തിരുവനന്തപുരം :സംസ്ഥാനത്തെ എൽപി, യുപി, ഹൈസ്‌കൂൾ അധ്യാപക നിയമന യോഗ്യത പരീക്ഷയായ കേരള ടീച്ചർ എലിജിബിലിറ്റി ടെസ്‌റ്റ് (കെ–ടെറ്റ്) ജൂൺ 22, 23 തീയതികളിൽ നടത്തും. 4 കാറ്റഗറികളിലായാണ് പരീക്ഷ നടത്തുക. മെയ്-2 ആണ് അപേക്ഷ സമർപ്പിക്കേണ്ട അവസാന തീയതി. അപേക്ഷ സമർപ്പിച്ചവർക്ക് തിരുത്തലുകൾ വരുത്താൻ മെയ്-4 മുതൽ 7 വരെ അവസരമുണ്ട്. വിശദവിവരങ്ങളറിയാം.
പരീക്ഷ നാല് വിഭാഗങ്ങളിൽ :കാറ്റഗറി 1 - ലോവർ പ്രൈമറി, കാറ്റഗറി 2- അപ്പർ പ്രൈമറി, കാറ്റഗറി 3 - ഹൈസ്‌കൂൾ, കാറ്റഗറി 4- ഭാഷ അധ്യാപകർ–അറബി, ഹിന്ദി, സംസ്‌കൃതം, ഉറുദു (യുപി തലം വരെ). സ്പെഷലിസ്‌റ്റ് അധ്യാപകർ (ആർട് & ക്രാഫ്റ്റ്, കായിക അധ്യാപകർ) എന്നീ നാല് വിഭാഗങ്ങളിലാണ് പരീക്ഷ.
യോഗ്യത മാർക്ക് ഇങ്ങനെ :ജനറൽ കാറ്റഗറിക്ക് 60 ശതമാനവും (90 മാർക്ക്) എസ്‌സി/എസ്‌ടി/ഒബിസി/ഒഇസി വിഭാഗക്കാർക്ക് 55 ശതമാനവും (82 മാർക്ക്). ഭിന്നശേഷിക്കാർക്ക് 50 ശതമാനവും (75 മാർക്ക്) ആണ് യോഗ്യത മാർക്ക്. നെഗറ്റീവ് മാർക്ക് ഉണ്ടായിരിക്കില്ല. ഒരു തവണ കെ–ടെറ്റ് ജയിച്ചവർക്ക് വീണ്ടും അതേ കാറ്റഗറിയിൽ പരീക്ഷ എഴുതാൻ കഴിയില്ല.