീമിയര്‍ ഷോ കാണാനെത്തിയത്.
ഇതിനിടെ അല്ലു അര്ജുന് തിയേറ്ററിലേയ്ക്ക് അപ്രതീക്ഷിതമായി എത്തുകയും ആരാധകരുടെ തിരക്ക് വര്‍ദ്ധിക്കുകയും ചെയ്തു. ഈ അവസരത്തില്‍ തിയേറ്ററിലേയ്ക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നതിനിടെ രേവതിയും അവരുടെ അവരുടെ 13 വയസ്സ് പ്രായമുള്ള മകന് ശ്രീതേജും കുഴഞ്ഞു വീഴുകയായിരുന്നു. യുവതിയെ ഉടന്‍ തന്നെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചു. സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ ശ്രീ തേജ് ചികിത്സയില്‍ തുടരുകയാണ്.
തുടര്‍ന്ന് അപകടം നടന്ന സന്ധ്യ തിയേറ്റര്‍ ഉടമ, തിയേറ്റര്‍ മാനേജര്‍, സെക്യൂരിറ്റി ചീഫ് എന്നിവരെ പ്രതിയാക്കി പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തിരുന്നു. ശേഷമാണ് കേസില്‍ അല്ലു അര്‍ജുനെ പ്രതി ചേര്‍ക്കുന്നത്. അല്ലു അർജുനും താരത്തിന്റെ സുരക്ഷാ ടീമിനും തിയേറ്റർ മാനേജ്മെന്റിനും എതിരെ 105, 118 വകുപ്പുകൾ പ്രകാരമാണ് പൊലീസ് കേസെടുത്തു.
അതേസമയം അപകടത്തില്‍ മരിച്ച യുവതിയുടെ കുടുംബത്തിന് 25 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ച് അല്ലു അർജുൻ അഗാധമായ ദുഃഖം രേഖപ്പെടുത്തി രംഗത്തെത്തിയിരുന്നു. ശ്രീ തേജിൻ്റെ ചികിത്സ ചെലവുകൾ വഹിക്കുമെന്നും കുടുംബത്തെ നേരില്‍ കാണുമെന്നും താരം വാഗ്ദാനം ചെയ്തിരുന്നു.
Also Read: അല്ലു അര്ജുന് അറസ്റ്റില്‍; പൊലീസിന് മുന്നില്‍ കോഫി കുടിച്ച് ഭാര്യയ്ക്ക് സ്നേഹ ചുംബനം നല്കി താരം; വീഡിയോ കാണാം - ALLU ARJUN ARRESTED