കേരളം

kerala

ETV Bharat / education-and-career

കോളജുകളിലെ നിയമനങ്ങള്‍ക്ക് പുതിയ യോഗ്യതാ മാനദണ്ഡം; കരട് പുറത്തിറക്കി യുജിസി, കൽപിത സർവകലാശാലകൾക്കും ബാധകം - UGC DRAFT REGULATIONS 2025

ദേശീയ, അന്തർദേശീയ മാനദണ്ഡങ്ങളുമായി യോജിപ്പിച്ച് അക്കാദമിക് നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിഷ്‌കാരങ്ങള്‍ വരുത്തുന്നതെന്ന് യുജിസി..

COLLEGE TEACHING QUALIFICATION  UGC QUALIFICATION CHANGE FOR POSTS  കോളേജ് അധ്യാപന യോഗ്യത  യുജിസി ഇന്ത്യ
Representative Image (ETV Bharat)

By ETV Bharat Kerala Team

Published : Jan 17, 2025, 9:19 PM IST

ന്യൂഡൽഹി: ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലെ അധ്യാപകരുടെയും അക്കാദമിക് ജീവനക്കാരുടെയും നിയമനത്തിനും സ്ഥാനക്കയറ്റത്തിനുമുള്ള യോഗ്യതകൾ പുനഃപരിശോധിക്കാനുള്ള കരട് ചട്ടങ്ങൾ പുറത്തിറക്കി യുജിസി. ദേശീയ, അന്തർദേശീയ മാനദണ്ഡങ്ങളുമായി യോജിപ്പിച്ച് അക്കാദമിക് നിലവാരം ഉയർത്തുക എന്ന ലക്ഷ്യത്തോടെയാണ് പരിഷ്‌കാരങ്ങള്‍ വരുത്തുന്നതെന്ന് യുജിസി അറിയിച്ചു. മെറിറ്റ് അടിസ്ഥാനമാക്കിയുള്ള പുരോഗതി ഉറപ്പാക്കാന്‍ വേണ്ടിക്കൂടിയാണ് പുതിയ മാർഗനിർദേശങ്ങൾ എന്നും യുജിസി വ്യക്തമാക്കി.

കരട് ചട്ടങ്ങളുടെ പ്രധാന സവിശേഷതകൾ ഇവയൊക്കെ:

  • സ്ഥാപനങ്ങളിലുടനീളം ഏകീകൃത യോഗ്യത

കേന്ദ്ര, സംസ്ഥാന, പ്രൊവിന്‍ഷ്യല്‍ നിയമങ്ങൾ പ്രകാരം സ്ഥാപിതമായവ ഉൾപ്പെടെയുള്ള എല്ലാ സർവകലാശാലകൾക്കും യുജിസി അംഗീകരിച്ച ഡീംഡ് സർവകലാശാലകൾക്കും ഈ നിയന്ത്രണങ്ങൾ ബാധകമാണ്. സ്ഥിരത ഉറപ്പാക്കുന്നതിനും മികച്ച നിലവാരം പുലര്‍ത്തുന്നതിനുമായി ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളിലുടനീളം ഏകീകൃത യോഗ്യത നടപ്പാക്കണമെന്ന് കരട് പറയുന്നു.

നിയമനത്തിനുള്ള പുതിയ യോഗ്യതകൾ

  • അസിസ്‌റ്റന്‍റ് പ്രൊഫസർ (അക്കാദമിക് ലെവൽ 10) തസ്‌തികയിലേക്ക് അപേക്ഷിക്കാന്‍ കുറഞ്ഞത് 55% മാർക്കോടെ ബിരുദാനന്തര ബിരുദവും പിഎച്ച്ഡിയും ഉണ്ടായിരിക്കണം. പിഎച്ച്ഡി ഇല്ലാത്തവർക്ക്, NET/SET/SLET യോഗ്യതകൾ നിർബന്ധമാണ്.
  • പരമ്പരാഗത കലാരൂപങ്ങളിൽ മികച്ച നേട്ടങ്ങൾ കൈവരിച്ച അസാധാരണ കഴിവുള്ള വ്യക്തികൾക്ക് പ്രത്യേക വ്യവസ്ഥകൾ പ്രകാരം യോഗ്യത നേടാം. അസോസിയേറ്റ് പ്രൊഫസർമാർക്ക് (അക്കാദമിക് ലെവൽ 13A) പിഎച്ച്ഡി ഉണ്ടായിരിക്കണം.
  • കുറഞ്ഞത് എട്ട് വർഷത്തെ അധ്യാപന അല്ലെങ്കിൽ ഗവേഷണ പരിചയവും വേണം. കൂടാതെ പ്രസിദ്ധീകരണങ്ങൾ, പേറ്റന്‍റുകൾ അല്ലെങ്കിൽ പുസ്‌തക അധ്യായങ്ങൾ പോലുള്ള എട്ട് ശ്രദ്ധേയമായ സംഭാവനകളെങ്കിലും ഉണ്ടായിരിക്കണം.
  • പ്രൊഫസറായി യോഗ്യത നേടുന്നതിന് (അക്കാദമിക് ലെവൽ 14) പിഎച്ച്ഡിയും കുറഞ്ഞത് 10 വർഷത്തെ അധ്യാപന പരിചയവും ആവശ്യമാണ്. ഇതിൽ മൂന്ന് വർഷം അസോസിയേറ്റ് പ്രൊഫസർ എന്ന നിലയിൽ പ്രവര്‍ത്തിക്കണം.
  • ഡോക്‌ടറൽ മേൽനോട്ടത്തിലെ നേട്ടങ്ങൾക്കൊപ്പം കുറഞ്ഞത് 10 പിയർ - റിവ്യൂഡ് പ്രസിദ്ധീകരണങ്ങൾ, പുസ്‌തക അധ്യായങ്ങൾ അല്ലെങ്കിൽ പേറ്റന്‍റുകൾ എന്നിവയും അവതരിപ്പിക്കണം.

കരിയർ അഡ്വാൻസ്‌മെന്‍റ് സ്‌കീം (CAS)

  • ഫാക്വൽറ്റി പ്രമോഷനുകൾക്ക് കരിയർ അഡ്വാൻസ്‌മെന്‍റ് സ്‌കീം എന്ന മെറിറ്റ് അധിഷ്‌ഠിത പദ്ധതി കരടിലുണ്ട്. ഗവേഷണം, നൂതന അധ്യാപനം, കമ്മ്യൂണിറ്റി ഇടപെടൽ എന്നിവയിലെ സംഭാവനകൾ ഇതില്‍ വിലയിരുത്തപ്പെടും.
  • ഉയർന്ന അക്കാദമിക് തലങ്ങളിലേക്ക് യോഗ്യത നേടുന്നതിന് ഫാക്കൽറ്റി റിഫ്രഷർ കോഴ്‌സുകൾ പൂർത്തിയാക്കുകയും കുറഞ്ഞത് നാല് മേഖലകളിലെങ്കിലും സംഭാവന നൽകുകയും വേണം.

ഇന്ത്യൻ ഭാഷകള്‍ക്കും വിജ്ഞാന സംവിധാനങ്ങള്‍ക്കും പ്രോത്സാഹനം

  • ഇന്ത്യൻ ഭാഷകളിലും ഇന്ത്യൻ വിജ്ഞാന സംവിധാനത്തിലും അധ്യാപനത്തിന്‍റേയും ഗവേഷണത്തിന്‍റേയും പ്രാധാന്യം കരടില്‍ വ്യക്തമാക്കുന്നുണ്ട്. ഇന്ത്യൻ ഭാഷാ മാധ്യമങ്ങളിൽ ബിരുദങ്ങളും ഇന്ത്യൻ ഭാഷകളിലെ ഗവേഷണത്തിലോ പ്രസിദ്ധീകരണങ്ങളിലോ സംഭാവന നല്‍കുന്നവരേയും കരട് പ്രോത്സാഹിപ്പിക്കുന്നുണ്ട്.

പുതിയ യോഗ്യതാ മാനദണ്ഡം

  • പുതുക്കുന്ന ചട്ടങ്ങളില്‍ ഏറ്റവും നൂതനമായ വ്യവസ്ഥയാണ് 'ശ്രദ്ധേയമായ സംഭാവനകൾ' എന്ന മാനദണ്ഡം. നൂതനമായ അധ്യാപനം, ഗവേഷണ ലാബ് വികസനം, കമ്മ്യൂണിറ്റി സേവനം, സ്‌റ്റാർട്ടപ്പ് സംരംഭങ്ങൾ, ഇന്‍റലക്‌ച്വല്‍ പ്രോപ്പര്‍ട്ടി ഉണ്ടാക്കിയെടുക്കല്‍, മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സ് (MOOC) പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കായുള്ള ഡിജിറ്റൽ ഉള്ളടക്ക സൃഷ്‌ടി എന്നിവയിലെ പങ്കാളിത്തം വിലയിരുത്തപ്പെടും.

വിപുലമായ തെരഞ്ഞെടുപ്പ് കമ്മിറ്റികൾ

  • അക്കാദമിക് നിയമനങ്ങൾക്കും പ്രമോഷനുകൾക്കുമുള്ള തെരഞ്ഞെടുപ്പ് കമ്മിറ്റികളിൽ സുതാര്യത ഉറപ്പാക്കുന്നതിന് ഇനി പുറത്തുനിന്നുള്ള വിഷയ വിദഗ്‌ധരെ ഉൾപ്പെടുത്തും. SC/ST/OBC, സ്‌ത്രീകൾ, ഭിന്നശേഷിക്കാര്‍ തുടങ്ങിയ പ്രാതിനിധ്യം കുറഞ്ഞ വിഭാഗങ്ങളിൽ നിന്നുള്ളവര്‍ക്ക് പ്രാതിനിധ്യത്തിനായി പ്രത്യേക വ്യവസ്ഥകളും കരടില്‍ പറയുന്നു.

കായിക വിദ്യാഭ്യാസത്തിലും കായിക ഇനങ്ങളിലും ശ്രദ്ധ കേന്ദ്രീകരിക്കുക

  • അസിസ്‌റ്റന്‍റ് ഡയറക്‌ടർ, ഫിസിക്കൽ എഡ്യൂക്കേഷൻ ആൻഡ് സ്‌പോർട്‌സ് ഡയറക്‌ടർ, തുടങ്ങിയ തസ്‌തികകളിലേക്കുള്ള നിയമനത്തിന് ശാരീരിക ക്ഷമതാ മാനദണ്ഡങ്ങളും, ദേശീയമോ അന്തർ ദേശീയമോ ആയ കായിക ഇനങ്ങളിലെ നേട്ടങ്ങളും അടിസ്ഥാനമാക്കി ഉദ്യോഗാർഥികളെ വിലയിരുത്തും. തദ്ദേശീയ ഇന്ത്യൻ കായിക വിനോദങ്ങളെ പ്രോത്സാഹിപ്പിക്കുന്നതിനുള്ള സംഭാവനകളും പരിഗണിക്കുന്നുണ്ട്.

പ്രാക്‌ടീസ് പ്രൊഫസർമാര്‍

  • പ്രൊഫസർ ഓഫ് പ്രാക്‌ടീസ് എന്ന പുതിയ വിഭാഗം ചട്ടങ്ങളില്‍ അവതരിപ്പിക്കുന്നുണ്ട്. വ്യവസായ പ്രൊഫഷണലുകളെയും വിദഗ്‌ധരെയും അധ്യാപന തസ്‌തികകളിലേക്ക് നിയമിക്കാൻ അനുവദിക്കുന്നതാണ് ഈ ചട്ടം. ഈ തസ്‌തികകൾ ഫാക്ക്വൽറ്റി അംഗ സംഖ്യയിൽ കണക്കാക്കില്ല. കൂടാതെ മൊത്തം ഫാക്ക്വൽറ്റിയുടെ 10% ആയിരിക്കും പ്രാക്‌ടീസ് പ്രൊഫസര്‍മാര്‍.

കനത്ത പിഴകളും ചട്ടത്തില്‍

ഈ ചട്ടങ്ങൾ പാലിക്കാത്ത ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങളുടെ അംഗീകാരം റദ്ദാക്കൽ, ഫണ്ടിങ് തടയല്‍, ബിരുദ പ്രോഗ്രാമുകൾ നല്‍കുന്നതില്‍ നിന്ന് ഒഴിവാക്കൽ എന്നിവ ഉൾപ്പെടെയുള്ള കടുത്ത ശിക്ഷകൾ നേരിടേണ്ടിവരുമെന്നും കരടില്‍ വ്യക്തമാക്കുന്നു.

മാർഗനിർദേശങ്ങൾ പൊതുജനാഭിപ്രായത്തിനായി വിട്ടിരിക്കുകയാണ്. പൊതുജനങ്ങള്‍ക്ക് ഇപ്പോള്‍ ചട്ടത്തില്‍ അഭിപ്രായങ്ങൾ സമർപ്പിക്കാനാകും. പുതുക്കിയ ചട്ടങ്ങള്‍ എത്രയും വേഗം അന്തിമമാക്കി നടപ്പിലാക്കാനാണ് യുജിസി പദ്ധതിയിടുന്നത്.

പുതുക്കുന്ന ചട്ടങ്ങളില്‍ ഏറ്റവും നൂതനമായ വ്യവസ്ഥയാണ് 'ശ്രദ്ധേയമായ സംഭാവനകൾ' എന്ന മാനദണ്ഡം. നൂതനമായ അദ്ധ്യാപനം, ഗവേഷണ ലാബ് വികസനം, കമ്മ്യൂണിറ്റി സേവനം, സ്‌റ്റാർട്ടപ്പ് സംരംഭങ്ങൾ, ഇന്‍റലക്‌ച്വല്‍ പ്രോപ്പര്‍ട്ടി ഉണ്ടാക്കിയെടുക്കല്‍, മാസീവ് ഓപ്പൺ ഓൺലൈൻ കോഴ്‌സ് (MOOC) പോലുള്ള ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്കായുള്ള ഡിജിറ്റൽ ഉള്ളടക്ക സൃഷ്‌ടി എന്നിവയിലെ സ്ഥാനാർഥികളുടെ പങ്കാളിത്തം വിലയിരുത്തപ്പെടും.

Also Read:ഉന്നത വിദ്യാഭ്യാസ രംഗത്തെ കേരളത്തിന്‍റെ പ്രവർത്തനങ്ങളെ പ്രകീർത്തിച്ച് ലോക ബാങ്ക്; സംസ്ഥാനത്തിന് സഹായ വാഗ്‌ദാനവും

ABOUT THE AUTHOR

...view details