ഹൈദരാബാദ്: ഈ മത്സര ലോകത്ത് എല്ലാ യോഗ്യതകളും ഉണ്ടെങ്കിലും ഇഷ്‌ടമുള്ള ജോലി നേടുക എന്നത് അത്ര എളുപ്പമല്ല. ചിലർക്ക് പഠിച്ചിറങ്ങുമ്പേള്‍ തന്നെ ജോലി കിട്ടും. എന്നാൽ ബാക്കിയുള്ളവർ നിരന്തരം പ്രയത്നിച്ച് ക്ഷമയോടെ കാത്തിരിക്കേണ്ടി വരും.
ഒരു ജോലി അന്വേഷിക്കുന്ന ഘട്ടത്തില്‍, നിരവധി ഉയർച്ച താഴ്‌ചകളും മറ്റ് ബുദ്ധിമുട്ടുകളും ഉണ്ടാകും. എല്ലാ യോഗ്യതകളും കഴിവുകളും ഉണ്ടായാലും ചിലര്‍ അറിയാതെ ചെയ്യുന്ന തെറ്റുകള്‍ കാരണവും ജോലി ലഭിക്കാതെ വരുന്നു. അവയെ എല്ലാം തരണം ചെയ്യാന്‍ ചില പൊടിക്കൈകള്‍ വിദഗ്‌ധർ മുന്നോട്ടു വയ്ക്കുന്നു.
റെസ്യൂമെ എപ്പോഴും കാലികമായിരിക്കണം. നിങ്ങളുടെ ബയോഡാറ്റ ഏത് അഭിമുഖത്തിന് അയച്ചാലും, ജോലി പ്രൊഫൈലുമായി പൊരുത്തപ്പെടുന്ന മാറ്റങ്ങളും കൂട്ടിച്ചേർക്കലുകളും വരുത്താൻ മറക്കരുത്. ജോലിക്ക് ഏറ്റവും പ്രസക്തമായ കാര്യങ്ങൾ ഹൈലൈറ്റ് ചെയ്യുക, അനുയോജ്യമല്ലാത്ത കാര്യങ്ങൾ നീക്കം ചെയ്യുക, അല്ലെങ്കിൽ അവയുടെ പ്രാധാന്യം കുറയ്‌ക്കുക എന്നിങ്ങനെയുള്ള മാറ്റങ്ങൾ നിങ്ങളുടെ ബയോഡാറ്റയിൽ വരുത്തുക. പക്ഷേ, പലരും ഒരു ബയോഡാറ്റ, എല്ലാ ജോലിക്കും അയച്ചുകൊടുക്കുന്നു. ആറ് മാസമോ ഒരു വർഷമോ കഴിഞ്ഞാലും ഇത് അപ്‌ഡേറ്റ് ചെയ്യുന്നില്ല. ഒരു നല്ല ജോലി നേടാനുള്ള നല്ലൊരു വഴിയാണ് റസ്യൂമെ കാലികമായി നിലനിർത്തുക എന്നത്.
സോഫ്റ്റ്‌വെയർ കമ്പനികളുടെ/മറ്റ് സ്ഥാപനങ്ങളുടെ കരിയർ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യുന്നത് ശീലമാക്കുക. താൽപ്പര്യമുള്ള കമ്പനികളെക്കുറിച്ച് ഓൺലൈനിൽ തിരയുന്നതിലൂടെയും അവരുടെ ഔദ്യോഗിക വെബ്‌സൈറ്റുകൾ പതിവായി പരിശോധിക്കുന്നതിലൂടെയും എല്ലായിടത്തും കരിയർ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യുന്നതിലൂടെയും, ആ കമ്പനികളിലെ ഏതെങ്കിലും ഒഴിവുകൾ ഉടൻ നിങ്ങളുടെ ഇൻബോക്‌സിൽ എത്തും. നിങ്ങളുടെ പ്രൊഫൈലുമായി പൊരുത്തപ്പെടുന്ന ജോലികൾക്കായി തൽക്ഷണം അപേക്ഷിക്കുന്നതിന് ഇത് നിങ്ങളെ സഹായിക്കും.