തിരുവനന്തപുരം: സംസ്ഥാന സ്‌കൂൾ കലോത്സവത്തിൻ്റെ 63-ാം എഡിഷന് നാളെ തിരശീല വീഴും. വൈകിട്ട് അഞ്ച് മണിക്ക് പ്രധാന വേദിയായ സെൻട്രൽ സ്റ്റേഡിയത്തിൽ നടക്കുന്ന സമാപന സമ്മേളനം പ്രതിപക്ഷ നേതാവ് വിഡി സതീശൻ ഉദ്ഘാടനം ചെയ്യും. സിനിമാ താരങ്ങളായ ആസിഫ് അലി, ടൊവിനോ തോമസ് എന്നിവർ ചടങ്ങിൽ മുഖ്യാതിഥികളാകും.
സമാപന ദിവസം ഉച്ചയ്ക്ക് രണ്ടരയ്ക്ക് മത്സരങ്ങൾ അവസാനിപ്പിക്കുന്ന തരത്തിലുള്ള ക്രമീകരണങ്ങളാണ് ഒരുക്കിയിട്ടുള്ളതെന്ന് പൊതു വിദ്യാഭ്യാസ മന്ത്രി വി ശിവൻകുട്ടി വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 3.30ന് അപ്പീലുകൾ തീർപ്പാക്കും. നാല് മണിക്ക് സ്വർണ കപ്പ് സെൻട്രൽ സ്‌റ്റേഡിയത്തിൽ എത്തിക്കും.
സമാപന സമ്മേളനത്തോടനുബന്ധിച്ച് നഗരത്തിൽ ഗതാഗത നിയന്ത്രണം ഉണ്ടായിരിക്കും. സെൻട്രൽ സ്റ്റേഡിയത്തിനുള്ളിലേക്ക് വിഐപി ഒഴികെയുള്ള വാഹനങ്ങൾക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. ഇതിനകം 1.25 ലക്ഷം പേർക്ക് ഭക്ഷണം നൽകാനായതായി മന്ത്രി അറിയിച്ചു.