ഹൈദരാബാദ്: ഇന്ത്യാസ് ഗോട്ട് ലാറ്റന്‍റ് എന്ന ഷോയില്‍ മോശം പരാമർശം നടത്തിയ സംഭവത്തില്‍ യുട്യൂബർ രൺവീർ അല്ലാഹ്ബാദിയയെയും കൊമേഡിയൻ സമയ് റെയ്‌നയെയും സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തി മുംബൈ പൊലീസ്. വിഷയത്തിൽ ഇരുവരോടും വിശദീകരണം തേടി. അതേസമയം ഷോയില്‍ മുമ്പ് നടത്തിയ അശ്ലീല ചര്‍ച്ചയില്‍ ഗുവാഹത്തിയിൽ ഇവര്‍ക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ട്.
ഹാസ്യ പരിപാടിയായ ഇന്ത്യാസ് ഗോട്ട് ലാറ്റന്‍റില്‍ പങ്കെടുക്കാന്‍ എത്തിയവരില്‍ ഒരാളുടെ മാതാപിതാക്കളെക്കുറിച്ച് രൺവീർ അല്ലാഹ്ബാദിയ നടത്തിയ മോശം പരാമര്‍ശമാണ് വിവാദമായത്. സമയ് റെയ്‌ന, യുട്യൂബര്‍ ആശിഷ് ചഞ്ചലാനി, ഹാസ്യതാരം ജസ്‌പ്രീത് സിങ്, കണ്ടന്‍റ് ക്രിയേറ്റേര്‍ അപൂര്‍വ മുഖിജ എന്നിവര്‍ക്കൊപ്പമാണ് രണ്‍വീര്‍ ഷോയില്‍ പങ്കെടുക്കുന്നത്.
യുട്യൂബ് ഷോ നിരോധിക്കണമെന്നും മാതാപിതാക്കളെക്കുറിച്ചുള്ള മോശം ചോദ്യത്തിന് രൺവീർ ക്ഷമാപണം നടത്തണമെന്നും ആവശ്യപ്പെട്ട് സമൂഹമാധ്യമങ്ങളില്‍ വന്‍ ജനരോഷമാണ് ഉയര്‍ന്നത്.
നേരത്തെ, ഷോയുടെ എപ്പിസോഡുകളിലൊന്നിൽ അശ്ലീല ചർച്ച നടത്തിയതിന് ഗുവാഹത്തി പൊലീസ് കണ്ടന്‍റ് സ്രഷ്‌ടാക്കൾക്കെതിരെ എഫ്‌ഐആർ രജിസ്റ്റർ ചെയ്‌തിട്ടുണ്ടെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ്മ അറിയിച്ചു.