തിരുവനന്തപുരം:ചടുലമായ ചുവടും ചുവടിനൊത്ത താളവുമായി വേദിയിൽ നിറഞ്ഞാടി പൂരക്കളി സംഘം. കഴിഞ്ഞ തവണ കലാകിരീടം സ്വന്തമാക്കിയ ആലത്തൂർ ഗവൺമെന്‍റ് ഹയർ സെക്കൻഡറി സ്‌കൂളാണ് ഇത്തവണ പൂരക്കളി മത്സരത്തിൽ ആദ്യമായി സ്‌റ്റേജിൽ കയറിയത്. വാമൊഴിയും തനിമയും ചുവടുകളും കൃത്യമായ ഐതിഹ്യപ്പെരുമയുമായാണ് ആലത്തൂരിന്‍റെ പൂരക്കളി സംഘം കലോത്സവ നഗരിയിലേക്ക് എത്തിയത്.
കണ്ണൂർ ജില്ലയിലെ പയ്യന്നൂർ സജി മാസ്‌റ്ററുടെ ശിക്ഷണത്തിൽ രണ്ടാം തവണയും പൂരക്കളി വേദിയിൽ കയറിയ കുട്ടികൾ മികച്ച പ്രകടനം കാഴ്‌ചവച്ചു. 11 വർഷമായി കലാകിരീടം ചൂടുന്ന ആലത്തൂർ എച്ച്എസ്എസ് പൂരക്കളിയിൽ ജൂൺ മാസമാണ് പരിശീലനം തുടങ്ങിയതെന്ന് വിദ്യാർഥികൾ പറഞ്ഞു. ഇത് 12ാം വർഷമാണ് കലോത്സവവേദിയിൽ എത്തുന്നതെന്നും അവർ വ്യക്തമാക്കി. ഇത്തവണയും വിജയിക്കുമെന്ന ആത്മവിശ്വാസത്തിലാണ് തങ്ങൾ എന്നും വിദ്യാർഥികൾ കൂട്ടിച്ചേർത്തു.
ഏകദേശം ആറുമാസത്തെ പരിശീലനത്തിനൊടുവിലാണ് ഇന്ന് (ജനുവരി 5) ഇവർ സ്‌റ്റേജിലേക്ക് എത്തിയത്. കലോത്സവത്തിന്‍റെ അവസാന കടമ്പയായ സംസ്ഥാന കലോത്സവത്തിൽ എത്തി നിൽക്കുമ്പോൾ വളരെയധികം സന്തോഷമാണ് അനുഭവപ്പെടുന്നതെന്നും വിദ്യാർഥികൾ പറഞ്ഞു. രാവു പകലും നന്നായി പരിശീലനം ചെയ്‌താണ് ഇന്ന് ഇവിടെ എത്തി നിൽക്കുന്നതെന്നും അവർ കൂട്ടിച്ചേർത്തു.