തിരുവനന്തപുരം: സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി , പ്ലസ്‌ടു പ്രാക്ടിക്കല്‍ പരീക്ഷകള്‍ അവസാനിക്കാറായതോടെ വിദ്യാര്‍ത്ഥികള്‍ മോഡല്‍ പരീക്ഷകള്‍ക്ക് ഒരുങ്ങുകയാണ്.അടുത്താഴ്ച മുതല്‍ മോഡല്‍ പരീക്ഷകളാണ്.അഞ്ചു ദിവസം കൊണ്ട് പൂര്‍ത്തിയാകുന്ന മോഡല്‍ പരീക്ഷക്ക് ശേഷം ഹ്രസ്വമായ പഠനാവധി. തുടര്‍ന്ന് മാര്‍ച്ച് മൂന്ന് മുതല്‍ 26 വരെയാണ് എസ് എസ് എല്‍ സി പ്ലസ് ടു പരീക്ഷകള്‍ നടക്കുക. കേരളത്തിലുടനീളം 16 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് ഇത്തവണ വാര്‍ഷിക പരീക്ഷകള്‍ക്ക് തയ്യാറാകുന്നത്.
എസ്‌എസ്‌എല്‍സി, പ്ലസ്‌ടു പരീക്ഷകള്‍ ഒന്നിച്ച് നടക്കുന്ന സാഹചര്യത്തില്‍ ഇവയുടെ സുഗമമായ നടത്തിപ്പ് കണക്കിലെടുത്ത് സംസ്ഥാനത്ത് വിപുലമായ ക്രമീകരണങ്ങളാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. എസ്എസ്എൽസി വിദ്യാർഥികൾക്കുള്ള രജിസ്ട്രേഷൻ കാലയളവ് ഡിസംബർ 17 മുതൽ ജനുവരി 1 വരെയായിരുന്നു.
എസ്‌എസ്‌എല്‍സി: 4 ലക്ഷത്തിലധികം വിദ്യാര്‍ഥികളാണ് സംസ്ഥാനത്ത് എസ്‌എസ്‌എല്‍സി പരീക്ഷയെഴുതാന്‍ തയ്യാറായിരിക്കുന്നത്. ഇതിനായി സംസ്ഥാനമൊട്ടാകെ 2964 പരീക്ഷ കേന്ദ്രങ്ങളാണ് ഒരുക്കിയിട്ടുള്ളത്. ഗൾഫ് ആസ്ഥാനമായുള്ള ഏഴ് കേന്ദ്രങ്ങളിൽ നിന്ന് 682 വിദ്യാർഥികളും ലക്ഷദ്വീപിൽ നിന്നുള്ള 447 വിദ്യാർഥികളും പരീക്ഷ എഴുതും. ദിവസവും രാവിലെ 9.30നാണ് പരീക്ഷകള്‍ ആരംഭിക്കുക. പരീക്ഷയ്‌ക്കുള്ള ഹാള്‍ ടിക്കറ്റ് വിതരണം ഇതിനകം തന്നെ ആരംഭിച്ചിട്ടുണ്ടെന്ന് പൊതു വിദ്യാഭ്യാസ ഡയറക്‌ടര്‍ എസ്.ഷാനവാസ് പറഞ്ഞു.
എഴുത്ത് പരീക്ഷകള്‍ക്ക് മുന്നോടിയായുള്ള പ്രാക്‌ടിക്കല്‍ പരീക്ഷകള്‍ ഫെബ്രുവരി 14ന് അവസാനിക്കും. തുടര്‍ന്ന് 17 മുതൽ 21 വരെ മോഡൽ പരീക്ഷകളും നടക്കും. സംസ്ഥാനമൊട്ടാകെ 26,382 അധ്യാപകരെയാണ് ഇന്‍വിജിലേറ്ററായി നിയമിച്ചിട്ടുള്ളത്.
മൂല്യനിര്‍ണയവും വേഗത്തില്‍:പരീക്ഷകൾ അവസാനിച്ചയുടനെ മൂല്യനിർണയവും ആരംഭിക്കും. ഏപ്രിൽ 3 മുതൽ ഏപ്രിൽ 26 വരെയാണ് മൂല്യനിര്‍ണയം നടക്കുക. 72 മൂല്യനിർണയ ക്യാമ്പുകളിലായി 9,000 അധ്യാപകരെയും ഇതിനായി വിന്യസിക്കും. മെയ് മൂന്നാം വാരത്തോടെ ഫലം പ്രഖ്യാപിക്കുമെന്നാണ് കണക്ക് കൂട്ടല്‍.