ഒടുവിൽ മലയാള സിനിമാസ്വാദകർ കാത്തിരുന്ന ആ പ്രഖ്യാപനം വന്നെത്തി. പ്രേക്ഷകരെ കുടുകുടെ ചിരിപ്പിച്ച 'ആട്' ഫ്രാഞ്ചൈസിയുടെ പുതിയ പതിപ്പ് ഇതാ വരികയായി. സംവിധായകൻ മിഥുൻ മാനുവൽ തോമസ് തന്നെയാണ് 'ആട് 3'യുടെ പ്രഖ്യാപനം നടത്തിയത്.
മിഥുൻ മാനുവൽ തോമസിനൊപ്പം ജയസൂര്യയും നിർമാതാവും നടനുമായ വിജയ് ബാബുവും അണിനിരക്കുന്ന ഒഫീഷ്യൽ പോസ്റ്റർ പുറത്തുവിട്ടാണ് 'ആട് 3'യുടെ വരവറിയിച്ചത്. ഓരോ ആടിനെ വീതം കയ്യിൽപിടിച്ചാണ് ഇവരുടെ നിൽപ്പ്. ജയസൂര്യ ഉൾപ്പടെയുള്ള താരങ്ങളും അണിയറ പ്രവർത്തകരും പോസ്റ്റർ പങ്കുവച്ചിട്ടുണ്ട്.
'പാപ്പൻ സിൻഡിക്കേറ്റ് വരാർ' എന്ന് കുറിച്ചുകൊണ്ടാണ് സംവിധായകൻ മിഥുന്‍ പോസ്റ്റർ പുറത്തുവിട്ടത്. 'പാപ്പനും പിള്ളേരും വരുവാ കേട്ടോ... ഇനി അങ്ങോട്ട് ആടുകാലം' എന്നാണ് ജയസൂര്യ പോസ്റ്റർ പങ്കുവച്ചുകൊണ്ട് കുറിച്ചത്. ഏതായാലും ഏറെ പ്രേക്ഷക പ്രീതി നേടിയ ജയസൂര്യ ചിത്രത്തിന്‍റെ പുതിയ ഭാഗം വരുന്നതിന്‍റെ ആവേശത്തിലാണ് സിനിമാസ്വാദകർ.
ഫ്രൈഡേ ഫിലിംസിന്‍റെ ബാനറിൽ വിജയ് ബാബു ആണ് 'ആട് 3' നിർമിക്കുന്നത്. അതേസമയം സിനിമയുടെ പ്ലോട്ടോ അഭിനേതാക്കളെ സംബന്ധിച്ച വിവരങ്ങളോ നിർമാതാക്കൾ പുറത്തുവിട്ടിട്ടില്ല. മുന്‍ ചിത്രങ്ങളില്‍ അഭിനയിച്ചവർ തന്നെയാകുമോ അതോ പുതിയ താരനിരയുമായാണോ 'ആട് 3' എത്തുക എന്നറിയാനുള്ള ആകാംക്ഷയിലാണ് ആരാധകർ.
ജയസൂര്യയ്‌ക്ക് ഒപ്പം സൈജു കുറുപ്പ്, വിനായകൻ, വിജയ് ബാബു, സണ്ണി വെയ്ൻ, ധർമ്മജൻ ബോൾഗാട്ടി, ആൻസൺ പോൾ, മാമുക്കോയ, ഭഗത് മാനുവൽ, ഇന്ദ്രൻസ്, ബിജുക്കുട്ടൻ, സുധി കോപ്പ, ഹരികൃഷ്‌ണൻ തുടങ്ങിയവരാണ് മുൻ ചിത്രങ്ങളിൽ അണിനിരന്നത്. ഏതായാലും ചിത്രത്തിന്‍റെ പുതിയ അപ്‌ഡേഷനുകൾക്കായി പ്രതീക്ഷയോടെയാണ് പ്രേക്ഷകർ കാത്തിരിക്കുന്നത്.
2015ലാണ് ആദ്യ ചിത്രമായ 'ആട് ഒരു ഭീകര ജീവിയാണ്' റിലീസിനെത്തിയത്. എന്നാൽ തിയേറ്ററിൽ ഈ ചിത്രം വേണ്ടത്ര ക്ലിക്കായില്ല. പക്ഷേ സിഡി വിപണയില്‍ ചിത്രം എത്തിയതോടെ 'ആട് ഒരു ഭീകര ജീവിയാണ്' എന്ന സിനിമ പ്രേക്ഷകർ ആഘോഷമാക്കി. സിനിമയിലെ കോമഡികളും പാട്ടും ബിജിഎമ്മുമെല്ലാം സോഷ്യൽ മീഡിയയിൽ കയ്യടി നേടി. ഇതോടെ 2017ല്‍ 'ആട് 2'വുമായി പാപ്പനും പിള്ളേരും മടങ്ങിയെത്തി.
തിയേറ്ററുകളിൽ വൻ വിജയമാണ് 'ആട് 2' നേടിയത്. മാത്രമല്ല ചിത്രത്തിലെ ജയസൂര്യ അവതരിപ്പിച്ച ഷാജി പാപ്പന്‍റെ ഇരു നിറത്തിലുള്ള മുണ്ടും അക്കാലത്ത് ട്രെന്‍റായിരുന്നു. ഇപ്പോഴിതാ ചിത്രം മൂന്നാം ഭാഗവും അണിയറയിൽ ഒരുങ്ങുകയായി. പുതിയ ചിത്രത്തിന്‍റെ വരവിനായുള്ള കാത്തിരിപ്പിലാണ് ആരാധകർ.