തിരുവനന്തപുരം:ഒന്നാം വർഷ ഹയർ സെക്കൻഡറി, വിഎച്ച്‌എസ്ഇ പ്രവേശനത്തിനായുള്ള ഓൺലൈൻ അപേക്ഷ സമർപ്പണം ഇന്ന് (മെയ് 16) മുതൽ ആരംഭിക്കും. മെയ് 25 വൈകിട്ട് 5 മണി വരെ അപേക്ഷ ഓൺലൈനായി സമർപ്പിക്കാം. ഓൺലൈൻ അപേക്ഷ സമർപ്പണത്തിന് സംസ്ഥാനത്തെ മുഴുവന്‍ സർക്കാർ, എയ്‌ഡഡ് ഹൈസ്‌കൂളുകളിലും ഹയർ സെക്കൻഡറി സ്‌കൂളുകളിലും വൊക്കേഷണൽ ഹയർ സെക്കൻഡറി സ്‌കൂളുകളിലും സഹായ കേന്ദ്രങ്ങൾ പ്രവർത്തന സജ്ജമാണ്.
http://www.hscap.kerala.gov.in/ എന്ന വെബ്‌സൈറ്റ് വഴി അപേക്ഷകൾ സമർപ്പിക്കാം. ട്രയൽ അലോട്ട്മെന്‍റ് മെയ് 29ന് പ്രസിദ്ധീകരിക്കും. ജൂൺ 5ന് ആദ്യ അലോട്ട്മെന്‍റും ജൂൺ 12ന് രണ്ടാം അലോട്ട്മെന്‍റും ജൂൺ 19ന് മൂന്നാം അലോട്ട്മെന്‍റും പ്രസിദ്ധീകരിക്കും. പ്ലസ് വൺ ക്ലാസുകൾ ജൂൺ 24 മുതൽ ആരംഭിക്കും.
അപേക്ഷ സമര്‍പ്പിക്കേണ്ടത് എങ്ങനെ?
കാൻഡിഡേറ്റ് ലോഗിൻ:പത്താം ക്ലാസിൽ പഠിച്ച സ്‌കീം, രജിസ്റ്റർ നമ്പർ, പരീക്ഷ എഴുതിയ മാസവും വർഷം, ജനന തീയതി, മൊബൈൽ നമ്പർ എന്നിവ നൽകി കാൻഡിഡേറ്റ് ലോഗിൻ സൃഷ്‌ടിക്കാം.
നൽകേണ്ട രേഖകൾ:ഭിന്നശേഷി വിഭാഗത്തിലെ പ്രത്യേക പരിഗണന അർഹിക്കുന്നവർ മെഡിക്കൽ ബോർഡ് സർട്ടിഫിക്കറ്റിന്‍റെ സ്‌കാന്‍ ചെയ്‌ത പകർപ്പ് അപ്‌ലോഡ് ചെയ്യേണ്ടതുണ്ട്. എസ്എസ്എൽസി, സിബിഎസ്ഇ, ഐസിഎസ്ഇ തുടങ്ങിയ സ്‌കീമുകളില്ലാതെ മറ്റ് വിഭാഗങ്ങളിൽ പത്താം ക്ലാസ് ജയിച്ചവർ മാർക്ക് പട്ടിക, മൈഗ്രേഷൻ സർട്ടിഫിക്കറ്റ്, തുല്യത സർട്ടിഫിക്കറ്റ് എന്നിവയുടെ സ്‌കാൻ ചെയ്‌ത പകർപ്പ് അപ്‌ലോഡ് ചെയ്യണം. മറ്റുള്ളവർ അപേക്ഷക്കൊപ്പം സർട്ടിഫിക്കറ്റുകൾ അപ്‌ലോഡ് ചെയ്യണമെന്നില്ല.
മൊബൈൽ ഫോൺ വഴിയും അപേക്ഷിക്കാം:പ്ലസ് വൺ പ്രവേശനത്തിന് കുട്ടികൾക്ക് സ്വന്തം നിലയിൽ മൊബൈൽ ഫോണിലൂടെയും അപേക്ഷ സമർപ്പിക്കാം. മുഴുവന്‍ ഹൈസ്‌കൂളുകളിലും ഹയർ സെക്കൻഡറി സ്‌കൂളുകളിലും ഇതിന് സഹായിക്കാൻ അധ്യാപക അനധ്യാപകരെ ഉൾപ്പെടുത്തി വ്യാഴാഴ്‌ച മുതൽ സഹായ കേന്ദ്രങ്ങൾ ആരംഭിക്കുന്നതാണ്. മാത്രമല്ല ഒന്നിലധികം ജില്ലകളിലേക്ക് അപേക്ഷ സമർപ്പിക്കുന്നതിനും തടസമില്ല. സിബിഎസ്ഇ സിലബസിൽ ബേസിക് മാത്‍സ് ജയിച്ച അപേക്ഷകർക്ക് കണക്ക് ഉൾപ്പെടുന്ന സയൻസ് കോഴ്‌സുകളിൽ ഓപ്ഷൻ നൽകാൻ സാധിക്കില്ല.