ന്യൂഡല്‍ഹി :2024-25 അക്കാദമിക് സെഷന്റെ ഫീസ് റീഫണ്ട് നയം പ്രഖ്യാപിച്ച് യുജിസി. വിദ്യാര്‍ഥികള്‍ക്ക് താത്പര്യമുള്ള കോഴ്സ് തെരഞ്ഞെടുക്കുന്നതിന്, കുറഞ്ഞ കാലയളവിനുള്ളില്‍ മുഴുവന്‍ ഫീസുകളും തിരികെ നല്‍കണമെന്നാണ് നിര്‍ദേശം. രാജ്യത്തെ മുഴുവന്‍ ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളും ഈ നയം പാലിക്കേണ്ടത് നിര്‍ബന്ധമാണെന്നും യുജിസി അറിയിച്ചു. ഇതുസംബന്ധിച്ച് കഴിഞ്ഞ ദിവസമാണ് യുജിസി സര്‍ക്കുലര്‍ പുറത്തിറക്കിയത്.
പ്രവേശനം റദ്ദാക്കുകയോ പിന്‍വലിക്കുകയോ ചെയ്ത ശേഷം ഫീസ് തിരിച്ച് ലഭിക്കാത്തതുമായി ബന്ധപ്പെട്ട് വിദ്യാര്‍ഥികളില്‍ നിന്നും രക്ഷിതാക്കളില്‍ നിന്നും നിരവധി പരാതികള്‍ ലഭിച്ചിട്ടുണ്ട്. ഈ പരാതികളുടെ അടിസ്ഥാനത്തിലാണ് ഇത്തരമൊരു നടപടിയെന്ന് യുജിസി സെക്രട്ടറി പ്രൊഫ. മനീഷ് ആർ ജോഷി പറഞ്ഞു. 2024 മെയ് 15ന് നടന്ന 580ാമത് യോഗത്തില്‍ കമ്മിഷന് ഈ വിഷയം പരിഗണിച്ചിരുന്നു.