മത്സരാധിഷ്ഠിതമായ ഈ ലോകത്ത് ഉദ്യോഗാർഥികൾക്ക് മുൻനിര കമ്പനികളിൽ ജോലി ലഭിക്കുന്നത് എത്ര പ്രയാസകരമാണോ അതുപോലെ തന്നെ ആ കമ്പനിയെ കാര്യക്ഷമമായി പ്രവർത്തിപ്പിക്കാൻ മാനവവിഭവശേഷിയുളള ഉദ്യോഗാർഥികളെ തെരഞ്ഞെടുക്കുന്നത് തൊഴിലുടമകൾക്ക് വെല്ലുവിളിയായിട്ടുളള കാര്യം തന്നെയാണ്. അതുകൊണ്ടാണ് എഴുത്തുപരീക്ഷകൾ, ഗ്രൂപ്പ് ചർച്ചകൾ, അഭിമുഖങ്ങൾ എന്നിവയിൽ പങ്കെടുക്കുന്നവരിൽ അവരുടെ സ്ഥാപനത്തിന് അനുയോജ്യമായ വൈദഗ്ധ്യമുള്ളവരെ അതാത് സംഘടനകൾ തെരഞ്ഞെടുക്കുന്നത്. വിഷയത്തിൽ മാത്രം പരിജ്ഞാനമുളളവരെ മാത്രമല്ല ലോക വിജ്ഞാനത്തോടൊപ്പം ചില കഴിവുകളും ആവശ്യമാണ്. അതിനാൽ തൊഴിലന്വേഷകർ പരിശീലിക്കേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുണ്ട്.
- ഈ ഡിജിറ്റൽ കാലഘട്ടത്തിൽ സാങ്കേതിക വൈദഗ്ധ്യമില്ലാത്ത ഒരാൾക്ക് കരിയറിൽ ഒരു ചുവട് പോലും മുന്നേറാൻ കഴിയില്ല. പുതിയ കോഴ്‌സുകളും ടൂളുകളും പഠിച്ചുകൊണ്ടിരിക്കുകയും ദ്രുതഗതിയിലുള്ള മാറ്റങ്ങൾ അറിഞ്ഞിരിക്കുകയും ചെയ്യണം. തീരുമാനങ്ങൾ എടുക്കുന്നതിൽ മുൻകൈയെടുക്കുന്നതും മുൻകാല അനുഭവങ്ങൾ മനസിൽ സൂക്ഷിക്കുന്നതും നല്ലതാണ്. മറ്റുള്ളവരുടെ അനുഭവങ്ങളിൽ നിന്ന് പഠിക്കാനുള്ള കഴിവ് വളർത്തിയെടുക്കുകയും ചെയ്യുക.
- ക്യാമ്പസ് പ്ലെയ്‌സ്‌മെൻ്റുകളിലേക്ക് തെരഞ്ഞെടുക്കപ്പെടുന്ന ഓരോ ഉദ്യോഗാർഥിക്കും ഒരു സ്ഥാപനത്തിൻ്റെ വലിയ തലങ്ങളിലേക്ക് വളരാനുള്ള അവസരമുണ്ട്. എന്നിരുന്നാലും ഈ അവസരങ്ങൾ മാറ്റങ്ങൾ മനസിലാക്കുകയും അവരുടെ കഴിവുകൾ പുതുക്കുകയും ചെയ്യുന്നവർക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. ക്യാമ്പസ് പ്ലെയ്‌സ്‌മെൻ്റുകളിൽ പങ്കെടുക്കുന്ന ഓരോ വിദ്യാർഥികളും ആ സ്ഥാപനത്തിൽ ജോലിക്കാരനായി തെരഞ്ഞെടുക്കപ്പെടുന്നതിൽ മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. അവർ ആവശ്യമായ പരിശീലനം നേടുകയും അവരുടെ ലക്ഷ്യങ്ങൾ നേടുകയും ചെയ്യുന്നു. ഇതൊരു ചെറിയ കാലത്തിനുളളിലെ ലക്ഷ്യം മാത്രമാണ്. എന്നാൽ ഈ മനോഭാവം ഒരു കമ്പനിയുടെ ഉയർന്ന തലങ്ങളിലെത്താൻ ആഗ്രഹിക്കുന്നവർക്ക് ഒട്ടും യോജിച്ചതല്ല.
- മറ്റുള്ളവരുമായി പ്രവർത്തിക്കുമ്പോൾ ഇടപഴകുന്നതിലും ആശയവിനിമയം നടത്തുന്നതിലും തീരുമാനങ്ങൾ എടുക്കുന്നതിലും പക്വത പ്രകടമാക്കണം. ഓരോ സംഭവവും മനസിലാക്കാനും പഠിക്കാനും തുടർ നടപടികൾ സ്വീകരിക്കാനുമുള്ള കഴിവ് ജോലിയുടെ പ്രകടനത്തിന് നിങ്ങൾക്ക് ഗുണം ചെയ്യും.
- മറ്റുള്ളവരെ അപേക്ഷിച്ച് വ്യത്യസ്‌തമായ കഴിവുകൾ ഉള്ളവരും 'അതിവേഗ വിഭാഗത്തിൽ' ഉള്ളവരും ഒരു സംഘടനയുടെ ഉയർന്ന തലങ്ങളിലെത്താൻ സാധ്യത കുറവാണ്. തൊഴിൽ സംസ്‌കാരം മനസിലാക്കുകയും തൊഴിലിനെ സ്‌നേഹിക്കുകയും ചെയ്യുന്ന ഒരാൾക്ക് മാത്രമെ ഉയരങ്ങൾ താണ്ടാൻ കഴിയുകയുളളൂ. അത്തരം വികസനം വ്യക്തിഗത കഴിവുകളെ ആശ്രയിച്ചാണ് ഇരിക്കുന്നത്. തൊഴിലിനോടും സംഘടനയോടും ആത്മാർഥത പുലർത്തുന്നവരെ ഒരു സംഘടനയും കൈവിടില്ല. നിങ്ങളുടെ പ്രകടനത്തിലൂടെ മേലുദ്യോഗസ്ഥരെ ആകർഷിക്കുന്നത് കൂടുതൽ പ്രയോജനകരമാണ്.
- നിരന്തരം പഠിക്കുകയും മറ്റുള്ളവരെ അപേക്ഷിച്ച് വ്യത്യസ്‌തമായി കാര്യങ്ങൾ ചെയ്യാൻ കഴിയുന്ന ആളുകളെയാണ് സംഘടനകൾ തെരഞ്ഞെടുക്കുന്നത്. ജോലി കിട്ടിയാൽ മതിയെന്നും ഇനിയെന്ത് പഠിക്കാനെന്നുളള പ്രവണത നിങ്ങളുടെ കരിയറിനെ അപകടത്തിലാക്കും എന്ന കാര്യം മറക്കരുത്. തുടർച്ചയായി പഠിക്കാൻ മനോഭാവമുള്ള വിദ്യാർഥികൾ ജോലി ലഭിച്ചതിന് ശേഷം പുതിയ കാര്യങ്ങൾ പഠിക്കുന്നത് തുടരുക തന്നെ ചെയ്യും. ഈ മനോഭാവം നിങ്ങളുടെ കരിയറിൽ വളർച്ചയുണ്ടാക്കും.
- തെരഞ്ഞെടുപ്പ് പ്രക്രിയകളിൽ അഭിമുഖ പാനലിൽ ഇരിക്കുന്നവരിൽ നിങ്ങൾ എങ്ങനെ മതിപ്പുളവാക്കുന്നു എന്നത് നിർണായകമാണ്. ഒറ്റനോട്ടത്തിൽ അവർ കാത്തിരിക്കുന്ന വ്യക്തി നിങ്ങളാണെന്ന ധാരണ പാനലിൽ ഇരിക്കുന്നവർക്ക് തോന്നണം. അതായിരിക്കണം നിങ്ങളുടെ പ്രാഥമിക ഉദ്ദേശം.