ന്യൂഡൽഹി: ഉദ്യോഗാര്‍ഥികള്‍ക്ക് പഠനത്തിന് മതിയായ സമയം നല്‍കുന്നതിനായി എഞ്ചിനീയറിങ് സർവീസസ് പരീക്ഷ-2025 മാറ്റിവച്ച് യുപിഎസ്‌സി. അദ്യം 2025 ഫെബ്രുവരി 9-ന് ഇഎസ്ഇ പ്രിലിമിനറി/സ്റ്റേജ്-1 പരീക്ഷ നടത്താനായിരുന്നു നിശ്ചയിച്ചിരുന്നത്. എന്നാല്‍ ഇഎസ്ഇ പ്രിലിമിനറി പരീക്ഷ 2025 ജൂൺ 8 നും മെയിൻ 2025 ഓഗസ്റ്റ് 10 നും നടക്കുമെന്നാണ് പുതിയ അറിയിപ്പ്.
ഇഎസ്ഇ 2025ന്‍റെ വിജ്ഞാപനം 2024 സെപ്റ്റംബർ 18-ന് മന്ത്രാലയം പുറപ്പെടുവിച്ചിരുന്നു. 2024 ഒക്‌ടോബർ 8 ആണ് അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി. ഇന്ത്യൻ റെയിൽവേ മാനേജ്‌മെന്‍റ് സർവീസ് ഓഫീസർമാരുടെ റിക്രൂട്ട്‌മെന്‍റ് സിവിൽ സർവീസസ് പരീക്ഷകളിലൂടെയും ഇഎസ്ഇയിലൂടെയും നടത്തുമെന്ന സർക്കാർ തീരുമാനത്തിന് പിന്നാലെയാണ് പരീക്ഷ തീയതിയിലെ മാറ്റം.
ഇടിവി ഭാരത് കേരള വാട്‌സ്‌ആപ്പ് ചാനലില്‍ ജോയിന്‍ ചെയ്യാന്‍ ഈ ലിങ്കില്‍ ക്ലിക്ക് ചെയ്യുക
ഐആർഎംഎസിലേക്കുള്ള റിക്രൂട്ട്‌മെന്‍റ് സിവിൽ സർവീസസ് പരീക്ഷകളിലൂടെയും (ട്രാഫിക്, അക്കൗണ്ട്‌സ്, പേഴ്‌സണൽ സബ്-കേഡറുകൾക്ക്), ഇഎസ്ഇ (സിവിൽ, ഇലക്‌ട്രിക്കൽ, മെക്കാനിക്കൽ, സിഗ്നൽ & ടെലികമ്മ്യൂണിക്കേഷൻ, സ്റ്റോഴ്‌സ് സബ്-കേഡറുകൾ) എന്നിവയിലൂടെയും നടത്തുമെന്നാണ് സർക്കാർ തീരുമാനമെന്ന് പ്രസ്‌താവനയില്‍ പറയുന്നു.
ഇന്ത്യൻ റെയിൽവേ മാനേജ്‌മെന്‍റ് സർവീസ് (ഭേദഗതി) റൂൾസ്, 2024, ഒക്‌ടോബർ 9-ന് റെയിൽവേ മന്ത്രാലയം വിജ്ഞാപനം ചെയ്‌തു. 2019-ൽ റെയിൽവേയുടെ എട്ട് ഗ്രൂപ്പ് എ സർവീസുകളെ കേന്ദ്രസർവീസായി ഏകീകരിക്കാൻ പ്രധാനമന്ത്രിയുടെ അധ്യക്ഷതയിൽ ചേർന്ന കേന്ദ്ര മന്ത്രിസഭ അനുമതി നൽകിയിരുന്നു. ഇന്ത്യൻ റെയിൽവേ ട്രാഫിക് സർവീസ്, ഇന്ത്യൻ റെയിൽവേ അക്കൗണ്ട്സ് സർവീസ്, ഇന്ത്യൻ റെയിൽവേ പേഴ്‌സണൽ സർവീസ്, ഇന്ത്യൻ റെയിൽവേ സർവീസ് ഓഫ് എൻജിനീയേഴ്‌സ്, ഇന്ത്യൻ റെയിൽവേ സ്‌റ്റോഴ്‌സ് സർവീസ്, മെക്കാനിക്കൽ എൻജിനീയേഴ്‌സിൻ്റെ ഇന്ത്യൻ റെയിൽവേ സർവീസ്, ഇന്ത്യൻ റെയിൽവേ സർവീസ് ഓഫ് ഇലക്‌ട്രിക്കൽ എൻജിനീയേഴ്‌സ്, ഇന്ത്യൻ റെയിൽവേ സർവീസ് ഓഫ് സിഗ്നൽ എഞ്ചിനീയർസ് എന്നിവയാണ് എട്ട് സർവീസുകൾ.