തിരുവനന്തപുരം :കേരള എഞ്ചിനീയറിംഗ്, ആർക്കിടെക്‌ചർ, മെഡിക്കൽ പ്രവേശന പരീക്ഷ (കീം) 2024 ഫലം ഇന്ന് വന്നേക്കും. കേരള പ്രവേശന പരീക്ഷാ കമ്മീഷണറാണ് ഫലപ്രഖ്യാപനം നടത്തുക. കീം 2024-ൻ്റെ അന്തിമ ഉത്തരസൂചിക പ്രവേശന പരീക്ഷാ കമ്മീഷണറുടെ (CEE) ഔദ്യോഗിക വെബ്‌സൈറ്റില്‍ ഇതിനകം പ്രസിദ്ധീകരിച്ചിട്ടുണ്ട്.
ഫലം പ്രഖ്യാപിച്ചാല്‍, ലോഗിൻ ക്രെഡൻഷ്യലുകൾ ഉപയോഗിച്ച് ഓൺലൈനായി cee.kerala.gov.in-ൽ ആപ്ലിക്കേഷൻ നമ്പറും പാസ്‌വേഡും ഉപയോഗിച്ച് ആക്‌സസ് ചെയ്യാവുന്നതാണ്. കീം 2024 ചോദ്യപേപ്പറിന് നാല് മാർക്ക് വീതമുള്ള 120 ചോദ്യങ്ങളാണുണ്ടായിരുന്നത്. ഓരോ തെറ്റുത്തരത്തിനും ഒരു മാർക്ക് കുറയ്ക്കുകയും ചെയ്യും. സംസ്ഥാനത്ത് ഈ വര്‍ഷം മുതല്‍ കീം (KEAM) എഞ്ചിനീയറിങ്, ഫാര്‍മസി പ്രവേശന പരീക്ഷകള്‍ ഓണ്‍ലൈനായാണ് നടത്തുന്നത്.
സംസ്ഥാനത്തെ എല്ലാ ജില്ലകളിലുമായി 130 സര്‍ക്കാര്‍, 198 സ്വാശ്രയ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളിലെ പരീക്ഷാകേന്ദ്രങ്ങളിലും, ഡല്‍ഹിയിലെ രണ്ട് പരീക്ഷാകേന്ദ്രങ്ങളിലും, മുംബൈ, ദുബായ് എന്നിവിടങ്ങളിലെ ഓരോ ഇടങ്ങളിലുമായാണ് പരീക്ഷ നടന്നത്. ഈ വർഷത്തെ KEAM പരീക്ഷയിൽ ഒരു ലക്ഷത്തിലധികം വിദ്യാർഥികൾ പങ്കെടുത്തു. കേരളത്തിലെ പ്രവേശന പരീക്ഷാ കമ്മീഷണറുടെ കണക്കനുസരിച്ച്, KEAM 2024 ന് 1,13,447 വിദ്യാര്‍ഥികൾ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.