ന്യൂഡൽഹി: ദേശിയ വിദ്യാഭ്യാസ നയമനുസരിച്ച് പാഠ്യപദ്ധതി പരിഷ്‌കരിച്ച് എന്‍സിഇആര്‍ടി. ഹിസ്‌റ്ററി, ജിയോഗ്രഫി, സിവിക്‌സ് എന്നീ മൂന്ന് പുസ്‌തകങ്ങളെ ഒരു പുസ്‌തകത്തിലേക്ക് വെട്ടിച്ചുരുക്കിക്കൊണ്ടാണ് പുതിയ പരിഷ്‌കാരം. "Exploring Society - India and Beyond" എക്സ്പ്ലോറിങ് സൊസൈറ്റി- ഇന്ത്യ ആന്‍റ് ബിയോണ്ട് എന്നാണ് പുതിയ പുസ്ത്തകത്തിന്‍റെ പേര്.
മഹാഭാരതം, വിഷ്ണുപുരാണം തുടങ്ങിയ പുരാതന ഇന്ത്യൻ ഗ്രന്ഥങ്ങളിൾ ഉദ്ധരിച്ച് എങ്ങനെയാണ് "ഭാരതം" എന്നപേര് ഉണ്ടായത് എന്ന് പഠിപ്പിക്കാൻ ഒരു മുഴുവൻ അധ്യായം തന്നെ പുസ്‌തകത്തിലുണ്ട്. നിരവധി സംസ്‌കൃത പാദങ്ങളും പുസ്‌തകത്തിൽ കാണാം. സംസ്‌കൃത പദങ്ങളുടെ ശരിയായ ഉച്ചാരണത്തിനായി അക്ഷരങ്ങൾക്ക് മുകളിൽ ഡയാക്രിറ്റിക്‌സും ചേര്‍ത്തിട്ടുണ്ട്.
പരിഷ്‌കരിച്ച ആറാം ക്ലാസ് സാമൂഹ്യശാസ്‌ത്രം പാഠപുസ്‌തകത്തിൽ 'ഹാരപ്പൻ' നദീതട സംസ്‌കാരത്തെ 'സിന്ധു-സരസ്വതി നാഗരികത' എന്ന പേരിലാണ് അവതരിപ്പിച്ചിരിക്കുന്നത്. ദേശിയ വിദ്യാഭ്യാസനയത്തിന്‍റെ ആദ്യ സാമൂഹ്യ ശാസ്‌ത്ര പാഠപുസ്‌തമായ 'എക്‌സ്‌പ്ലോറിങ് സൊസൈറ്റി: ഇന്ത്യ ആൻഡ് ബീയോണ്ടി'ലാണ് പരാമർശം.
സരസ്വതി നദിയുടെ വരൾച്ചയാണ് ഹാരപ്പൻ നഗരങ്ങളുടെ തകർച്ചയ്ക്ക് പിന്നിലെ കാരണമെന്നാണ് എന്‍സിഇആര്‍ടി വെള്ളിയാഴ്‌ച (ജൂലൈ 19) പുറത്തിറക്കിയ പുസ്‌തകത്തിൽ പറയുന്നത്. ഈ നദി ഇന്ന് ഇന്ത്യയിൽ 'ഘഗ്ഗർ' എന്ന പേരിലും പാക്കിസ്ഥാനിൽ 'ഹക്ര' എന്ന പേരിലും അറിയപ്പെടുന്നതായും പുസ്‌തകത്തിൽ എഴുതിയിട്ടുണ്ട്. കൂടാതെ സരസ്വതി നദിയെപ്പറ്റിയുള്ള 'ഋഗ്വേദ'ത്തിലെ പരാമർശത്തെക്കുറിച്ചും പുസ്‌തകത്തിൽ പറയുന്നു.